നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്ക് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപനം ഇനിയും വന്നില്ല; പ്രവാസികൾക്ക് മുമ്പിൽ കുറഞ്ഞ നിരക്കിൽ മറ്റു മാർഗങ്ങൾ തുറക്കുന്നു
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നാട്ടിൽ നിന്ന് വാക്സിനെടുത്തവർക്കും സൗദിയിലേക്ക് നേരിട്ട് പോകാനുള്ള അനുമതിയുണ്ടാകുമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് വിരാമമമായതോടെ ചുരുങ്ങിയ നിരക്കിൽ മറ്റു രാജ്യങ്ങളിലൂടെ സൗദിയിലെത്താനുള്ള ശ്രമത്തിലാണിപ്പോൾ പ്രവാസികൾ.
ഒരു പക്ഷേ സമീപ കാലത്ത് തന്നെ സൗദിയിലേക്കുള്ള വിലക്ക് നീങ്ങി വാക്സിനെടുത്തവർക്കെല്ലാം നേരിട്ട് സൗദിയിലേക്ക് പ്രവേശനത്തിനു വഴിയൊരുങ്ങാൻ സാധ്യത ഏറെയാണെങ്കിലും അത് എന്നായിരിക്കുമെന്ന വ്യക്തത ലഭിക്കാത്തതിനാൽ പെട്ടെന്ന് സൗദിയിലെത്തേണ്ടവരാണിപ്പോൾ മറ്റു രാജ്യങ്ങൾ വഴി മടങ്ങുന്നവരിൽ അധികവും.
ഇഖാമകളും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കി ലഭിച്ചത് കൊണ്ട് തന്നെ മറ്റൊരു പരീക്ഷണത്തിനു കാത്ത് നിൽക്കാതെ ഇനിയും കാലാവധി തീരും മുംബ് തന്നെ സൗദിയിലേക്ക് പറക്കാമെന്ന തീരുമാനമെടുത്തവരും ധാരാളമുണ്ട്.
അതേ സമയം യു എ ഇയിലെ വിവിധ എമിറേറ്റുകളിലൂടെ കുറഞ്ഞ നിരക്കിൽ ഇപ്പോൾ സൗദിയിലേക്ക് പറക്കാമെന്ന ആശ്വാസം നില നിൽക്കേ തന്നെ പുതിയ വഴികളും പ്രവാസികൾക്ക് മുംബിൽ തുറന്ന് വരുന്നുണ്ട്.
നേരത്തെ കുറഞ്ഞ നിരക്കിൽ പ്രവാസികൾ സൗദിയിലേക്ക് പോകുന്നതിനായി കൂടുതൽ ആശ്രയിച്ചിരുന്ന നേപ്പാൾ വഴി ഇപ്പോൾ സൗദിയിലേക്കുള്ള പ്രവേശനം സാധ്യമായിട്ടുണ്ടെന്നാണു ട്രാവൽ മേഖലയിലുള്ളവർ അറിയിക്കുന്നത്.
യു എ ഇ വഴി മടങ്ങുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇപ്പോൾ നേപ്പാൾ വഴി സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമെന്നാണു നേപാൾ വഴി സൗദി പാക്കേജ് ഒരുക്കുന്ന ഖൈർ ട്രാവൽസ് കോട്ടക്കൽ എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചത്.
അടുത്ത മാസം ദുബൈ എക്സ് പോ ഉള്ളത് കൊണ്ട് തന്നെ ഒരു പക്ഷേ യു എ ഇ വഴിയുള്ള സൗദി യാത്രകൾക്ക് ഇനിയും ചെലവ് കൂടാനാണു സാധ്യതയെന്ന് എ ആർ നഗർ-കുന്നുമ്പുറം ജൗഫ് ട്രാവൽസ് എം ഡി സ്വലിഹ് പറയുന്നു.
നിലവിൽ വിമാന മാർഗമാണെങ്കിൽ ശരാശരി 78,000 രൂപക്കും ബസ് മാർഗമാണെങ്കിൽ 60,000 രൂപക്കുമെല്ലാമാണ് സൗദി പാക്കേജുകൾ ട്രാവൽ ഏജൻസികൾ യു എ ഇ വഴി ഒരുക്കുന്നത്.
ഇഖാമ-റി എൻട്രി കാലാവധിയുള്ളവരും സൗദിയിലെത്താൻ വൈകുന്നത് കൊണ്ട് പ്രയാസങ്ങളില്ലാത്തവരും നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് വരെ കാത്തിരിക്കുന്നത് കൊണ്ട് പ്രശ്നമില്ലെങ്കിലും ഇനിയും ഇഖാമ കാലാവധി കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന് ഉറപ്പില്ലാത്തവർ ചെലവ് കുറഞ്ഞ പാക്കേജുകൾ എടുത്ത് മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് പറക്കുന്നതാകും അഭികാമ്യമെന്ന് വി സ്‌മാർട്ട് ട്രാവൽ കൺസൾട്ടൻസിയിലെ വിപി അബ്ദുൽ റസാഖും ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa