Sunday, November 24, 2024
QatarSaudi ArabiaTop Stories

ഖത്തർ വഴി സൗദിയിലേക്ക് പോകുന്ന പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: ഇല്ലെങ്കിൽ മറ്റു പ്രവാസികളുടെ സൗദി യാത്ര കൂടി മുടങ്ങിയേക്കും

ദോഹ: ഖത്തർ വിസിറ്റിംഗ് വിസാ നടപടികൾ ഉദാരമാക്കിയതോടെ ഖത്തർ വഴി സൗദിയിലേക്ക് പറക്കാനൊരുങ്ങുന്ന പ്രവാസികൾ നിരവധിയാണ്.

ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ എത്തുന്നവർ മുൻ കൂർ അനുമതിക്കായി അപേക്ഷിക്കേണ്ട ഇഹ് തിറാസ് സൈറ്റിൽ അപേക്ഷിച്ച ചിലർക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ബുക്കിംഗ് ആവശ്യപ്പെട്ട് നോട്ടിഫിക്കേഷൻ വന്നെങ്കിലും ഇപ്പോൾ സാധാരണ ഹോട്ടൽ ബുക്കിംഗ് വൗച്ചർ വഴി തന്നെ അനുമതി ലഭിക്കുന്നത് ഏറെ ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നിരവധി പേർക്ക് അപ്രൂവൽ ലഭിച്ചതായി അറേബ്യൻ മലയാളിയെ നേരിട്ട് അറിയിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തിൽ സൗദിയിലേക്ക് പോകുന്ന പ്രവാസികൾ ഖത്തറിലേക്ക് പറക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് ഇനി തങ്ങളുടെ പിറകിൽ വരാനിരിക്കുന്ന പ്രവാസികൾക്ക് കൂടി ഉപകാരമാകും. കുറുക്കു വഴികൾ സ്വീകരിച്ചാൽ അത് മറ്റു പ്രവാസികൾക്ക് കൂടി തിരിച്ചടിയാകുകയും ചെയ്യും. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണു ഖത്തറിലേക്ക് പറക്കുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ടത്.

ആറ് മാസം വാലിഡിറ്റി ഉള്ള പാസ്പോർട്ട് ആയിരിക്കണം കയ്യിലുണ്ടായിരിക്കേണ്ടത്. ഖത്തർ അംഗീകരിച്ച വാക്സിൻ സെക്കൻഡ് ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞായിരിക്കണം ഖത്തറിലേക്ക് പറക്കേണ്ടത്.

ഖത്തറിലേക്ക് പോകുന്നതിൻ്റെ 12 മണിക്കൂർ മുംബെങ്കിലും ehteraz സൈറ്റിൽ https://ehteraz.gov.qa/PER/loginPage?language=en എന്ന ലിങ്ക് വഴി അപേക്ഷിച്ച് അപ്രൂവൽ നേടിയിരിക്കണം. സൈറ്റിൽ പുതുതായി പ്രവേശിക്കുന്നവർ സൈറ്റിൽ കാണുന്ന new user registration ക്ലിക്ക് ചെയ്ത് പുതിയ അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്.

ehteraz സൈറ്റിൽ അപ്രൂവൽ ലഭിക്കാനായി സന്ദർശകർ പാസ്പോർട്ട് കോപ്പി, ടിക്കറ്റ് കോപ്പി, പി സി ആർ നെഗറ്റീവ് റിസൽറ്റ്, ഫൈനൽ വാക്സിൻ സർട്ടിഫിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് വൗച്ചർ എന്നിവ അപ് ലോഡ് ചെയ്താണു അപേക്ഷിക്കേണ്ടത്. വിസ നംബർ നൽകാനുള്ള കോളം പൂരിപ്പിക്കാതെ അപേക്ഷിച്ചാൽ മതി.

അപ്രൂവൽ ലഭിച്ചാൽ അപ്രൂവലിൻ്റെ പി ഡി എഫ് കോപ്പി കയ്യിൽ കരുതി റിട്ടേൺ ഡമ്മി ടിക്കറ്റോ സൗദിയിലേക്കുള്ള ടിക്കറ്റോ കയ്യിൽ കരുതി യാത്ര പുറപ്പെടാം. അതേ സമയം യാത്ര ആരംഭിക്കുന്നതിനു മുംബ് ചില പ്രധാന കാര്യങ്ങൾ കൂടി പ്രവാസികൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വന്തമായി യാത്ര ചെയ്യുകയാണെങ്കിലും ട്രാവൽ ഏജൻസികൾ വഴിയാണു യാത്ര ചെയ്യുന്നതെങ്കിലും നാട്ടിൽ നിന്നും ഇഹ്തിറാസിൽ ബുക്ക് ചെയ്ത ഹോട്ടലിൽ തന്നെയാാണു ദോഹയിൽ പുറത്തിറങ്ങിയ ശേഷവും 14 ദിവസം താമസിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

കാരണം എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പലരും നേരത്തെയുള്ള ഹോട്ടൽ ബുക്കിംഗ് കാൻസൽ ചെയ്ത് ഫ്ളാറ്റുകളിലേക്കോ സുഹൃത്തുക്കളുടെ സമീപത്തേക്കോ പോകുന്നതായി കാണുന്നുണ്ട്. സ്വന്തം നിലക്ക് പോകുന്നവർക്ക് പുറമെ ചില ട്രാവൽ ഏജൻസികൾ പോലും അത്തരത്തിൽ ഫെയ്ക്ക് ബുക്കിംഗ് നടത്തി പിന്നീട് കാൻസൽ നടത്തുന്നതായി റിപ്പോർട്ടുണ്ട്.

ഇങ്ങനെ ഫെയ്ക്ക് ബുക്കിംഗ് നടത്തി ദോഹയിൽ പുറത്തിറങ്ങിയ ശേഷം ബുക്കിംഗ് കാൻസൽ ചെയ്യുന്നത് പല നിലക്കും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണു അറിയാൻ സാധിച്ചത്. ഓൺ അറൈവലിൽ എത്തിയ ഒരാൾക്ക് നിർഭാഗ്യവശാൽ എയർപോർട്ടിലെ ടെസ്റ്റിൽ കൊറോണ പോസിറ്റീവ് ആകുകയും പിന്നീട് അധികൃതർ അയാളെ ഇഹ് തിറാസ് രേഖകളിൽ കാണിച്ച ഹോട്ടലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അയാൾ പ്രസ്തുത ഹോട്ടലിൽ ചെന്നതായിട്ടുള്ള രേഖകൾ പോലും ഇല്ലാതിരുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നും കേൾക്കുന്നുണ്ട്. ഇങ്ങനെ ചെറിയ ലാഭത്തിനു ഫെയ്ക്ക് ബുക്കിംഗ് നടത്തുന്നത് വഴി ഇനി വരാനുള്ള പ്രവാസികളുടെ കൂടെ യാത്രക്ക് കൂടുതൽ നിബന്ധനകൾ ബാധകമാകേണ്ട അവസ്ഥയാണുള്ളത്. അത് കൊണ്ട് തന്നെ ദോഹയിലെത്തിയാൽ മാറാത്ത ഹോട്ടൽ ബുക്കിംഗ് ആയിരിക്കണം ഇഹ്തിറാസിൽ അപേക്ഷിക്കുംബോഴും എടുക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഖത്തറിൽ ഓൺ അറൈവലിൽ പോകുന്നവർക്ക് 5000 റിയാൽ കയ്യിൽ കരുതുകയോ ക്രെഡിറ്റ്കാർഡ്/ഡെബിറ്റ് കാർഡ് എന്നിവയിൽ പ്രസ്തുത തുക ഉണ്ടായിരിക്കുകയോ ചെയ്യേണ്ടതുണ്ട് എന്ന നിയമം ചിലപ്പോൾ പരിശോധനകളിൽ വിനയായേക്കുമെന്നാണു റിപ്പോർട്ടുകൾ. അത് കൊണ്ട് യാത്രക്കാർ 5000 റിയാലോ തതുല്യ തുകക്കുള്ള ഡോളറോ കയ്യിൽ കരുതുകയോ അല്ലെങ്കിൽ അത്രയും പണം നിക്ഷേപിച്ച ബാങ്കിൻ്റെ കാർഡ് എ ടി എം ലാസ്റ്റ് പ്രിൻ്റൗട്ട് സഹിതം കയ്യിൽ കരുതുകയോ ചെയ്യുന്നത് നന്നായിരിക്കും എന്നാണു ട്രാവൽ മേഖലയിലുള്ളവർ അറേബ്യൻ മലയാളിയെ അറിയിച്ചിട്ടുള്ളത്.

മറ്റൊരു പ്രധാന സംഗതി ഖത്തറിൽ ഇറങ്ങിയ ശേഹം ഇഹ് തിറാസ് ആപ് ആക്റ്റിവേറ്റ് ചെയ്യുക എന്നതാണ്. സന്ദര്ശകര്ക്ക് പാസ്പോർട്ട് നമ്പറോ വിസ നമ്പറോ ഉപയോഗിച്ച് ഖത്തറിലെ സിം വഴി ദോഹ എയർപോർട്ടിലിറങ്ങിയ ശേഷം ആപ് ആക്റ്റീവ് ചെയ്യാൻ സാധിക്കും. ഇതിനു ഖത്തർ സിം നാട്ടിലെ എയർപോർട്ടുകളിൽ നിന്ന് തന്നെ 30 ഖത്തർ റിയാലോ 500 ഇന്ത്യൻ രൂപയോ കൊടുത്താൽ ലഭിക്കുമെന്നാണു അറിയാൻ സാധിച്ചത്.

സൗദിയിലെ തവക്കൽനാ പോലെത്തന്നെ ഇഹ്തിറാസ് ആപിലും ഗ്രീൻ കളർ വരലാണു മുഖ്യം. https://play.google.com/store/apps/details?id=com.moi.covid19&hl=en_IN&gl=US എന്ന ലിങ്ക് വഴി ഇഹ്തിറാസ് ആപ് നാട്ടിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആപ്പിൽ ഗ്രീൻ കോഡ് കാണിക്കാതെ പുറത്തിറങ്ങുന്നത് പരിശോധനയിൽ പിടിക്കപ്പെട്ടാൽ പിഴക്ക് പുറമെ ഭാവിയിൽ മറ്റു വിസിറ്റിങ് വിസക്കാർക്ക് നിയന്ത്രണം ശക്തമാക്കാനും കാരണമായേക്കും. അത് കൊണ്ട് തന്നെ ഗ്രീൻ കോഡ് ഉറപ്പ് വരുത്തുക.

ഇത്രയുമാണ് പ്രധാനമായും ഖത്തർ വഴി പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . അതോടൊപ്പം ഏതെങ്കിലും സാഹചര്യത്തിൽ നാട്ടിൽ നിന്ന് ബുക്ക് ചെയ്ത ശേഷം പോകാൻ സാധിക്കാതെ വന്നാൽ തുക മടക്കിത്തരുന്ന റീഫണ്ടബിൾ പാക്കേജ് ഓഫർ ചെയ്യുന്ന ട്രാവൽസുകളുടെ പാക്കേജുകൾ എടുക്കുന്നതാകും പ്രവാസികൾക്ക് നല്ലത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്