Wednesday, November 27, 2024
Saudi ArabiaTop Stories

1400 വർഷമായി തുറന്നിട്ടിരിക്കുന്ന മദീനാ പള്ളിയിലെ ജനലിന്റെ പിറകിലെ കഥയറിയാം

നബി സ്വല്ലല്ലാഹുബലൈഹി വസല്ലം അന്ത്യ വിശ്രമ കൊള്ളുന്ന മസ്ജിദുന്നബവിയിൽ നിലവിലുള്ള, കഴിഞ്ഞ 1400 വർഷമായി ഇത് വരെയും അടയാത്ത ഒരു ജനലിന്റെ പിറകിലെ ചരിത്രം ആർക്കും കൗതുകം ഉണർത്തുന്ന ഒന്നാണ്.

നബി (സ) ക്ക് സലാം പറഞ്ഞ് പുറകിലേക്ക് തിരിഞ്ഞ് നോക്കിയാൽ ഈ അടയാത്ത ജനൽ കാണാൻ സാധിക്കും. ചരിത്ര ഗ്രന്ഥങ്ങളിൽ “ഖൂഖ ഹഫ്സ്വ” എന്നാണ് ഈ ജനലിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

14 നൂറ്റാണ്ടായിട്ടും ഇന്നും ഈ ജനൽ അടക്കാതെ തുറന്നിട്ടിരിക്കുന്നതിന് പിന്നിൽ വലിയ ഒരു ചരിത്രം തന്നെയുണ്ട്. ഒരു പിതാവ് തന്റെ മകൾക്ക് നൽകിയ വാക്കിന്റെ സ്മാരകമായും അതിലുപരിയായി  നബിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ബാക്കിപത്രമായുമാണ് ഈ ജനൽ നില കൊള്ളുന്നത്. ആ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഖലീഫ ഉമർ (റ) മസ്ജിദുന്നബവിയുടെ വികസനം നടത്തുന്ന സമയം.
ഉമർ റളിയല്ലാഹു അൻഹുവിന്റെ മകളും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഭാര്യയുമായ ഹഫ്സ്വ (റ) വിന്റെ വീട് നില നിന്നിരുന്നത് വികസനം ആവശ്യമായ ഏരിയയിൽ ആയിരുന്നു.

സ്വാഭാവികമായും മസ്ജിദ്  വികസനത്തിന്റെ ഭാഗമായി ഹഫ്സ ബീവിയുടെ വീടും നീക്കം ചെയ്യേണ്ടിയിരുന്നു. എന്നാൽ  തന്റെ ഭർത്താവായ മുഹമ്മദ് നബി (സ) തന്നോടൊപ്പം കിടന്നുറങ്ങിയിരുന്ന ആ മുറി വിട്ട് പിരിയാൻ ഹഫ്സ ബീവിക്ക് സാധിക്കുമാായിരുന്നില്ല. ഉമർ (റ)  വീട് വിട്ടൊഴിയാൻ സമ്മർദ്ദം ചെലുത്തിയിട്ടും മകൾ വഴങ്ങിയില്ല. ഒടുവിൽ ഉമർ (റ) തന്റെ മകൻ അബ്ദില്ലാഹിബ് നു ഉമർ (റ) മുഖേന കാര്യത്തിന്റെ ഗൗരവം ഹഫ്സാ ബീവിയെ ബോധ്യപ്പെടുത്തി.

സഹോദരൻ അബ്ദുല്ല ഹഫ്സ ബീവിയോട് പ്രസ്തുത മുറി വിട്ടൊഴിഞ്ഞാൽ പകരം റൗളക്ക് അഭിമുഖമായി നിൽക്കുന്ന സ്ഥലത്തുള്ള അദ്ദേഹത്തിന്റെ വീട് നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ ഹഫ്സ ബീവി ഒടുവിൽ അതിനു സമ്മതിച്ചു.

അതേ സമയം സഹോദരനോട് താമസം മാറാൻ പോകുന്ന വീടിന്റെ ജനൽ എന്നും തുറന്നിടാൻ അനുമതി വേണമെന്ന് ഹഫ്സ ബീവി വ്യവസ്ഥ ചെയ്തു. ജനലിലൂടെ എപ്പോഴും തിരുനബിയൂടെ ഖബർ കാണാം എന്നതായിരുന്നു ആ ആവശ്യത്തിന്റെ പിറകിൽ ഉണ്ടായിരുന്നത്. പിതാവ്  ഉമർ (റ) അത് അംഗീകരിക്കുകയും ജനൽ ഒരിക്കലും അടക്കില്ലെന്ന് വാഗ്ദത്വം ചെയ്യുകയും ചെയ്തു.

പ്രവാചക സ്നേഹത്തിന്റെ ബാക്കി പത്രമായും ഒരു പിതാവ് മകൾക്ക് നല്കിയ ഉറപ്പിന്റെ സ്മാരകമായും 1400 വർഷം മുമ്പ് തുറന്നിട്ട ആ ജനൽ  ഇന്നും അടയാതെ മസ്ജിദുന്നബവിയിൽ നില കൊള്ളുന്നു.

നിരവധി രാജാക്കന്മാരും ഖലീഫമാരും മസ്ജിദുന്നബവി പിന്നീട് പല വട്ടം വികസിപ്പിച്ചെങ്കിലും ഈ സ്നേഹ ജാലകം ഇന്നും പള്ളിയിൽ തുറന്ന് തന്നെ നില നിൽക്കുന്നത് ആർക്കും പോയാൽ കാണാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്