ചൊവ്വാഴ്‌ച, മെയ്‌ 19, 2026
Saudi ArabiaTop Stories

പുതു വർഷത്തിൽ പുതു പ്രതീക്ഷകളോടെ സൗദി പ്രവാസികളും

ജിദ്ദ: കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഏറ്റവും കൂടുതൽ മാനസിക, സാമ്പത്തിക, യാത്രാ പ്രയാസങ്ങൾ അനുഭവിച്ചവരിൽ ഏറ്റവും മുന്നിലുള്ള ഒരു വിഭാഗമാണ് സൗദി പ്രവാസികൾ.

നാട്ടിൽ അവധിയിലെത്തി മടങ്ങാൻ സാധിക്കാത്തവർ, രണ്ട് ലക്ഷത്തോളം രൂപ വരെ മുടക്കി ആഫ്രിക്ക വഴിയും യൂറോപ്പ് വഴിയും എല്ലാം സൗദിയിലേക്ക് മടങ്ങിയവർ, കടം വാങ്ങിയും മറ്റും 14 ദിവസം മറ്റു രാജ്യങ്ങളിൽ താമസിച്ച് സൗദിയിൽ മടങ്ങിയെത്തിയയുടൻ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തന്നെ തിരികെ മടങ്ങിയവർ അങ്ങനെ നിരവധി.

അതോടൊപ്പം സൗദിയിലേക്കുള്ള മടക്ക യാത്രക്കായി വൻ തുക മുടക്കി മറ്റു രാജ്യങ്ങളിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ മരണത്തിനു കീഴടങ്ങി പൂർത്തിയാക്കാനാകാത്ത യാത്ര പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന നിരവധി സുഹൃത്തുക്കളെയും സൗദിയിൽ എത്തിയയുടൻ തന്നെ മരിച്ച നിരവധി സുഹൃത്തുക്കളെയും ഈ സന്ദർഭത്തിൽ പ്രാർത്ഥനയോടെ ഓർക്കുന്നു.

നാട്ടിലുള്ളവർക്ക് സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ കാരുണ്യ കൊണ്ട് ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചിരുന്നെങ്കിലും നിർഭാഗ്യം കൊണ്ട് മാത്രം ലിസ്റ്റിൽ പെടാതെ പോയ നിരവധി പ്രവാസികൾ മറ്റൊരു വിസയിൽ പോകാൻ ഇനി മൂന്ന് വർഷം കാത്തിരിക്കേണ്ടി വരുമല്ലോ എന്ന മാനസിക പ്രയാസത്തിൽ നാട്ടിൽ നാളുകൾ തള്ളി നീക്കുന്നുമുണ്ട്.

മറ്റു ജിസിസി രാജ്യങ്ങളിലേക്കെല്ലാം എയർ ബബിൾ കരാർ പ്രകാരം നോർമൽ സർവീസ് പുനരാരംഭിച്ചിരുന്നെങ്കിലും സൗദിയുമായി ഇക്കഴിഞ്ഞ ആഴ്ച വരെ ഇന്ത്യക്ക് എയർ ബബിൾ കരാർ ഒപ്പിടാൻ സാധിക്കാതിരുന്നത് പ്രവാസികൾക്ക് വലിയ പ്രയാസമായിരുന്നു സൃഷ്ടിച്ചത്.

വൈകിയെങ്കിലും ജനുവരി 1 മുതൽ എയർ ബബിൾ കരാർ പ്രാബല്യത്തിൽ വന്നതിനാൽ വൈകാതെ കരാർ പ്രകാരമുള്ള സർവീസുകൾ ഇരു രാജ്യങ്ങൾക്കുമിടയിൽ ആരംഭിക്കുകയും യാത്രാ നിരക്ക് കുറയുകയും ചെയ്യുമെന്ന പ്രതീക്ഷ ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്.

നിലവിൽ സൗദിയിലെത്തുന്ന, സൗദിയിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് ബാധകമായ അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറൻ്റീനും വൈകാതെ ഒഴിവാകുമെന്ന് പ്രതീക്ഷയിലാണിപ്പോൾ പ്രവാസികളുള്ളത്. അതേ സമയം ഒമിക്രോൺ സാന്നിദ്ധ്യം അത്തരം ഒരു പ്രതീക്ഷക്ക് ഭീഷണിയാകുന്നുമുണ്ട്.

സൗദിയിലാണെങ്കിൽ നഗര നവീകരണവും അനധികൃത നിർമ്മാണവും മറ്റും കാരണമായി പഴയ സ്ഥാപനങ്ങൾ പൊളിച്ച് മാറ്റപ്പെടുന്ന പ്രക്രിയകൾ വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. നിരവധി പ്രവാസികൾക്ക് തങ്ങളുടെ പഴയ ലാവണങ്ങൾ കൈയൊഴിയേണ്ടി വരികയും പുതിയ മേച്ചിൽപ്പുറങ്ങൾ തേടേണ്ട അവസ്ഥയുമാണൂള്ളത്. എങ്കിലും നഗര നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം എല്ലാം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു പ്രവാസികൾ ഭൂരിഭാഗവും.

സ്വദേശിവത്ക്കരണവും,ചെക്കിംഗും, മറ്റു ബലദിയ പരിശോധനകളും എല്ലാം വർദ്ധിച്ച സാഹചര്യമാണെങ്കിലും എന്തെങ്കിലും മിച്ചം വെക്കണമെന്നുണ്ടെങ്കിൽ സൗദിയിൽ തന്നെ ഏതെങ്കിലും വിധം പിടിച്ച് നിൽക്കുകയാണു നല്ലതെന്ന തോന്നലാണു യഥാർത്ഥത്തിൽ പ്രവാസികളെ ഏത് സാഹചര്യത്തെയും നേരിടാനായി സജ്ജമാക്കുന്നത് എന്ന് തന്നെ പറയാം.

അതിനിടക്ക് ലെവി ചാർജ്ജും ജീവിതച്ചെലവിലെ വർദ്ധനവും മറ്റുമെല്ലാം വലിയ ഭീഷണിയുയർനത്തുന്നുണ്ടെങ്കിലും നാട്ടിൽ പോയി പലതും പയറ്റി പരാജയപ്പെട്ട നിരവധി പേരുടെ അനുഭവങ്ങൾ ഭൂരിഭാഗം പേരെയും സൗദിയിൽ തന്നെ തുടരാനാണു പ്രേരിപ്പിക്കുന്നത്.

ഏതായാലും നിലവിൽ ദുർഘടമായ എല്ലാ സാഹചര്യങ്ങളും വൈകാതെ അനുകൂലമായി മാറുമെന്ന പ്രതീക്ഷയിൽ സൗദി പ്രവാസികളും പുതുവർഷത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്