Thursday, November 14, 2024
Saudi ArabiaTop Stories

സൗദിയിൽ മാനസികാസ്വാസ്ഥ്യം മൂലം തെരുവിലായ ഇന്ത്യക്കാരി നാട്ടിലേക്ക് മടങ്ങി

മാനസിക രോഗലക്ഷണങ്ങളുമായി തെരുവിൽ ലക്ഷ്യമില്ലാതെ നടന്ന മഹാരാഷ്ട്രക്കാരിയായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.

മഹാരാഷ്ട്ര മുംബൈ അന്ദേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹർണൽ ആണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ഒരു മാസം മുൻപാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ, മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ മാനസിക സമ്മർദ്ദത്തിലായ അവർ, മാനസിക രോഗലക്ഷണങ്ങൾ കാണിയ്ക്കാൻ തുടങ്ങി.  പിന്നീട്ട് ആ വീട്ടിൽ നിന്നും പുറത്തു ചാടിയ അവർ തെരുവിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഇത് കണ്ട സൗദി പോലീസ് അവരെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. 

വനിത അഭയകേന്ദ്രത്തിൽ വെച്ചും ജ്യോതി എത്രയും വേഗം നാട്ടിൽ പോകണമെന്ന് പറഞ്ഞു ബഹളമുണ്ടാക്കുകയും, അക്രമാസക്തമായി പെരുമാറുകയും ചെയ്തു. വിഷമസന്ധിയിലായ സൗദി അധികാരികൾ അറിയിച്ചത് അനുസരിച്ചു, നവയുഗം ജീവകാരുണ്യപ്രവർത്തകനായ മണിക്കുട്ടനും, നവയുഗം കുടുംബവേദി നേതാക്കളായ ശരണ്യ ഷിബു, അനീഷ കലാം, സുറുമി നസീം, ഷെമി ഷിബു എന്നിവരും  അവിടെയെത്തി ജ്യോതിയോട് സംസാരിയ്ക്കുകയും,  നാട്ടിലേയ്ക്ക് പോകാൻ സഹായിക്കാം എന്ന് പറഞ്ഞു അവരെ ശാന്തയാക്കുകയും ചെയ്തു. അവർ പരസപരവിരുദ്ധമായി സംസാരിച്ചതിനാൽ സ്പോണ്സറെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞില്ല.

ഈദ് അവധി കഴിഞ്ഞു സർക്കാർ ഓഫിസുകൾ തുറന്നാൽ ജ്യോതിയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചു നൽകാമെന്നും, അതുവരെ ഏതെങ്കിലും ഒരു കുടുംബത്തിന്റെ കൂടെ നിർത്തിയാൽ അവരുടെ മാനസിക നില നോർമൽ ആകുമെന്നും സൗദി അധികാരികൾ അഭ്യർത്ഥിച്ചതിനെത്തുടർന്ന്, ജ്യോതിയെ നവയുഗം കുടുംബവേദി നേതാക്കൾ കൂട്ടിക്കൊണ്ടു പോയി മണിക്കുട്ടന്റെ കുടുംബത്തിന്റെ കൂടെ നിർത്തുകയായിരുന്നു. അത് അവരുടെ മാനസിക നിലയിൽ ഏറെ പുരോഗതിയും ഉണ്ടാക്കി.

പറഞ്ഞ പോലെ തന്നെ, ഈദ് അവധി കഴിഞ്ഞ ഉടനെ വനിത അഭയകേന്ദ്രം അധികാരികൾ ജ്യോതിയുടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. നവയുഗം കുടുംബവേദി ജ്യോതിയ്ക്ക് വിമാനടിക്കറ്റും എടുത്തു നൽകി.

ശേഷം നിയമനടപടികൾ പൂർത്തിയാക്കി, ദമ്മാം വിമാനത്താവളം വഴി, ജ്യോതി മുംബൈയിലേക്ക് മടങ്ങി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്