24 തവണ സൗദി എയർപോർട്ടിൽ നിന്ന് തിരിച്ചയക്കപ്പെട്ട പ്രവാസി ഒടുവിൽ നാട്ടിലെത്തി
ദമ്മാം: നിയമക്കുരുക്കിൽ പെട്ടത് കാരണം എമിഗ്രെഷൻ ക്ലിയറൻസ് ലഭിക്കാതെ 24 തവണ എയർപോർട്ടിൽ നിന്ന് തിരിച്ചയക്കപ്പെട്ട പ്രവാസി ഒടുവിൽ നാടണഞ്ഞു.
തമിഴ്നാട് മാർത്താണ്ഡം സ്വദേശി ജോൺ (36) ആണ് 15 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ അക്ഷീണപരിശ്രമത്തിന്റെ ഫലമായി നിയമക്കുരുക്ക് അഴിച്ച് സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
15 വർഷം മുമ്പായിരുന്നു ജോലി തേടി ജോൺ ദമാമിലെത്തിയത്. എത്തിയതിന്‍റെ മൂന്നാം ദിവസം, ഇവരുടെ താമസസ്ഥലത്തു കടന്നു കയറി മോഷണം നടത്താൻ ശ്രമിച്ച പന്ത്രണ്ട് സ്വദേശികളുമായി ജോണും റൂമിൽ ഉണ്ടായിരുന്ന അഞ്ചുപേരും ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ പേരിൽ ഉണ്ടായ പോലീസ് കേസാണ് ജോണിന് പിന്നീട് ഊരാക്കുരുക്ക് ആയി മാറിയത്.
പല ജോലികൾ ചെയ്തു ജീവിച്ചു ഏഴു വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തന്റെ പേരിലുള്ള പഴയ കേസ് ഇപ്പോഴും നിലനിൽക്കുന്നു എന്നും, മത്തലൂബ്(വാണ്ടഡ്) ഉള്ളതിനാൽ യാത്രവിലക്ക് ഏർപ്പെടുത്തപ്പെട്ടതായും ജോൺ മനസ്സിലാക്കുന്നത്. അന്ന് മുതൽ ആ നിയമക്കുരുക്ക് അഴിയ്ക്കാൻ ഉള്ള ശ്രമത്തിലായിരുന്നു ജോൺ.
തുടർന്ന് പല സാമൂഹിക പ്രവർത്തകരും ഈ വിഷയത്തിൽ ഇടപെട്ടെങ്കിലും നിയമക്കുരുക്ക് അഴിയ്ക്കാൻ കഴിയാതെ പിന്മാറേണ്ടി വന്നു.
23 തവണ ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ ചെന്നിട്ടുണ്ടെങ്കിലും യാത്രാ നിരോധനം നിലവിലുള്ളതിനാൽ എമിഗ്രെഷനിൽ നിന്ന് തിരികെ പോകേണ്ടി വന്നു.
14 വർഷത്തോളം നീണ്ട നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള തീരുമാനം തന്നെ ഉപേക്ഷിക്കേണ്ടി വന്ന അവസ്ഥയിലായപ്പോഴാണു ജോൺ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തെ സഹായത്തിനായി സമീപിക്കുന്നത്.
തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനും, മഞ്ജു മണിക്കുട്ടനും കൂടി ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.
കിഴക്കൻ പ്രവിശ്യയിലെ സർക്കാർ ഓഫിസുകളും, കോടതികളും കയറി ഇറങ്ങി രണ്ടു വർഷത്തോളം നീണ്ട പരിശ്രമമാണ് നവയുഗം ജീവകാരുണ്യപ്രവർത്തകർ നടത്തിയത് .
ഒരു വർഷത്തിന് മുൻപ് എക്സിറ്റ് അടിച്ചു വിമാനത്താവളത്തിൽ പോയെങ്കിലും, എമിഗ്രെഷനിൽ നിന്നും വീണ്ടും തിരികെ വരേണ്ടി വന്നു. ഇന്ത്യൻ എംബസിയിൽ നിന്നും മഞ്ജു മണിക്കുട്ടൻ എടുത്തു നൽകിയ ഔട്ട്പാസ്സുകൾ, തിരികെ പോകാനാകാത്തതിനാൽ മൂന്നോ നാലോ പ്രാവശ്യം കാലാവധി അവസാനിച്ചു പോയി. അങ്ങനെ ഒട്ടേറെ വെല്ലുവിളികൾ ഈ കേസിൽ നേരിട്ടു.
ഒടുവിൽ നവയുഗം ജീവകാരുണ്യപ്രവർത്തകർ ദമ്മാം ഗവർണറേറ്റ് (Emara) യിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ, അവിടെയുള്ള നല്ലവരായ ചില സൗദി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി അവരുടെ ഇടപെടലിൽ ആണ് നിയമക്കുരുക്ക് അഴിക്കാൻ കഴിഞ്ഞത്.
അങ്ങനെ പതിനഞ്ചു വർഷത്തിനു ശേഷം, നവയുഗം ജീവകാരുണ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട് ,ജോൺ നാട്ടിലേയ്ക്ക് പറന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ക്സാ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa