Saturday, September 21, 2024
GCCTop Stories

പ്രവാസം തുടങ്ങി കാലം കുറേ ആയിട്ടും കയ്യിലൊന്നും ഇല്ലേ? എങ്കിൽ ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കുക

നാട്ടിൽ അവധിക്ക് പോയ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയായിരുന്നു ലീവ് തീരും മുമ്പ് തന്നെ ജിദ്ദയിലേക്ക് മടങ്ങാൻ ആലോചിക്കുന്നതായ വിവരം അവൻ പങ്ക് വെച്ചത്.

എല്ലാവരും ലീവ് കിട്ടാൻ ശ്രമിക്കുമ്പോൾ നീ ഉള്ള ലീവ് കട്ട് ചെയ്ത് മടങ്ങുകയാണോ എന്ന ചോദ്യത്തിനു അവൻ പറഞ്ഞ മറുപടി ” കയ്യിലെ കാശെല്ലാം തീർന്നു. ഇനി മടക്കയാത്രക്ക് ടിക്കറ്റെടുക്കാൻ തന്നെ കടം വാങ്ങണം” എന്നായിരുന്നു.

ഇത് ഒരു സുഹൃത്തിന്റെ മാത്രം അനുഭവമല്ല. ഇത്തരം അനുഭവങ്ങൾ നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുമായി പലപ്പോഴും പങ്ക് വെച്ചിട്ടുണ്ട് എന്നതാണ് വസ്തുത.

ഈ പറയപ്പെട്ട വ്യക്തികളിൽ 90 ശതമാനം പേരും മാന്യമായ ഒരു തുക പ്രതിമാസം ശമ്പളം വാങ്ങുന്നവരും അത്യാവശ്യം ചെലവുകൾ കഴിഞ്ഞാൽ തന്നെ നല്ല ഒരു തുക ബാലൻസ് ആയി സൂക്ഷിക്കാൻ സാധിക്കുന്നവരും ആണെന്നതാണ് അതിലേറെ രസകരം.

എന്നിട്ടും എന്ത് കൊണ്ട് നാട്ടിൽ പോകുമ്പോൾ കൂട്ടുകാരിൽ നിന്നും കുറച്ച് കടം വാങ്ങലും നാട്ടിൽ നിന്ന് ഒരു മാസം കഴിയുംബോഴേക്കും പണം കടമായി വരുത്തിക്കലും അവസാനം മടക്ക ടിക്കറ്റിനു പോലും പണം കടം വാങ്ങുകയും ചെയ്യേണ്ടി വരുന്നു എന്നത് ഓരോരുത്തരും ആലോചിക്കേണ്ടിയിരിക്കുന്നു.

ഇത്തരം ഒരു അവസ്ഥ വരാതിരിക്കാനും ഒരാളോടും കടം വാങ്ങാതെയും ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പ്രവാസികളിൽ ബഹു ഭൂരിപക്ഷത്തിനും സാധ്യമായിട്ട് പോലും, ചില ചെറിയ പ്ലാനിംഗുകളുടെയോ മുൻ കരുതലുകളുടേയോ അഭാവം അവരെ നിത്യ പ്രാരാബ്ധക്കാരാക്കി തുടരാൻ പ്രേരിപ്പിക്കുന്നു എന്നതാണ് സത്യം.

ഇവിടെ ചില കാര്യങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണർത്തുക മാത്രമാണ് ചെയ്യാനുള്ളത്.അതേ സമയം പരാമർശിക്കാൻ പോകുന്ന രീതിയിൽ ചില പ്ലാനിംഗ് നടത്തിയാൽ അത് വിജയിക്കും എന്നത് പലരുടെയും അനുഭവവും ആണ്.

ആദ്യത്തെ കാര്യം നമ്മുടെ ശമ്പളം നമ്മുടെ കൂട്ടുകാരോടോ വീട്ടുകാരോടോ നാട്ടുകാരോടോ പറയാതിരിക്കുക എന്നതാണ്. ചിലപ്പോൾ ഉയർന്ന ജോലി നോക്കുന്ന സമയം മാത്രം കൂട്ടുകാരോട് പറയേണ്ടി വന്നേക്കാം. അല്ലാത്ത സമയം മറ്റൊരു വ്യക്തിയുമായോ കുടുംബവുമായോ നമ്മുടെ സാലറി വിവരം അറിയിച്ചിട്ട് നമുക്കെന്ത് നേട്ടം എന്ന് സ്വയം ചിന്തിക്കുക. പലപ്പോഴും നമ്മുടെ സാലറിയെ ഇന്ത്യൻ രൂപയിലേക്ക് ഗുണിച്ച് കൊണ്ടുള്ള വീട്ടുകാരുടെയോ നാട്ടുകാരുടെയോ പ്ലാനുകൾ ആണ് പല അനാവശ്യ ചെലവുകളിലേക്കും നയിക്കാറുള്ളത്.

രണ്ടാമത്തെ കാര്യം ഒരു എൻ ആർ ഐ അക്കൗണ്ട് തുടങ്ങുക എന്നതാണ്. പ്രസ്തുത അക്കൗണ്ടിൽ നിന്ന് ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം ആക്റ്റിവേറ്റ് ചെയ്യാതിരിക്കുകയും ചെയ്യുക എന്നത് പ്രധാനമായും ശ്രദ്ധിക്കുക. അതോടൊപ്പം മറ്റൊരു സാധാരണ അക്കൗണ്ടും നാട്ടിലെ ഒരു ബാങ്കിൽ തുടങ്ങുക.

മൂന്നാമതായി  സാലറി കിട്ടുന്ന ദിവസം തന്നെ, എന്ത് പ്രയാസമോ കടമോ എല്ലാം ഉണ്ടെങ്കിലും ഒരു നിശ്ചിത തുക മുകളിൽ പരാമർശിച്ച എൻ ആർ ഐ അക്കൗണ്ടിലേക്ക് സേവിംഗ്സ് ആയി അയക്കുക എന്നതാണ്. ആ പണം നാട്ടിൽ നമ്മൾ എത്തിയിട്ടല്ലാതെ അക്കൗണ്ടിൽ നിന്നെടുക്കില്ല എന്ന ശപഥം ചെയ്യണം. അയക്കുന്ന തുക കൂടിയാലും ഒരു നിശ്ചിത സംഖ്യയിൽ നിന്ന് എന്ത് വന്നാലും കുറയരുത്. അതോടൊപ്പം എൻ ആർ ഐ അക്കൗണ്ടിലേക്ക് നിശ്ചിത പണം അയച്ച ശേഷം ഗൾഫിൽ അടുത്ത മാസത്തെ സാലറി വരെ കഴിയാനുള്ള തുകയും വീട്ടിലേക്ക് ചെലവിനു അയക്കാനുള്ള തുകയും മാറ്റി വെച്ച് ബാക്കി തുക നാട്ടിലെ സാധാരണ അക്കൗണ്ടിലേക്കും അയക്കണം. സാധാരണ അക്കൌണ്ടിലെ പണം അത്യാവശ്യ സന്ദർഭങ്ങളിൽ ട്രാൻസ്ഫർ ചെയ്യാനും മറ്റും സാധിക്കുന്നതായിരിക്കണം എന്നോർക്കുക.

നാലാമതായി വീട്ടുകാരുടെ അമിത ധാരാളിത്തത്തിനു കൂട്ട് നിൽക്കരുത്. മാന്യമായി എല്ലാ കാര്യങ്ങളും നടത്തേണ്ടത് തന്നെയാണ്. പക്ഷെ നമ്മുടെ വരുമാനത്തിനനുസരിച്ച് മാത്രം ചെലവ് ചെയ്യാൻ പഠിപ്പിക്കുക.

അഞ്ചാമതായി, നല്ല കാര്യങ്ങൾക്ക് സംഭാവനകൾ ചെയ്യാൻ മടി കാണിക്കേണ്ടതില്ല. പക്ഷെ അത് മറ്റുള്ളവർ നൽകുന്ന തുക നോക്കി അത്രത്തോളം താനും നൽകിയില്ലെങ്കിൽ മോശമല്ലേ എന്ന ധാരണയിൽ ചെയ്യുന്നതാകരുത്. നമ്മുടെ പോക്കറ്റിനു താങ്ങാൻ സാധിക്കുന്ന സഹായങ്ങൾ മാത്രം ചെയ്യാൻ ശീലിക്കുക. നാട്ടിലെത്തുംബോൾ എന്ത് പിരിവ് വന്നാലും ഗൾഫ്കാരനാണെന്ന പേരിൽ പല സാധുക്കളെയും കുടുക്കാറുണ്ട്.നാട്ടിലുള്ള കാശുകാർ തന്ത്രപൂർവ്വം മുങ്ങാറുമുണ്ട്. അത്തരം പിരിവുകൾ വരുമ്പോൾ നമ്മുടെ കയ്യിൽ ഉള്ള ബാലൻസ് അനുസരിച്ച് മാത്രം സംഭാവന ചെയ്യാൻ പഠിക്കുക. ഗൾഫ്കാരനെന്ന പദവിയെല്ലാം നമ്മുടെ കയ്യിലെ നോട്ട് കെട്ട് തീരുന്നതോടെ അവസാനിക്കുമെന്ന് ഓർക്കുക.

ആറാമതായി, നമ്മെ വഞ്ചിക്കാനും പണം പിടുങ്ങാനും എല്ലാം ഒരുങ്ങിയിരിക്കുന്ന പ്രവാസ ലോകത്തെയും നാട്ടിലെയും ചില കഴുകന്മാരെ തിരിച്ചറിയുക എന്നതാണ്. നമ്മുടെ കയ്യിലെ പണം എന്തെങ്കിലും ബിസിനസുകളുടെ പേരിൽ വസൂലാക്കി മുങ്ങുന്ന റിപ്പോർട്ട് നിരവധി കേൾക്കുന്നുണ്ട്.

ഏഴാമതായി, നമ്മുടെ ആരോഗ്യം നമ്മൾ നന്നായി സൂക്ഷിക്കുക എന്നതാണ്. അതിനനുസരിച്ച് ജീവിതം ക്രമീകരിക്കുക. ഗൾഫിൽ പട്ടിണി കിടന്ന് സംബാദിക്കുന്നതിനു പകരം നല്ല ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ വ്യായാമങ്ങളും മറ്റും ചെയ്ത് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുക.

ചുരുക്കത്തിൽ മുകളിൽ പരാമർശിച്ച പോലുള്ള ഒരു എൻ ആർ ഐ അക്കൗണ്ട് സംബാദ്യ ശീലം ഉണ്ടായാൽ നാട്ടിൽ നിൽക്കാനും മടക്കത്തിനും അതിലപ്പുറവുമെല്ലാം പണം ബാലൻസായിക്കിട്ടുമെന്ന് നിരവധി അനുഭവസ്ഥർ അറേബ്യൻ മലയാളിയോട് പറയുന്നു.അതോടൊപ്പം മുകളിൽ തന്നെ സൂചിപ്പിച്ച സാധാരണ അക്കൗണ്ടിൽ എന്തെങ്കിലും തുക ബാലൻസ് ഉണ്ടെങ്കിൽ അതും വിനിയോഗിക്കാനാകും എന്നത് ശ്രദ്ധേയമാണ്.

✍️ജിഹാദുദ്ദീൻ അരീക്കാടൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്