Wednesday, November 27, 2024
Saudi ArabiaTop Stories

അവസാനം ബൈഡൻ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനു മുന്നിൽ അടിയറവ് പറയുന്നു ?

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റയുടൻ മാാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് ബൈഡന്റെ സൗദിയുമായി ബന്ധപ്പെട്ട നിലപാടുകളായിരുന്നു.

മുൻ യുഎസ് പ്രസിഡന്റുമാരെല്ലാം വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു സൗദിയുമായി പുലർത്തിയിരുന്നതെങ്കിൽ തുടക്കത്തിൽ തന്നെ സൗദി കിരീടാവകാശിയുമായി ഉടക്കിക്കൊണ്ടുള്ള സമീപനമായിരുന്നു ബൈഡൻ പുലർത്തിയിരുന്നത്. നേരത്തെ ഡോണാൾഡ് ട്രമ്പ് അധികാരത്തിൽ കയറിയയുടൻ ആദ്യം നടത്തിയ വിദേശ യാത്ര സൗദിയിലേക്കായിരുന്നുവെന്നത് ഈ സാഹചര്യത്തിൽ ഓർക്കേണ്ടതുണ്ട്.

സൗദി ജേർണലിസ്റ്റ് ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട് ആയിരുന്നു ബൈഡനും കൂട്ടർക്കും സൗദി കിരീടാവകാശിയോട് അപ്രിയം ഉടലെടുത്തത്. ബൈഡൻ കൂടിക്കാഴ്ച നടത്തുകയാണെങ്കിൽ അത് സൗദി ഭരണാധികാരിയുമായിട്ടായിരിക്കുമെന്നും കിരീടാവകാശിയുമായിട്ടായിരിക്കില്ലെന്നുമുള്ള വൈറ്റ് ഹൗസിന്റെ നിലപാടുകൾ എല്ലാം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടുള്ള ബൈഡന്റെ സമീപനം വ്യക്തമാക്കുന്നതായിരുന്നു.

എന്നാൽ ഉക്രൈൻ യുദ്ധത്തോടെ ആഗോള തലത്തിൽ എണ്ണ വില കുതിച്ചുയരുകയും അമേരിക്കൻ മാർക്കറ്റിൽ വിലക്കയറ്റം ഉണ്ടാകുകയും ചെയ്തതോടെ ബൈഡൻ തന്റെ കടും പിടിത്തം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ് എന്നാണ്‌ സൂചന.

ആഗോള എണ്ണവില കുറക്കാൻ എണ്ണയുത്പാദനം കൂട്ടണമെന്ന അമേരിക്കയുടെ ആവശ്യത്തോട് സൗദി അടങ്ങുന്ന ഒപെക് പ്ലസ് രാജ്യങ്ങൾ മുഖം തിരിച്ചതോടെയാണു സൗദി ഭരണകൂടത്തെയും കിരീടാവകാശിയെയും പിണക്കുന്നത് ശരിയല്ലെന്ന് ബൈഡനു തോന്നാൻ കാരണം എന്നാണു വിലയിരുത്തപ്പെടുന്നത്.

എണ്ണയുത്പാദന രാജ്യങ്ങളുടെ നിലപാടിനെ നേരിടാനും വിലക്കയറ്റം ഇല്ലാതാക്കാനും റിസർവിലുള്ള എണ്ണ ഉപയോഗിക്കാൻ ബൈഡൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും അതും യുഎസ് മാർക്കറ്റിൽ എണ്ണ വില കുറക്കാൻ സഹായിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ ബൈഡന്റെ കിരീടവകാശിയുമായുള്ള സമീപനത്തിൽ ഇപ്പോൾ മാറ്റം വന്നതായാണു റിപ്പോർട്ടുകൾ പറയുന്നത്.

ഇതിന്റെ ഭാഗമെന്നോണം അടുത്ത മാസം ബൈഡൻ സൗദി സന്ദർശിക്കുമെന്നും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമുള്ള റിപ്പോർട്ടുകളാണു അമേരിക്കൻ മാധ്യമങ്ങളും മറ്റു ഇന്റർനാഷണൽ മാധ്യമങ്ങളും പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം യു എസ്‌ ഡിഫൻസ് സെക്രട്ടറിയും സൗദി ഡെപ്യൂട്ടി ഡിഫൻസ് മിനിസ്റ്ററുയുമായുള്ള കൂടിക്കാഴ്ച  ബൈഡന്റെ സൗദി സന്ദർശന വാർത്തക്ക് പിൻബലമേകുന്നുമുണ്ട്.

ഏതായാലും ബൈഡന്റെ സൗദി സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തയെ ലോകം വലിയ ആകാംക്ഷയോടെയാണു നോക്കിക്കാണുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്