Thursday, November 28, 2024
Saudi ArabiaTop Stories

ഇനി തുറക്കാനുള്ളത് സൗദിയുടെ കവാടം മാത്രം; ശുഭവാർത്ത കേൾക്കാനായി കാത്തിരിക്കുന്നത് പതിനായിരങ്ങൾ

ഒമാനും അതിർത്തി തുറക്കുന്നതായി പ്രഖ്യാപിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ ഇനി ഇന്ത്യക്കാർക്ക് നേരിട്ട് പോകാൻ സാധിക്കാത്ത ഏക രാജ്യം സൗദി അറേബ്യ മാത്രമായി മാറിയിരിക്കുകയാണ്.

സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയവരും സൗദിയിൽ നിലവിലുള്ളവരുമായ ആയിരക്കണക്കിനു പ്രവാസികൾ സൗദിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്ന വാർത്തയും പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഒമാനും അതിർത്തി തുറക്കുന്നതായി പ്രഖ്യാപിച്ചത്.

അതേ സമയം പുതിയ ഡെൽറ്റ വൈറസിൻ്റെ വ്യാപനം സൗദിയിലും ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിക്കുന്നതിനിടെ എന്ന് തുറക്കുമെന്നതിനെക്കുറിച്ച് ഒരു സൂചനയും പറയാൻ പറ്റാത്ത സാഹചര്യവുമാണുള്ളത്.

എങ്കിലും സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലും വാക്സിനേഷൻ വലിയ തോതിൽ തന്നെ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ശുഭ വാർത്ത വൈകാതെ കേൾക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

ഇഖാമ, റി എൻട്രി കാലാവധികൾ അവസാനിക്കാനായവരും പെട്ടെന്ന് മടങ്ങിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നുള്ളവരുമെല്ലാം ഇപ്പോൾ ഖത്തർ, മാലിദ്വീപ്, താൻസാനിയ, സെർബിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലൂടെ മടങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.

എന്നാൽ പെട്ടെന്ന് മടങ്ങേണ്ട ആവശ്യമില്ലാത്ത പലരും നേരിട്ട് സർവീസ് ആരംഭിക്കുന്നത് വരെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ചെലവ് കുറഞ്ഞ രാജ്യങ്ങൾ വഴി യാത്ര സാധ്യമാകുന്നത് വരെയോ യാത്ര മാറ്റി വെക്കുന്നുമുണ്ട്.

ഏതായാലും സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ഇത് വരെ യാത്രകൾ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമൊന്നും വരാത്തതിനാൽ പെട്ടെന്ന് മടങ്ങേണ്ടവർ മറ്റു രാജ്യങ്ങളിലൂടെയുള്ള യാത്രകൾ തുടരുന്നത് തന്നെയായിരിക്കും ബുദ്ധി.

അതേ സമയം യാത്ര മാറ്റി വെക്കുന്നത് കൊണ്ട് ജോലി പ്രശ്നമില്ലാത്തവർക്കും ഇഖാമ റി എൻട്രി എന്നിവ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിൽ ഉൾപ്പെട്ടില്ലെങ്കിൽ പോലും കഫീലുമാർ പുതുക്കാൻ സഹായിക്കുമെന്ന് ഉറപ്പുള്ളവർക്കുമെല്ലാം ഇനിയും കാത്തിരിക്കുകയും ചെയ്യാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്