Sunday, November 24, 2024
Saudi ArabiaTop Stories

നാല് ഡോസ് വാക്സിനെടുക്കേണ്ട ഗതികേടിൽ നിരവധി സൗദി പ്രവാസികൾ

ജിദ്ദ: തവക്കൽനായി ഇമ്യൂൺ ആകുന്നതിനുള്ള ശ്രമത്തിനിടെ ആവർത്തിച്ച് നൽകിയ അപേക്ഷകൾ തള്ളി ഇനിയും ഇമ്യൂൺ ആകാൻ അപേക്ഷിക്കാൻ സാധിക്കാത്ത വിധം ബ്ളോക്ക് ചെയ്യപ്പെട്ട നിരവധി സൗദി പ്രവാസികളാണുള്ളത്.

പലരും നാട്ടിൽ തന്നെ പ്രശ്ന പരിഹാരം പ്രതീക്ഷിച്ച് കഴിയുന്നതിനിടയിൽ അടിയന്തിരമായി സൗദിയിലേക്ക് പറക്കേണ്ടവർ പലരും ഇതിനകം സൗദിയിലേക്ക് ക്വാറൻ്റീൻ പാക്കേജിൽ പോകാനുള്ള ഒരുക്കത്തിൽ മറ്റു പല രാജ്യങ്ങളിലും 14 ദിവസത്തെ താമസം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു.പലരും ക്വാറൻ്റീൻ പാക്കേജിൽ സൗദിയിൽ പ്രവേശിക്കുകയും ചെയ്തു.

ബ്ളോക്ക് ചെയ്യപ്പെട്ടവർ 937 ൽ ബന്ധപ്പെടുംബോൾ 937@moh.gov.sa യിലേക്ക് ഇമെയിൽ അയക്കാനും അങ്ങനെ ഇമെയിൽ അയച്ചാൽ 937 ൽ ബന്ധപ്പെടാനുമുള്ള വിചിത്ര മറുപടിയാണ് ലഭിക്കുന്നതെന്ന വിവരം പലരും അറേബ്യൻ മലയാളിയോട് പങ്ക് വെച്ചു.

അതേ സമയം ആരോഗ്യ മന്ത്രാലയം ബ്ളോക്ക് നീക്കാതിരിക്കുകയും ഇനിയും ഇമ്യൂൺ ആക്കുന്നതിനായി ബ്ളോക്ക് ചെയ്യപ്പെട്ടവർക്ക് അപേക്ഷിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താൽ പ്രവാസികൾ പലരും നാലു ഡോസ് വാക്സിൻ എടുക്കേണ്ട ഗതികേടിലേക്കെത്തും.

നിലവിൽ നാട്ടിൽ നിന്ന് എടുത്ത രണ്ട് ഡോസ് വാക്സിൻ ഡീറ്റെയിൽസ് സൗദി അരോഗ്യ മന്ത്രാലയത്തിൽ അപ് ഡേറ്റ് ചെയ്യാൻ സാധിക്കാത്തത് കാരണം സൗദിയിലെത്തിയ ശേഷം വീണ്ടും വാക്സിൻ എടുത്ത പ്രവാസികൾ ഇപ്പോൾ തന്നെ ധാരാളം ഉണ്ട്. തവക്കൽനായി ഇമ്യൂൺ ആകാതിരുന്നാൽ ആഗസ്ത് ആദ്യം മുതൽ പുറത്ത് പോകുന്നതിനും മറ്റും വലിയ പ്രയാസമാണു വരാൻ പോകുന്നത് എന്നതാണു ഇവരെ ഒരു ഡോസ് കൂടെ സൗദിയിൽ നിന്നും എടുക്കാൻ പ്രേരിപ്പിച്ചത്.

വൈകാതെ സൗദിയിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കുമെന്ന സൂചനയാണു ആരോഗ്യ മന്ത്രാലയത്തിൻ്റെ സമീപ ദിനങ്ങളീലെ പ്രസ്താവനയിൽ നിന്ന് മനസ്സിലാകുന്നത്. അങ്ങനെ വന്നാൽ മുകളിൽ പരാമർശിച്ചവർ വീണ്ടും ഒരു ഡോസ് കൂടെ സ്വീകരിക്കൽ നിർബന്ധിതരാകും.

അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിൻ്റെ ബ്ളോക്ക് നീക്കിയില്ലെങ്കിൽ നിലവിൽ നാട്ടിലുള്ളവരും 50,000 ത്തിലധികം രൂപ ക്വാറൻ്റീനായി നൽകേണ്ട അവസ്ഥയാണുള്ളത്. അവരും ഇനി സൗദിയിലെത്തിയ ശേഷം വീണ്ടും രണ്ട് ഡോസ് വാക്സിൻ എടുക്കേണ്ടതായും വരും.

ചുരുക്കത്തിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ ബ്ളോക്ക് നീക്കി വീണ്ടും ഇമ്യൂൺ ആകുന്നതിനു അപേക്ഷിക്കാനായി അവസരം ഒരുങ്ങിയില്ലെങ്കിൽ ഇമ്യൂൺ ആകാനായി നാട്ടിൽ നിന്നും എടുത്ത രണ്ട് ഡോസിനു പുറമെ സൗദിയിൽ നിന്ന് രണ്ട് ഡോസും കൂടി എടുക്കേണ്ട അവസ്ഥ നിരവധി പേർക്കാണുള്ളത്. അതിനു പുറമെ ക്വാറൻ്റീനായി മുടക്കേണ്ട 50,000 ത്തിലധികം രൂപയുടെ അധിക ചിലവും.

ഏതായാലും പ്രവാസികൾ അനുഭവിക്കുന്ന ഏറെ വെല്ലു വിളി നിറഞ്ഞ ഈ വിഷയത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. അതോടൊപ്പം എംബസിയിൽ പ്രസ്തുത വിഷയത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനു മലയാളി പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്