ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴായിരുന്നു താൻ ഇത് വരെ സമ്പാദിച്ചതെല്ലാം ഭാര്യ സ്വന്തം പേരിലാക്കിയത് അയാൾ അറിഞ്ഞത്; പ്രവാസ ലോകത്തെ ഉള്ളുലക്കുന്ന അനുഭവം പങ്ക് വെച്ച് സാമൂഹിക പ്രവർത്തകൻ
പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകരിൽ ശ്രദ്ധേയമായ സേവനങ്ങൾ ചെയ്ത് വരുന്ന അഷ്‌റഫ് താമരശ്ശേരി പങ്ക് വെച്ച ഉള്ളുലക്കുന്ന അനുഭവം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ വായിക്കാം.
“ഇന്നലെ മലയാളികളുടെ 3 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു നാട്ടിലേക്കയച്ചു. ഇതില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതില്‍ ഒരാള്‍ കഴിഞ്ഞ മാസം എന്നെ കണ്ട് പിരിഞ്ഞ വ്യക്തിയായിരുന്നു.
കഴിഞ്ഞ മാസത്തിലൊരു ദിവസം അജ്മാനിലെ കോര്‍ണീഷ് പരിസരത്ത് പതിവ് നടത്തം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു ഞാന്‍. ആ സമയത്താണ് ഇദ്ദേഹം അത് വഴി വരികയും എന്നെ പരിചയം പറഞ്ഞ് സംസാരിക്കുകയും ചെയ്തത്. അത് വഴി വന്ന ബംഗാളിയായ കച്ചവടക്കാരനില്‍ നിന്നും കടലയും വെള്ളവും വാങ്ങി കുറെ സമയം സംസാരിച്ചിരുന്നു.
അപ്പോഴാണ് അദ്ദേഹം തന്റെ കദന കഥ എന്നോട് വിവരിച്ചത്. ഒമാനിൽ വളരെ മെച്ചപ്പെട്ട ജോലി ചെയ്തിരുന്നതായിരുന്നു ഇദ്ദേഹം. രണ്ട് മക്കളുടെ പിതാവാണ്. നല്ലൊരു വീട് വെച്ചു. മക്കളെ നല്ല നിലയിൽ പഠിപ്പിച്ചു. കുടുംബത്തെ ഇടക്കിടെ ഗൾഫിലേക്ക് കൊണ്ടു വന്നിരുന്നു.
പെട്ടന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് എല്ലാ സമ്പത്തും ഭാര്യ സ്വന്തം പേരിലാക്കിയ വിവരം അറിയുന്നത്. ജോലി കൂടി ഇല്ലാതായതോടെ എല്ലാം നഷ്ടപ്പെട്ട ഇദ്ദേഹത്തിന് വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. നാട്ടിൽ ഒരു ചെറിയ ജോലിക്ക് നിന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ വീണ്ടും യു.എ.ഇ.യിൽ എത്തുന്നത്.
തന്‍റെ വിഷമങ്ങള്‍ എല്ലാം പങ്ക് വെച്ച് അന്ന് അദ്ദേഹം പിരിഞ്ഞെങ്കിലും പിന്നീട് ഒരു ദിവസം വീണ്ടും വിളിച്ചിരുന്നു. ജോലി കിട്ടിയ വിവരം പങ്ക് വെക്കാനായിരുന്നു അത്. തന്‍റെ വിഷമങ്ങള്‍ കൂടി പറയുന്ന കൂട്ടത്തില്‍ താന്‍ ഇനി ജീവിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണ് നല്ലതെന്നും പറഞ്ഞിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും എല്ലാ പ്രതിസന്ധികളെയും സധൈര്യം നേരിടണമെന്നും വീണ്ടും കാണണമെന്നും ഞാന്‍ ഒരുപാട് ഉപദേശിച്ചിരുന്നു. അതിനൊന്നും ചെവികൊടുക്കാന്‍ കഴിയാതെ ആ സഹോദരന്‍ ജീവിതം പാതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങി.
ഹൃദയത്തില്‍ എന്തോ തൂങ്ങി നില്‍ക്കുന്ന പോലെ മനസ്സില്‍ വല്ലാത്ത വേദന തോന്നുന്നു. അത്രമേല്‍ സഹിക്കാന്‍ കഴിയാതെയായിരിക്കാം ഈ മനുഷ്യന്‍ മരണത്തിന്‍റെ വഴി തിരഞ്ഞെടുത്തത്. ചില ജീവിതങ്ങള്‍ അങ്ങിനെയാണ് ..ചിലര്‍ അങ്ങിനെയാണ് ..ഉത്തരം കണ്ടെത്താന്‍ കഴിയാതെ പോകുന്ന ആടിയുലയുന്ന ജീവിതങ്ങള്‍..എന്താ പറയുക എന്ന് പോലും അറിയുന്നില്ല”.
അറേബ്യൻ മലയാളി വാട്സാപ്പ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa