Sunday, September 22, 2024
Saudi ArabiaTop Stories

തൊഴിൽ നിയമ ലംഘനങ്ങളുടെയും പിഴകളുടെയും പുതിയ പട്ടിക സൗദി ഹ്യുമൻ റിസോഴ്‌സസ് മന്ത്രാലയം പുറത്ത് വിട്ടു; വിശദമായി അറിയാം

നിയമ ലംഘനങ്ങളുടെയും അനുബന്ധ പിഴകളുടെയും പുതിയ പട്ടിക സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹമദ് അൽരാജ്ഹി അംഗീകരിച്ചു.

51 നു മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ‘എ’ കാറ്റഗറിയിലും 11 നും 50 നും ഇടയിൽ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ‘ബി’ കാറ്റഗറിയിലും 10 വരെ ജവനക്കാരുള്ള സ്ഥാപനങ്ങളെ ‘സി’ കാറ്റഗറിയിലും ഉൾപ്പെടുത്തിയാണു പിഴ ഈടാക്കുന്നത്.

സുരക്ഷാ നിയമങ്ങൾ: തൊഴിൽ സുരക്ഷ, സേഫ്റ്റി, ആരോഗ്യം എന്നിവയടങ്ങുന്ന ഒരു തൊഴിലാളിയുടെ പൂർണ്ണ സംരക്ഷണം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുകയും അപകടം സംഭവിക്കുകയും ചെയ്താൽ തൊഴിലുടമയോ ഏജൻ്റോ ആയിരിക്കും ഉത്തരവാദികൾ.

തൊഴിൽ സ്ഥലത്ത് അപകടം നടന്നാൽ എ കാറ്റഗറിയിലുള്ളവർക്ക് 10,000 റിയാൽ പിഴയും ബി കാറ്റഗറിയിലുള്ളവർക്ക് 5000 റിയാൽ പിഴയും സി കാറ്റഗറിയിലുള്ളവർക്ക് 2,500 റിയാൽ പിഴയും ചുമത്തും.

സുരക്ഷാ നിർദ്ദേശങ്ങൾ തൊഴിലിടങ്ങളിൽ ഇംഗ്ളീഷിലും അറബിയിലും എഴുതി പ്രദർശിപ്പിക്കാതിരുന്നാൽ എ കാറ്റഗറിക്ക് 5000 റിയാലും ബി കാറ്റഗറിക്ക് 2000 റിയാലും സി കാറ്റഗറിക്ക് 1000 റിയാലുമായിരിക്കും പിഴ.

മെഡിക്കൽ ഇൻഷൂറൻസ് & ചൈൽഡ് ലേബർ: തൊഴിലാളിക്കും കുടുംബത്തിനും ഹെൽത്ത് ഇൻഷൂറൻസ് നൽകാതിരുന്നാൽ എ കാറ്റഗറിയിലുള്ളവർ 10,000 റിയാലും ബി കാറ്റഗറിയിലുള്ളവർ 5,000 റിയാലും, സി കാറ്റഗറിയിലുള്ളവർ 3000 റിയാലും പിഴ നൽകേണ്ടി വരും. ഓരോ തൊഴിലാളിയുടേയും എണ്ണത്തിനനുസരിച്ച് പിഴയും ഇരട്ടിയാകും.

ആർട്ടിക്കിൾ 176 പാലിക്കാതെ 15 വയസ്സ് തികയാത്തവരെ ജോലിക്ക് നിയമിച്ചാൽ എ കാറ്റഗറിക്കാർക്ക് 20,000 റിയാൽ പിഴയും ബി കാറ്റഗറിക്കാർക്ക് 10,000 റിയാൽ പിഴയും സി കാറ്റഗറിക്കാർക്ക് 5,000 റിയാൽ പിഴയും ചുമത്തും.

പ്രാർഥനാ മുറികളും കുട്ടികൾക്കുള്ള നഴ്സറിയും: പ്രസവനന്തരം ആറാഴ്ചക്കുള്ളിൽ സ്ത്രീകളെ ജോലി ചെയ്യിപ്പിച്ചാൽ എല്ലാ കാറ്റഗറിയിലുള്ളവർക്കും 10,000 റിയാൽ പിഴ ചുമത്തും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടമൊരുക്കാതിരുന്നാൽ എ കാറ്റഗറിക്ക് 3000 റിയാലും ബി കാറ്റഗറിക്ക് 2000 റിയാലും സി കാറ്റഗറിക്ക് 1000 റിയാലും പിഴ ചുമത്തും.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രാർഥനാ മുറികളും വിശ്രമ മുറികളും ടോയ്ലറ്റുകളും ഒരുക്കാതിരുന്നാൽ എ കാറ്റഗറിക്ക് 10,000 റിയാലും ബി കാറ്റഗറിക്ക് 5,000 റിയാലും സി കാറ്റഗറിക്ക് 2,500 റിയാലും പിഴ ചുമത്തും.

50 ലധികം വനിതകൾ ജോലി ചെയ്യുകയും 6 വയസ്സിനു താഴെയുള്ള പത്തിലധികം കുട്ടികൾ ഉണ്ടായിരിക്കുകയും ചെയ്താൽ പ്രസ്തുത സ്ഥാപനത്തിൽ നഴ്സറിയോ ചൈൽഡ് കെയർ സെൻ്ററോ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ 25,000 റിയാൽ പിഴ ചുമത്തും.

അർഹിച്ച ആനുകൂല്യങ്ങൾ നൽകാതിരിക്കൽ:ജോലി സമയത്തിനനുസരിച്ചും, രാത്രി ജോലിക്കനുസരിച്ചും മറ്റുമുള്ള ആനുകൂല്യങ്ങളോ വേതനമോ നൽകാതിരുന്നാൽ എല്ലാ വിഭാഗങ്ങൾക്കും 3,000 റിയാൽ പിഴ ചുമത്തും. രാത്രി ജോലി ചെയ്യുന്നതിൽ നിന്ന് ഇളവുള്ള വിഭാഗങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചാൽ എല്ലാ കാറ്റഗറിയിലുള്ളവർക്കും 5,000 റിയാൽ പിഴ ചുമത്തും.

വിസക്കച്ചവടം: തൊഴിൽ വിസകൾ വിൽക്കുകയോ വിൽക്കാൻ ഇടനിലക്കാരാകുകയൊ ചെയ്താൽ ഓരോ വിസക്കും 20,000 റിയാൽ വീതം എന്ന തോതിൽ പിഴ ചുമത്തും.

അവധി;വിശ്രമം: ആഴ്ചയിൽ അവധി നൽകാതിരുന്നാലും കരാറിൽ പറഞ്ഞതിനപ്പുറം സമയം ജോലി ചെയ്യിപ്പിച്ച് ഓവർ ടൈം മണി നൽകാതിരുന്നാലും പ്രതി ദിന വിശ്രമ സമയം അനുവദിക്കാതിരുന്നാലും എല്ലാ കാറ്റഗറിക്കും 5,000 റിയാൽ വീതം പിഴ ചുമത്തും. നിശ്ചിത അവധി തൊഴിലാളിക്ക് നൽകാതിരുന്നാൽ എല്ലാ കാറ്റഗറിയിലുള്ളവർക്കും 5,000 റിയാൽ വീതം പിഴ ചുമത്തും.

ചുമത്തിയ പിഴകൾ 60 ദിവസത്തിനകം അടക്കണം. 60 ദിവസത്തിനുള്ളിൽ തനിക്കെതിരെ രേഖപ്പെടുത്തിയ പഴക്കെതിരെ പരാതി ബോധിപ്പിക്കാൻ തൊഴിലുടമക്ക് അനുവാദമുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്