സൗദിയിൽ ഫ്രീ വിസക്കാരെ ഒതുക്കാനൊരുങ്ങി അധികൃതർ; കൂലിക്കഫീലുമാർക്ക് ജയിൽ ശിക്ഷയും പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: ഫ്രീ വിസയിൽ വന്ന് സ്വന്തം നിലയിൽ ജോലി ചെയ്യുന്നതിനു വിദേശികളെ അനുവദിക്കുന്ന കഫീലുമാർക്ക് ശക്തമായ മുന്നറിയിപ്പുമായി ജവാസാത്ത് ഡയറക്ടറേറ്റ്.
ഇത്തരത്തിൽ സ്വന്തം നിലയിൽ വിദേശികളെ ജോലി ചെയ്യാൻ അനുവദിക്കുന്ന സ്പോൺസർമാർക്ക് 3 മാസം വരെ ജയിൽ ശിക്ഷയും 50,000 റിയാൽ വരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണു ജവാസാത്ത് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
നിയമ ലംഘനം നടത്തുന്ന സ്പോൺസർക്ക് ആദ്യ ഘട്ടത്തിൽ ഒരു മാസം ജയിലും 5,000 റിയാൽ പിഴയും ശിക്ഷ ലഭിക്കും. രണ്ടാമതും തെറ്റ് ആവർത്തിച്ചാൽ രണ്ട് മാസം ജയിലും 20,000 റിയാൽ പിഴയും ശിക്ഷയായി ലഭിച്ചേക്കും. മൂന്നാം തവണയും നിയമ ലംഘനം നടത്തിയാൽ 3 മാസം ജയിലും 50,000 റിയാൽ വരെ പിഴയും ചുമത്തും.
അതേ സമയം ഇത്തരത്തിൽ പുറത്ത് ജോലി ചെയ്യാൻ അനുമതി നൽകിയ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഓരോ തൊഴിലാളിക്കും എന്ന നിലയിൽ പിഴ ചുമത്തും.
തൊഴിലാളിയെ സ്വന്തം നിലയിൽ ജോലി ചെയ്യാൻ അനുവദിച്ച സ്പോൺസർക്ക് ഒരു വർഷം വരെ റിക്രൂട്ട്മെൻ്റ് വിലക്ക് ബാധകമാകും. തെറ്റ് ആവർത്തിച്ചാൽ വിലക്ക് രണ്ട് വർഷമാക്കും.
ചില സ്പോൺസർമാർ തൊഴിൽ വിസകൾ ഇഷ്യു ചെയ്ത് അതിൽ വിദേശികൾക്ക് വരാൻ അവസരം നൽകുകയും തുടർന്ന് നിശ്ചിത സംഖ്യ പ്രതിമാസമോ പ്രതി വർഷമോ കണക്കാക്കി വിദേശികളിൽ നിന്ന് സ്വീകരിച്ച് അവരെ പുറത്ത് സ്വന്തം നിലയിൽ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്ന രീതിയാണു ഫ്രീ വിസ എന്ന പേരിൽ വ്യാപകമായി അറിയപ്പെടുന്നത്. ഇത്തരത്തിൽ വിദേശികളെ സ്വന്തം നിലയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന സൗദികൾക്കാണിപ്പോൾ ജവാസാത്ത് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സ്വന്തം നിലയിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് 6 മാസം വരെ ജയിലും 50,000 റിയാൽ വരെ പിഴയും നാടു കടത്തലും ശിക്ഷയായി അനുഭവിക്കേണ്ടി വരും. മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളിയെ നാടു കടത്തും.
മറ്റൊരു സ്പോൺസർഷിപ്പിലുള്ള വിദേശിക്ക് ജോലി കൊടുത്ത വിദേശി തൊഴിലുടമക്ക് 5000 റിയാൽ പിഴയും ഒരു മാസം ജയിലും ഇഖാമ കട്ടാക്കലും നാട് കടത്തലും നേരിടേണ്ടി വരും.
മറ്റൊരു സ്പോൺസർഷിപ്പിലുള്ള വിദേശിക്ക് തൊഴിൽ നൽകിയ സ്വദേശി തൊഴിലുടമക്ക് പിഴ ചുമത്തുമെന്നും ജവാസാത്ത് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa