പ്രവാസികൾകിടയിലെ പെട്ടെന്നുള്ള മരണങ്ങൾ വീണ്ടും വർദ്ധിക്കുന്നു; മരണ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന പ്രധാന സംഗതികളും പരിഹാരങ്ങളും അറിയാം
ഒരു റൂമിൽ അടുത്തടുത്ത കട്ടിലുകളിൽ ഒന്നിച്ച് കിടന്ന സുഹൃത്തിനെ രാവിലെ വിളിച്ചുണർത്തിയപ്പോൾ ചലനമില്ല. ഫൈനൽ എക്സിറ്റടിച്ച് നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറാൻ നീങ്ങുന്നതിനിടയിൽ കുഴഞ്ഞ് വീണു മരണം. ഉച്ചക്ക് വിശ്രമ സമയം റൂമിൽ പോയ ബഖാല ജീവനക്കാരനെ വൈകുന്നേരം ആയിട്ടും കാണാതായപ്പോൾ റൂമിൽ ചെന്ന് തിരക്കിയപ്പോൾ കട്ടിലിൽ മരിച്ച് കിടക്കുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ സൗദിയിൽ നിന്ന് മാത്രം അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്ത ഏതാനും ചില വാർത്തകളുടെ തലക്കെട്ടുകളാണ് മുകളിൽ കൊടുത്തത്.
സുഹൃത്തുക്കളെയും ബന്ധുക്കളെയും സങ്കടക്കയത്തിലാക്കി ഇത് പോലെ എത്രയോ മരണങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നടന്ന് കഴിഞ്ഞു.
മരണം അനിവാര്യമായ ഒരു സംഗതിയാണെന്ന് എല്ലാവർക്കും അറിയാം. അതേ സമയം നമ്മുടെ മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കൽ കൂടി നമ്മുടെ ബാധ്യതയാണെന്നത് വിസ്മരിക്കാൻ പാടില്ല.
സമീപ കാലത്ത് പെട്ടെന്ന് മരിച്ച പല പ്രവാസികളുടെയും ജീവിത സാഹചര്യം പരിശോധിച്ചാൽ പലരും വലിയ മാൻസിക സംഘർഷങ്ങൾ അനുഭവിച്ചിരുന്നവരായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
അത് കൊണ്ട് തന്നെ പല പ്രവാസി മരണങ്ങളിലെയും പ്രധാന വില്ലൻ അമിതമായ ടെൻഷൻ തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്തിടെ സൗദിയിൽ വെച്ച് പെട്ടെന്ന് മരിച്ച ഒരു വ്യക്തിയുടെ കാര്യം അന്വേഷിച്ചപ്പോൾ അദ്ദേഹം വലിയ കടക്കാരനായിരുന്നുവെന്നും എന്നാൽ ആ വിവരം ആരെയും അറിയിച്ചിരുന്നില്ല എന്നുമാണ് അറിയാൻ സാധിച്ചത്.
ഈ ഒരു സാഹചര്യം പ്രവാസികൾ മറി കടക്കേണ്ടിയിരിക്കുന്നു. പ്രധാനമായും ടെൻഷൻ ഒരു വലിയ വില്ലൻ തന്നെ ആണെന്നതിനാൽ ടെൻഷൻ അകറ്റാൻ പ്രവാസികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ ഉപകാരം ചെയ്യും.
ടെൻഷനടിച്ചിരുന്നിട്ട് ഒരു സംഗതിക്കും പരിഹാരം ഉണ്ടാകില്ലെന്ന ഉത്തമ ബോധം ആദ്യം ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ ആരോഗ്യം വഷളാകാൻ മാത്രമേ ടെൻഷൻ ഉപകരിക്കൂ.
എന്ത് പ്രശ്നമുണ്ടെങ്കിലും അതൊരു പ്രശ്നമല്ലെന്ന ചിന്ത ഉടലെടുക്കണം. പടച്ചവനിൽ എന്റെ കാര്യങ്ങളെ ഏൽപ്പിച്ചു എന്ന കരുതലും പ്രാർഥനകളും ഏത് മതക്കാരനാണെങ്കിലും വലിയ ആത്മ സംതൃപ്തി നൽകും.
പ്രയാസങ്ങളും ചിന്തകളും റൂമിലോ ഓഫീസിലോ ഉള്ള പോസിറ്റീവ് ചിന്താഗതിക്കാരായ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക. കുടുംബ രഹസ്യങ്ങൾ മൊത്തം കെട്ടഴിക്കുകയും ചെയ്യരുത്. നെഗറ്റീവ് ചിന്താഗതിക്കാരായ കൂട്ടുകാരോട് പ്രശ്നങ്ങളെക്കുറിച്ച് ഒന്നും മിണ്ടാൻ പോകരുത്. അവർ ചെറിയ പ്രശ്നം വലുതാക്കാനേ സഹായിക്കൂ.
ഇന്ന് പ്രയാസം അനുഭവിക്കുന്നുവെങ്കിലും അത് ഒരു പക്ഷെ തന്റെ നന്മക്കായിരിക്കുമെന്നും നാളെ അതിലും മികച്ച ഒരു ഭാവി തനിക്ക് വരാനിരിക്കുന്നുവെന്നും ഉള്ള ഉറച്ച കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്.
ലോകത്ത് ബുദ്ധിമുട്ടും പ്രയാസവും തനിക്ക് മാത്രമല്ലെന്നും എല്ലാവരും എല്ലാ തരം പ്രയാസങ്ങളും അതിജീവിച്ചവരാണെന്നും ഓർക്കുക.
മറ്റുള്ളവരെപ്പോലെ ആകാൻ പറ്റിയില്ല എന്ന ചിന്ത വെടിയുക. ഓരോ വ്യക്തിക്കും ഭൂമിയിൽ അവരുടേതായ റോൾ ഉണ്ടെന്ന് ഓർക്കുക. നമ്മുടെ ഭാഗം നമ്മൾ നല്ല നിലയിൽ മറ്റുള്ളവരെ പ്രയാസപ്പെടുത്താതെ ജീവിച്ച് കാണിക്കുക. സത്യ സന്ധത പുലർത്തുക.
ആരോഗ്യം സൂക്ഷിക്കുക. സൂര്യോദയത്തിനു മുമ്പ് ഉറക്കമുണരാൻ തീരുമാനിക്കുക. രാത്രി വൈകി ഉറങ്ങാതിരിക്കുക. 6 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.
റൂമുകൾക്കുള്ളിൽ ചെയ്യാൻ പറ്റുന്ന വള്ളിച്ചാട്ടം (റോപ് ജംബ്) പോലുള്ള വലിയ ഫലം ചെയ്യുന്നതും എന്നാൽ സിംപിൾ ആയതുമായ വ്യായാമങ്ങൾ ചെയ്യുക. അല്ലെങ്കിൽ നടത്തമെങ്കിലും ശീലമാക്കുക.
നല്ല ഭക്ഷണം കഴിക്കുക. ആരോഗ്യത്തിനു ഹാനികരമാകുന്ന പാനീയങ്ങളും മറ്റും ഒഴിവാക്കുക. തുടങ്ങിയ ചില കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ഏറെ സഹായകരമാകും എന്നാണ് കണ്ടെത്തലുകൾ.
✍️ജിഹാദുദ്ദീൻ.അരീക്കാടൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa