സഞ്ചാരികളെ മാടി വിളിച്ച് താഇഫിലെ സൂര്യകാന്തികൾ
✍️നജ്മുദ്ദീൻ മുല്ലപ്പള്ളി .ജിദ്ദ
ജിദ്ദ: സൗദിയിലെ പ്രകൃതി സ്നേഹികൾക്ക് എന്നും പുതുമകൾ നൽകുന്ന ഒരു പ്രദേശമാണ് മക്ക പ്രവിശ്യയിലെ ത്വാഇഫ് എന്ന് എല്ലാവർക്കുമറിയാം. ഇപ്പോൾ പ്രകൃതി സ്നേഹികൾക്കും സഞ്ചാരികൾക്കും നയന വിസ്മയം നൽകുന്ന ത്വാഇഫിലെ സൂര്യകാന്തിച്ചെടികളാണ് ആകർഷണീയം.
സൗദിയിലെ അൽ ബാഹയിൽ സൂര്യകാന്തികൃഷിയുണ്ടെന്നറിഞ്ഞ് ജിദ്ദയിൽ നിന്ന് ഞങ്ങൾ ഒരു ഒഴിവ് ദിവസം അൽബാഹയിലേക്ക് യാത്ര പ്ലാൻ ചെയ്തപ്പോഴേക്കും അവിടെയും സൂര്യകാന്തി വിളവെടുപ്പ് കഴിഞ്ഞിരുന്നു. അതിനിടക്കായിരുന്നു സുഹൃത്ത് അക്ബറിന്റെ ഒരു ഫോൺകോൾ വന്നത്. എപ്പോഴും അന്വേഷിക്കാറുള്ള സൂര്യകാന്തി തോട്ടം താഇഫിലെ റക്കാൻ എന്ന ഗ്രാമത്തിൽ ഉണ്ടെന്നായിരുന്നു അവൻ അറിയിച്ചത്. പിന്നീട് ഒന്നും ആലോചിക്കാതെ അടുത്ത ഒഴിവ് ദിവസമായ വെള്ളിയാഴ്ച ഭാര്യയെയും എന്റെ സുഹൃത്തും സഹയാത്രികനുമായ രാജേഷിനെയും ഫാമിലിയെയും കൂട്ടി താഇഫിലോട്ട് യാത്ര തിരിച്ചു.
തായ്‌ഫിൽ ടൗണിൽ നിന്നും ജിദ്ദ മക്കാ റൂട്ടിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ചാൽ മെയിൻ റോഡിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് വിജനമായ സ്ഥലത്തിലൂടെ ഇരുഭാഗത്തും പാറക്കെട്ടുകളുടെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്. ഇതിലൂടെയുള്ള യാത്ര തന്നെ നമ്മെ ആവശഭരിതരാക്കുന്നതാണ്. ഈ റോഡിലൂടെ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് ഒരു ബോർഡ് (വർദ് താഇഫ് )എന്ന് പേരുള്ള കൃഷി തോട്ടം കാണാം.
ഒരു സൗദി പൗരൻ തന്റെ കൃഷിയിടത്തിൽ വളർത്തുന്ന സൂര്യകാന്തി ചെടികൾ ആണ് ഇവിടത്തെ പ്രധാന ആകർഷണീയത. തോട്ടത്തിൽ സൂര്യകാന്തിക്ക് പുറമെ സ്റ്റോബറി,റോസ് പലതരം പുഷ്പങ്ങൾ എന്നിവയെല്ലാം സൗദി പൗരൻ കൃഷി ചെയ്യുന്നുണ്ട്.
തന്റെ തോട്ടം സന്ദർശിക്കാൻ വരുന്ന അതിഥികൾക്കായി പ്രകൃതിയോട് ഇണങ്ങിയ ചെറിയ ചെറിയ തമ്പുകൾ, ഹട്ടുകൾ, കോഫി ഷോപ്പുകൾ എന്നിവയെല്ലാം ഉടമ ഒരുക്കിയിരിക്കുന്നു.
ഏറെ കാണാൻ കൊതിച്ച സൂര്യകാന്തികളോട് ഒരുപാട് നേരം കുശലം പറഞ്ഞ് യാത്രയും ചൊല്ലി ഞങ്ങൾ പോയത് സ്റ്റോബറി ഫാമിലേക്ക്. അവിടെ പ്രവേശിക്കാൻ ഒരാൾക്ക് പത്തു റിയാൽ ഫീസ് കൊടുക്കേണ്ടതുണ്ട്. ഈ ഫാം അവിടുത്തെ ജോലിക്കാർ വളരെ കരുതലോടെയാണ് പരിപാലിച്ചു പോകുന്നത്. സന്ദർശകർ ആരെങ്കിലും സ്റ്റോബറി തൊടുന്നതും പറിക്കുന്നതും വളരെ കരുതലോടെ അവിടുത്തെ ജോലിക്കാർ നിരീക്ഷിക്കുന്നുണ്ട്. ആവശ്യക്കാർക്ക് 25 റിയാൽ കൊടുത്താൽ നമ്മൾ ആവശ്യപ്പെടുന്ന സ്റ്റോബറി അവരുടെ മുന്നിൽ വച്ച് ചെറിയ കപ്പിൽ പറിക്കാം.
25 റിയാലിനു ലഭിക്കുന്ന സ്റ്റ്രോബറിയുടെ അളവ് നിരാശരാക്കുമെങ്കിലും ഫ്രഷ് ആയിത്തന്നെ പറിക്കാമല്ലോ എന്നത് ആ നിരാശ മാറ്റിത്തരും.
സ്ട്രോബെറി ഫാമിൽ നിന്നും പുറത്തിറങ്ങി സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള തമ്പുകളിൽ വിശ്രമിച്ച് അവിടെ കൃഷി ചെയ്യുന്ന മറ്റു പൂക്കളും കണ്ട് ഏറെ നാൾ മനസ്സിൽ താലോലിച്ച സൂര്യകാന്തി ഫാം എന്ന സ്വപ്നം പൂർത്തിയാക്കിയ സായൂജ്യത്തിൽ വൈകുന്നേരത്തോടെ ഞങ്ങൾ ജിദ്ദയിലോട്ട് മടക്ക യാത്ര ആരംഭിച്ചു.
ഈ ഫാം എല്ലാ ദിവസങ്ങളിലും രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ ആണ് പ്രവർത്തനം. വെള്ളി രാവിലെ 7 മണി മുതൽ 11വരെയും ഉച്ചക്ക് 2 മണി മുതൽ രാത്രി 11മണിവരെയും ആണ് പ്രവേശനം അനുവദിക്കുന്നത്.
By: നജ്മുദ്ധീൻ മുല്ലപ്പള്ളി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa