5000 റിയാൽ ഇല്ലാതെത്തന്നെ ഇന്ന് പുലർച്ചെ ഖത്തറിൽ സൗദി പ്രവാസികൾ പുറത്തിറങ്ങിയതായി റിപ്പോർട്ടുകൾ
ദോഹ: ഷോമണിയായി 5000 റിയാൽ കയ്യിലോ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലോ ഇല്ലാതെത്തന്നെ ഇന്ന് പുലർച്ചെ സൗദിയിലേക്കുള്ള യാത്രക്കാരായ പ്രവാസികൾ ദോഹ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയതായി റിപ്പോർട്ട്.
എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നലെ രാത്രി 11:30 നു കൊച്ചിയിൽ നിന്ന് പുറപ്പെട്ട തങ്ങളുടെ യാത്രക്കാർ ഖത്തർ സമയം ഇന്ന് പുലർച്ചെ 1:15 നു ദോഹയിൽ ഇറങ്ങിയതായും യാതൊരു ബുദ്ധിമുട്ടുകളും നേരിട്ടിട്ടില്ലെന്നും എടക്കര അൽ കാഫ് ട്രാവൽസ് റീജണൽ മാനേജർ റിയാബ് അറേബ്യൻ മലയാളിയോട് പറഞ്ഞു.
അതേ സമയം ഇന്ന് പുലർച്ചെ ഇറങ്ങിയ ആറു യാത്രക്കാരിൽ ഒരു യാത്രക്കാരനോട് മാത്രം എമിഗ്രേഷനിൽ ഷോമണി ചോദിച്ചിരുന്നു. അയാളുടെ കയ്യിൽ 5000 റിയാൽ തികയാതിരുന്നപ്പോൾ ഷോ മണി ചോദിച്ച ഉദ്യോഗസ്ഥൻ സമീപത്തുള്ള ഉദ്യോസ്ഥനുമായി ചർച്ച ചെയ്ത് എമിഗ്രേഷൻ അനുവദിക്കുകയും യാത്രക്കാരൻ പുറത്തിറങ്ങുകയും ചെയ്തു.
ഖത്തർ വിസിറ്റിംഗ് വിസ പുനരാരംഭിച്ച ശേഷം ഇത് വരെ 30 ഓളം പേർ തങ്ങളുടെ ട്രാവൽസിൽ നിന്നും പോയിട്ടുണ്ട്. ഒരാളും ഷോ മണി ഇല്ലാത്തത് കാരണം മടങ്ങിയിട്ടില്ല. അതേ സമയം ഷോ മണി സംബന്ധമായി ഇപ്പോഴും ഒരു അവ്യക്തത നില നിൽക്കുന്നതിനാൽ ഇനി ഖത്തറിലേക്ക് പോകുന്നവർ കയ്യിൽ കാശായോ കാർഡിലോ 5000 റിയാൽ കരുതുന്നതാണു ഉത്തമമെന്നും റിയാബ് സൂചിപ്പിച്ചു.
ഇന്നലെ 5000 റിയാൽ ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയവർ യാത്ര ചെയ്ത അതേ വിമാനത്തിൽ തൻ്റെ മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നുവെന്നും അവർക്ക് 5000 റിയാലിൻ്റെ പ്രശ്നം ഉണ്ടായിട്ടില്ലെന്നും റിട്ടേൺ ടിക്കറ്റും ഹോട്ടൽ ബുക്കിംഗും മാത്രം കാണിച്ച് പുറത്തിറങ്ങാൻ സാധിച്ചുവെന്നും തങ്ങളുടെ കീഴിൽ പോയ ഒരാൾക്കും ഇത് വരെ ഷോമണിയുടെ പ്രശ്നം ഉണ്ടായിട്ടില്ലെന്നും ട്രാൻസ് വേൾഡ് ട്രാവൽ കൺസൽട്ടൻ്റ് മുഹമ്മദ് ഷബീറും അറേബ്യൻ മലയാളിയോട് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa