അപകടത്തിൽപ്പെട്ടപ്പോൾ കഫീൽ ഹുറൂബാക്കി; സുമനസ്സുകളുടെ സഹായത്താൽ പ്രവാസി നാടണഞ്ഞു
ദമ്മാം: ഒരു വാഹനാപകടം കാരണം ദുരിതത്തിലായ പ്രവാസജീവിതത്തിൽ നിന്നും ഒടുവിൽ സുമനസ്സുകളുടെ സഹായത്താൽ പ്രവാസിക്ക് മോചനം.
ഒരു വാഹനാപകടമായിരുന്നു തെലുങ്കാന ഗോവിന്ദരം സ്വദേശിയായ ബുയ്യ ശങ്കറിന്റെ പ്രവാസജീവിതത്തെ ദുരിതത്തിലാക്കിയത്.
ദമാമിലെ ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്ന ശങ്കറിന്, ജോലിയ്ക്ക് പോകുന്ന വഴിയ്ക്ക് ബസ്സ് അപകടത്തിൽപ്പെട്ട് കാലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
മൂന്നു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും, നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാൽ ജോലിക്ക് പോകാൻ സാധിക്കാത്ത ശങ്കറിനെ സ്പോൺസർ രഹസ്യമായി ഹുറൂബാക്കി.
അതോടെ നാട്ടിലേയ്ക്ക് മടങ്ങാനും കഴിയാതെ ശങ്കർ പ്രയാസത്തിലായി. സഹായത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും, നിയമക്കുരുക്കുകൾ അഴിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അതേ സമയം ദമാമിൽ ഒരു സ്ഥാപനം നടത്തുന്ന മുജീബ് എന്ന പ്രവാസി സുഹൃത്ത് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവർത്തകൻ പദ്മനാഭൻ മണിക്കുട്ടനെ അറിയിച്ചു സഹായം അഭ്യർത്ഥിച്ചു. മണിക്കുട്ടനും, നവയുഗം ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനും കൂടി മുജീബിനെയും കൂട്ടി ശങ്കറിനെ സന്ദർശിച്ചു, വിശദമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി, മെഡിക്കൽ റിപ്പോർട്ടുകൾ വാങ്ങി. ഇന്ത്യൻ എംബസ്സിയിലും വിഷയം റിപ്പോർട്ട് ചെയ്തു.
പിന്നീട് ഷിഫാ ആശുപത്രിയുടെയും, മുജീബ്, മുഹമ്മദ് എന്നിവരുടെയും സഹായത്തോടെ വീൽ ചെയറിൽ ശങ്കറിനെ തർഹീലിൽ എത്തിച്ചു, എംബസ്സി വോളന്റീർ വെങ്കടേഷിന്റെ സഹായത്തോടെ എക്സിറ്റ് അടിച്ചു വാങ്ങി. കമ്പനിയിലെ ശങ്കറിന്റെ സുഹൃത്തുക്കൾ പിരിവെടുത്ത് ശങ്കറിന് വീൽചെയർ വിമാനടിക്കറ്റ് നൽകുകയായിരുന്നു
തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു ശങ്കർ നാട്ടിലേയ്ക്ക് യാത്രയായി .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa