Monday, November 25, 2024
Saudi ArabiaTop Stories

വിസ റാക്കറ്റിൽ കുടുങ്ങുന്ന പാവം പ്രവാസികൾ

സൗദിയിൽ വലിയ മോഹങ്ങളുമായി എത്തിയ ശേഷമാണ് ഏജന്റുമാർ തങ്ങളെ താത്ക്കാലിക ലാഭത്തിനായി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം പല പ്രവാസികളും തിരിച്ചറിയുക. അപ്പോഴേക്കും രക്ഷപ്പെടാനാകാത്ത വിധമുള്ള ഊരാക്കുടുക്കിൽ അവർ അകപ്പെട്ടിട്ടുമുണ്ടാകും. പിന്നീടങ്ങോട്ട് നരക യതനയുടെ ദിനങ്ങൾ ആയിരിക്കും അനുഭവിക്കാനുണ്ടാകുക.

ഈ സാഹചര്യത്തിലാണ് റിയാദ് മേഖലയിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും നിരവധി പ്രവാസികളെ പ്രയാസങ്ങളിൽ നിന്ന് രക്ഷിക്കാൻ മുൻ കൈ എടുക്കുകയും ചെയ്യുന്ന സിദ്ദീഖ് തുവ്വൂരിന്റെ കുറിപ്പുകൾ ശ്രദ്ധേയമാകുന്നാത്. സിദ്ദീഖ് തുവ്വൂരിന്റെ കുറിപ്പ് ഇങ്ങനെ വായിക്കാം.

“നാട്ടിൽ നിന്ന് പുതിയ വിസയിലെത്തി മാസങ്ങളായി ജോലിയും, ശമ്പളവുമില്ലാത്ത മലയാളികളുൾപ്പെടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രാവൽ ഏജൻ്റുമാരെ അടച്ചാക്ഷേപിക്കുകയല്ല. നിങ്ങൾ മാന്യമായി കച്ചവടം ചെയ്ത് ലാഭമുണ്ടാക്കിക്കോളൂ , പ്രവാസികളെ ചൂഷണം ചെയ്യരുത്. ഉള്ളതെല്ലാം വിറ്റും ,പണയം വെച്ചും ജീവിതം പച്ച പിടിക്കാൻ പ്രവാസം സ്വപ്നം കണ്ട് വരുന്നവരാണവർ. വ്യാജ തൊഴിൽ കരാറുകളുണ്ടാക്കിയും, വ്യാജ വിസ സംഘടിപ്പിച്ചും ലക്ഷങ്ങൾ വാങ്ങി ചതിയിൽ പെടുത്തിയാൽ നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.

ഇത്തരം ഒരു കേസ് രണ്ടാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്തപ്പോൾ ഒരു സഹോദരനെ വിളിച്ച് വിവരങ്ങന്വേഷിച്ചു. മൂന്ന് മാസമായി വന്നിട്ട് ശമ്പളമില്ല ഞങ്ങൾ ചെറിയ പ്രയാസത്തിലാണെന്ന് പറഞ്ഞു. എന്താണ് അത്യാവശ്യമായി വേണ്ടതെന്ന് ചോദിച്ചു. അരിയുണ്ട്, കറി വെക്കാൻ എന്തെങ്കിലും കിട്ടുമോ ? എത്ര പേരുണ്ടവിടെ ? അൽപം ദൂരെയാണ് നാളെ എത്തിച്ചാൽ മതിയോ എന്ന് ചോദിച്ചപ്പോൾ നിങ്ങളുടെ തിരക്ക് ഞങ്ങൾക്കറിയാം. ഇന്ന് ഞങ്ങൾ #കഞ്ഞിയും #അച്ചാറും കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാമെന്ന് മറുപടി പറഞ്ഞു. പ്രവാസ ലോകത്തെ യാഥാർത്ഥ്യങ്ങളാണിതെല്ലാം.

അടുത്ത ദിവസം കുറച്ച് ഭക്ഷണസാധനങ്ങളുമായി റിയാദ്  കെഎംസിസി വെൽഫെയർ വിങ്ങ് വൈ.ചെയർമാൻ അശ്റഫ് സാഹിബ് വെള്ളേപ്പാടത്തോടൊപ്പം  അവർ താമസിക്കുന്ന സ്ഥലത്തെത്തി നേരിൽ കണ്ട് വിഷയങ്ങൾ സംസാരിച്ചു.  പ്രവാസ ലോകത്തെ പ്രയാസങ്ങൾ അറിഞ്ഞവരാണ് പലരും. പ്രാരാബ്ധം കാരണം കടം വാങ്ങിയാണ് പലരും വിസക്കും, ടിക്കറ്റിനും പണം നൽകിയത്. ഇത്തരം നിരവധി കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരായ ഏജൻറുമാരുടെ കെണിയിലകപ്പെട്ടതാണ്. നിയമ സഹായമുൾപ്പെടെ ചെയ്ത് കൊടുക്കാൻ ഞങ്ങൾ സന്നദ്ധരാണെന്നറിയിച്ചു. ആദ്യം അവരോട് തന്നെ മാനേജ്മെൻറുമായി കാര്യങ്ങൾ സംസാരിച്ച് വിവരങ്ങൾ അറിയിക്കാൻ പറഞ്ഞു. ശേഷം എമ്പസിയിൽ റിപ്പോർട്ട് ചെയ്ത് വിഷയത്തിൽ ഇടപെടാമെന്നറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സലാം സാഹിബ് TVS നെ വിളിച്ച് ഞങ്ങൾ രണ്ട് ക്യാമ്പുകളിലേക്ക് കുറച്ച് പച്ചക്കറി ആവശ്യമുണ്ടെന്നറിയിച്ചു. എല്ലാം റെഡിയാണ് രാവിലെ 9 മണിക്ക് നിങ്ങൾ എത്തിയാൽ മതിയെന്ന് പറഞ്ഞു. പ്രിയപ്പെട്ട സലാം സാഹിബ് TVS ഉം സിറാജ് ഭായിയും, സഹോദരങ്ങളും ആവശ്യപ്പെട്ടതിൽ കൂടുതൽ പച്ചക്കറി വാഹനത്തിൽ  അവർ ഞങ്ങളെ യാത്രയാക്കി.

രണ്ടാഴ്ച മുമ്പ് 6 ട്രെയിലർ ഡ്രൈവർമാരുടെ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ വിസയിലെത്തി 3 മാസം കഴിഞ്ഞിട്ടും ഇഖാമയെടുത്തിരുന്നില്ല. നിയമപരമായി മറ്റൊരു കമ്പനിയിലേക്ക് മാറാൻ അനുവാദമുണ്ട്. ജോലി കണ്ടെത്തിയെങ്കിലും സ്പോൺസർഷിപ്പ് മാറുന്നതിന് മുമ്പ് പുതിയ കമ്പനി മാനേജ്മെൻറ് നിലവിലുള്ള സ്പോൺസറെ വിളിച്ചപ്പോൾ ഇഖാമ ഇഷ്യു ചെയ്ത്  അവർ ഒളിച്ചോടിയതായി സ്പോൺസർ പരാതി നൽകി. ഇന്ത്യൻ എമ്പസിയിലും, തൊഴിൽ കോടതിയിലും തൊഴിലാളികളും കേസ് ഫയൽ ചെയ്തു. സ്പോൺസറുമായി വിഷയം സംസാരിച്ചപ്പോൾ ഓരോരുത്തർക്കും 31,000 റിയാൽ ആവശ്യപ്പെട്ടു. അത് നൽകാനാവില്ലെന്നും  ടിക്കറ്റിൻ്റെയും വിസയുടെയും തുക 3,000 റിയാൽ അവരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച് സ്പോൺസർഷിപ്പ് നൽകാനോ എക്സിറ്റടിക്കാനോ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യൻ അംബാസഡർ വന്നാലും അവർക്ക് സൗദിയിൽ നിന്ന് പുറത്ത് പോകാനാകില്ലെന്ന് സ്പോൺസറുടെ വക്കീൽ പറഞ്ഞു. അത് വെല്ലുവിളിയായി ഞങ്ങളും സ്വീകരിച്ചു.കേസുമായി മുന്നോട്ട് പോകാൻ തൊഴിലാളികളോട് പറഞ്ഞു. അവർ കൂടുതൽ പ്രശ്നത്തിലേക്ക് പോകുമെന്ന് ഭയപ്പെട്ട് കേസുമായി മുന്നോട്ട് പോകാൻ സമ്മതിക്കാത്തതിനാൽ എമ്പസിയിൽ രെജിസ്റ്റർ ചെയ്ത് തർഹീലിൽ നിന്ന് നാല് പേരുടെ എക്സിറ്റ് വിസ ലഭിച്ചു അവർ നാട്ടിലേക്ക് തിരിച്ചു. ബാക്കി രണ്ട് പേരു രേഖകൾ വൈകാതെ ലഭിക്കും.

വിസ തട്ടിപ്പിനിരയായ 17 പേരുടെ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 5 മാസമായി വന്നിട്ട്, ശമ്പളം ലഭിച്ചിട്ടില്ല. മഞ്ചേശ്വരം മണ്ഡലം കെഎംസിസി ഭാരവാഹികൾ വഴി ഇന്നവർക്ക് ഭക്ഷണം എത്തിച്ചു.

ഈ കേസുകളുമായി  സഹകരിച്ച റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി പി മുസ്ഥഫ സാഹിബ്, സാമൂഹ്യ പ്രവർത്തകൻ നേവൽ ഭായ്, ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥർ, സലാം സാഹിബ്, റൈസ് ബാങ്ക് ടീം, അക്ബർ അലി (ICF), ഫവാസ്, സജ്ന,  സഹപ്രവർത്തകരായ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങ് കൺവീനർമാരായ അശ്റഫ് മണ്ണാർക്കാട്, ഷറഫ് മടവൂർ ,മജീദ് പരപ്പനങ്ങാടി, ഷിഹാബ് പുത്തേഴത്ത്, ദഖ്വാൻ വയനാട്, അബ്ദുൽ സമദ് ,ജാഫർ സ്വാദിഖ്,  മഞ്ചേശ്വരം കെഎംസിസി ഭാരവാഹികളായ ഇസ്ഹാഖ്, മുഹമ്മദ് കുഞ്ഞി, ഖാദർ സാഹിബ്, ഇബ്രാഹിം മഞ്ചേശ്വരം, ഷരീഫ്  എല്ലാവർക്കും നന്ദി.

നിങ്ങൾ ചെയ്ത സൽകർമ്മങ്ങളെ നാഥൻ സ്വീകരിക്കട്ടെ. ആ സഹോദരങ്ങളുടെ പ്രയാസം എത്രയും വേഗം പരിഹരിക്കപ്പെടട്ടെ. പുതിയ വിസയിൽ നാട്ടിൽ നിന്ന് വരുന്നവർ സ്പോൺസറെ കുറിച്ച് വ്യക്തമായി അറിയാൻ ശ്രമിക്കുക. തൊഴിൽ കരാറുകളും മറ്റു രേഖകളും ഒപ്പിടുമ്പോൾ ശ്രദ്ധിക്കുക. അതിൻ്റെയെല്ലാം പകർപ്പുകൾ സൂക്ഷിക്കുക. ഭാഷാ പരിജ്ഞാനമില്ലെങ്കിൽ രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് തർജമ ആവശ്യപ്പെടുക.  പാവപ്പെട്ട പ്രവാസികളെ ഇനിയും പരീക്ഷിക്കരുതെന്ന് വിസ ഏജൻറുമാരോട് വീണ്ടും അഭ്യർത്ഥിക്കുന്നു.
പ്രാർത്ഥനയോടെ, സിദ്ദീഖ് തുവ്വൂർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്