നിലവിൽ പ്രവാസികൾ സൗദിയിലേക്ക് യാത്ര ചെയ്യുന്നത് ഈ രാജ്യങ്ങൾ വഴി; പാക്കേജ് നിരക്കുകളും ഈ രാജ്യങ്ങൾ വഴി യാത്ര ചെയ്യുന്നതിൻ്റെ ഗുണങ്ങളും ദോഷങ്ങളും അറിയാം
നേരിട്ടുള്ള വിമാന യാത്രാ വിലക്ക് നിലവിലുള്ളതിനാൽ പ്രവാസികൾ സൗദിയിലേക്ക് മടങ്ങുന്നതിനായി കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ രാജ്യങ്ങളെയാണു ആശ്രയിക്കുന്നത്. നേരത്തെ യു എ ഇയും നേപ്പാളും ബഹ്രൈനും ഒമാനും എത്യോപ്യയും ആയിരുന്നു പ്രവാസികൾ സൗദിയിലേക്ക് മടങ്ങാൻ പ്രധാനമായും ആശ്രയിച്ചിരുന്നതെങ്കിലും പിന്നീട് വിവിധ നിയന്ത്രണങ്ങൾ കാരണം അത് വഴിയുള്ള യാത്രകൾ മുടങ്ങിയിട്ടുണ്ട്.
അതേ സമയം നിലവിൽ നിയന്ത്രണങ്ങളില്ലാത്ത മറ്റു പല രാജ്യങ്ങൾ വഴിയും സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അവ ഏതെല്ലാമെന്ന് പരിചയപ്പെടാം.
ഖത്തർ: ഇപ്പോൾ കൂടുതൽ പ്രവാസികളും സൗദിയിലേക്ക് പോകാൻ ആശ്രയിക്കുന്ന ഒരു രാജ്യം ഖത്തറാണ്. ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ വേണമെന്നത് സാധാരണയിലുള്ളതിനേക്കാൾ അല്പം ചിലവ് വർദ്ധിപ്പിക്കും. അതോടൊപ്പം ഷോമണിയായി 5000 ഖത്തർ റിയാലും കരുതേണ്ടതുണ്ട്. സാധാരണയായി 1.40 ലക്ഷത്തിൽ താഴെ ചിലവ് വരും. ചില സമയങ്ങളിൽ വളരെ കുറഞ്ഞ നിരക്കിലും ലഭിക്കും.
അതേ സമയം ഡിസ്കവർ ഖത്തർ വഴി തിരഞ്ഞെടുത്ത ക്വാറൻ്റീൻ പാക്കേജാണെന്നതിനാൽ താമസ സ്ഥലത്തിൻ്റെ അസൗകര്യങ്ങളോ ഭക്ഷണ കാര്യത്തിൽ പ്രയാസമോ ഒന്നും നേരിടേണ്ടി വരില്ല. അതോടൊപ്പം കര മാർഗം സൗദിയിൽ ചുരുങ്ങിയ നിരക്കിൽ എത്തിച്ചേരാൻ സാധിക്കുമെന്നതും ഗുണകരമാണ്.
മാലിദ്വീപ്: മാലിദ്വീപ് വഴിയും സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം ഏറെയാണ്. ഖത്തർ വഴി ചെറിയ കുട്ടികൾക്ക് വിസിറ്റിംഗ് ലഭിക്കില്ലെന്നതിനാൽ നിരവധി ഫാമിലികളും പ്രധാനമായും മാലിദ്വീപ് വഴി മടങ്ങുന്നുണ്ട്. നല്ല റിസോർട്ടുകൾ വഴിയാണെങ്കിൽ ശരാശാരി 1.5 ലക്ഷം ചിലവ് വരും. അതിലും കുറഞ്ഞ പാക്കേജുകളും ഉണ്ട്.
അതേ സമയം മാലിദ്വീപ് പാക്കേജുകൾ തിരഞ്ഞെടുക്കുന്ന സമയം വളരെ സൂക്ഷിക്കേണ്ടതുണ്ട്. ചില ട്രാവൽ ഏജൻസികൾ അംഗീകൃത റിസോർട്ടുകൾ ബുക്ക് ചെയ്യാതെ കൊള്ള ലാഭമുണ്ടാക്കാനായി ലോക്കൽ അപാർട്ട്മെൻ്റുകൾ കണ്ടെത്തുകയും വ്യാജ റിസോർട്ട് ബുക്കിംഗ് വൗച്ചർ നൽകി പ്രവാസികളെ വഞ്ചിക്കുകയും പ്രയാസത്തിലാക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും രീതിയിൽ പ്രയാസം അനുഭവപ്പെട്ടാൽ നൽകിയ പണം മുഴുവൻ തിരികെ തരുമെന്ന ഉറപ്പ് നൽകുന്ന ട്രാവൽ ഏജൻസികൾ വഴി മാത്രമേ നിലവിലെ മാലിദ്വീപ് പാക്കേജ് തിരഞ്ഞെടുക്കാവൂ എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
സെർബിയ: സെർബിയ വഴിയുള്ള സൗദി യാത്രയും പ്രയാസം ഇല്ലാത്തതാണെന്നാണു അനുഭങ്ങൾ. ഫാമിലികൾ വരെ സെർബിയ വഴി മടങ്ങുന്നുണ്ട്. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയാണ്. ഒരു യൂറോപ്യൻ അനുഭവവുമാകും. 1.35 ലക്ഷം മുതൽ പാക്കേജുകൾ ഉണ്ട്.
സെർബിയ വഴി ചാർട്ടേഡ് ഫ്ളൈറ്റുകൾ ബുക്ക് ചെയ്ത് സർവീസ് നടത്തുന്ന ചില ട്രാവൽ ഏജൻസികൾ നേരത്തെ പ്രവാസികളെ ലോക്കൽ ഹോട്ടൽ ബുക്കിംഗ് നടത്തി പ്രയാസത്തിലാക്കിയിരുന്നു. അമിത ലാഭക്കൊതിയായിരുന്നു അവിടെയും വില്ലനായത്. അത് കൊണ്ട് സെർബിയ പാക്കേജ് ബുക്ക് ചെയ്യൂംബോഴും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ 100 ശതമാനം മണി ബാക്ക് ഗ്യാരണ്ടി ട്രാവൽസുകാരിൽ നിന്ന് ഉറപ്പ് വരുത്തണം.
താൻസാനിയ: കിഴക്കനാഫ്രിക്കൻ രാജ്യമായ താൻസാനിയ സൗദിയിലേക്ക് മടങ്ങാൻ പ്രല പ്രവാസികളും ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെ നല്ല സാഹചര്യമാണെന്നാണു അത് വഴി പോയവർ അറേബ്യൻ മലയാളിയെ അറിയിച്ചിട്ടുള്ളത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്ന രാജ്യം കൂടിയാണ്. ഫാമിലികൾക്കും മടങ്ങാൻ സാധിക്കും. ശരാശരി 1.40 ലക്ഷം മുതൽ ഫുൾ പാക്കേജിനു ചിലവ് വരും.
ഏതൊരു പാക്കേജുകൾക്കുമെന്ന പോലെ ഓഫർ ചെയ്ത സൗകര്യങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്ന ഉറപ്പ് താൻസാനിയ വഴി മടങ്ങുന്നവരും ട്രാവൽ ഏജൻസികളിൽ നിന്ന് കരസ്ഥമാക്കേണ്ടതുണ്ട്.
ഉസ്ബെകിസ്ഥാൻ, അർമേനിയ: ഉസ്ബെകിസ്ഥാൻ വഴിയും അർമേനിയ വഴിയും പാക്കേജുകൾ ഒരുക്കുന്നവരുണ്ട്. എന്നാൽ ഇപ്പോൾ ഈ രണ്ട് രാജ്യങ്ങൾ വഴിയുള്ള പാക്കേജുകൾ പലതും സൗദിയിലേക്കുള്ള വിമാന ലഭ്യതക്കുറവ് കാരണം പലരും ഒഴിവാക്കുന്നുണ്ടെന്നാണറിഞ്ഞത്. അത് കൊണ്ട് ആരെങ്കിലും പാക്കേജുകൾ ഓഫർ ചെയ്യുകയാണെങ്കിൽ നൂറു ശതമാനം സർവീസ് കൃത്യതതയും താമസ ഭക്ഷണ സൗകര്യങ്ങളും ഉറപ്പ് വരുത്തി മാത്രം പണം നൽകുക. ചാർട്ടേഡ് ഫ്ളൈറ്റുകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
മുകളിൽ പരാമർശിച്ച രാജ്യങ്ങൾക്കൊപ്പം നിലവിൽ സൗദി യാത്രാ വിലക്കേർപ്പെടുത്താത്ത ഏത് രാജ്യങ്ങൾ വഴിയും സൗദിയിലേക്ക് മടങ്ങാമെന്നതും അതേ സമയം വിമാനങ്ങളുടെ ലഭ്യതയും സുരക്ഷയും താമസവും ചിലവും എല്ലാം പരിഗണിച്ചായിരിക്കണം യാത്രക്കൊരുങ്ങേണ്ടതെന്നും പ്രത്യേകം ഓർക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa