Thursday, November 21, 2024
Saudi ArabiaTop Storiesവഴികാട്ടി

സൗദിയിൽ ഒരു തൊഴിലാളി ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ സർവീസ് മണി നൽകേണ്ടതിന്റ മാനദണ്ഡവും തുക കണക്കാക്കുന്ന രീതിയും വ്യക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം

ഒരു ജീവനക്കാരൻ തന്റെ സേവനം അവസാനിപ്പിച്ച് ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുന്ന സമയം തൊഴിലുടമ നൽകേണ്ട എൻഡ് ഓഫ് സർവീസ് മണി നൽകുന്നതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളിയുടെ അവസാന വേതനം ആണ് സർവീസ് ബെനെഫിറ്റിനായി പരിഗണിക്കേണ്ടത് എന്ന് അറേബ്യൻ മലയാളി നേരത്തെ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം കമ്മീഷൻ തുകയുടെ എത്ര ശതമാനം സർവീസ് ബെനെഫിറ്റിൽ ഉൾപ്പെടുത്താം എന്നത് സംബന്ധിച്ച് തൊഴിലുടമക്കും തൊഴിലാളിക്കും പരസ്പരം ധാരണയുണ്ടാക്കാം. അത് കൂടുകയോ കുറയുകയോ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു തൊഴിലാളി തൊഴിലുടമയുമായുള്ള കരാർ അവസാനിപ്പിക്കുകയാണെങ്കിൽ പൂർണ്ണമായും  സർവീസ് മണി ലഭിക്കാൻ അർഹനായിരിക്കും.

രാജിയല്ലാതെ, സ്വഭാവികമായി കരാർ അവസാനിപ്പിക്കുന്ന പക്ഷം സർവീസ് മണി കണക്കാക്കുന്നത് എപ്രകാരമായിരിക്കും എന്നും മന്ത്രാലയം വിശദീകരിക്കുന്നു.

ആദ്യത്തെ അഞ്ച് വർഷത്തെ സർവീസിനു ഓരോ വർഷത്തിനും മൊത്തം സാലറിയുടെ പകുതി സാലറി  എന്ന തോതിലാണ് സർവീസ് മണി കണക്കാക്കുക.

തുടർന്നുള്ള ഓരോ വർഷങ്ങൾക്കും ( അഞ്ച് വർഷത്തിനു ശേഷമുള്ള ഓരോ വർഷത്തിനും) ഒരു മാസത്തെ ഫുൾ സാലറി എന്ന തോതിൽ സർവീസ് മണി നൽകണം.

ഉദാഹരണത്തിനു, ഒരാൾക്ക് 4000 റിയാൽ ആണ് മാസ വേതനം എന്ന് കരുതുക. അയാൾ 7 വർഷത്തിനു ശേഷമാണ് തൊഴിൽ കരാർ അവസാനിപ്പിക്കുന്നത് എന്നും കരുതുക. അപ്പോൾ അയാൾക്ക് ലഭിക്കുന്ന സർവീസ് തുക ആദ്യത്തെ 5 വർഷത്തേക്ക് പകുതി സാലറിയായ 2000×5 ഉം  അഞ്ച് വർഷത്തിനു ശേഷമുള്ള രണ്ട് വർഷത്തേക്ക് ഫുൾ സാലറിയായ 4000×2 ഉം ചേർന്നതായിരിക്കും. അതായത് അയാൾ പിരിഞ്ഞു പോകുമ്പോൾ 18,000 റിയാൽ സർവീസ് മണിയായി ലഭിക്കും എന്നർഥം.

ഇനി തൊഴിലാളി സ്വയം രാജി വെച്ച് പോകുന്ന സന്ദർഭത്തിൽ സർവീസ് മണി കണക്കാക്കുന്നത് എപ്രകാരം ആയിരിക്കും എന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. അത് താഴെ വിശദീകരിക്കുന്നു.

രണ്ട് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിൽ ജോലി ചെയ്തതിനു ശേഷമാണ് രാജി വെക്കുന്നതെങ്കിൽ സർവീസ് മണിയുടെ മൂന്നിൽ ഒന്ന് മാത്രമാണ് നൽകേണ്ടത്.

രാജി വെക്കുന്ന തൊഴിലാളിയുടെ സർവീസ് അഞ്ച് വർഷത്തിൽ അധികവും 10 വർഷത്തിൽ താഴെയും ആണെങ്കിൽ സർവീസ് മണിയുടെ മൂന്നിൽ രണ്ട് തുക നൽകിയിരിക്കണം.

അതേ സമയം 10 വർഷത്തെ സർവീസിനു ശേഷമാണ് തൊഴിലാളി രാജി വെക്കുന്നതെങ്കിൽ മുഴുവൻ സർവീസ് മണിയും നൽകിയിരിക്കണം എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

അതോടൊപ്പം, രണ്ട് സാഹചര്യങ്ങളിൽ രാജി വെക്കുകയാണെങ്കിൽ 10 വർഷം പൂർത്തിയായില്ലെങ്കിലും മുഴുവൻ സർവീസ് മണിയും ലഭിക്കാൻ തൊഴിലാളിക്ക് അർഹതയുണ്ട്. പ്രസ്തുത വിഭാഗങ്ങൾ താഴെ പരാമർശിക്കുന്നവരാണ്.

1.  തന്റെ നിയന്ത്രണത്തിൽ.പെടാത്ത ശക്തമായ സമ്മർദ്ദങ്ങളുടെ ഫലമായി ജോലി ഉപേക്ഷിക്കേണ്ടി വന്നവർ.

2. വിവാഹത്തീയതി മുതൽ 6 മാസത്തിനുള്ളിലോ പ്രസവിച്ച് 3 മാസത്തിനുള്ളിലോ തൊഴിൽ കരാർ അവസാനിപ്പിച്ച ജീവനക്കാരി ,  എന്നിവർക്ക് മുഴുവൻ സർവീസ് ബെനെഫിറ്റും നൽകിയിരിക്കണം.

സർവീസ് മണി നിങ്ങളുടെ അവകാശമാണ്; അശ്രദ്ധരാകരുത് എന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

✍️ജിഹാദുദ്ദീൻ അരീക്കാടൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്