Friday, November 22, 2024
QatarTop Stories

വിൻസന്റ് അബൂബക്കറിന് ചുവപ്പ് കാർഡ്: കാമറൂൺ ബ്രസീലിനെയും കൊറിയ പോർച്ചുഗലിനെയും അട്ടിമറിച്ചു

ലോകക്കപ്പിലെ അവസാന ദിവസ ഗ്രൂപ് പോരാട്ടങ്ങൾ സാക്ഷ്യം വഹിച്ചത് രണ്ട് അട്ടിമറികൾക്ക്. ഗ്രൂപ് എച്ചിൽ സൗത്ത് കൊറിയ പോർച്ചുഗലിനെയും ഗ്രൂപ്പ് ജിയിൽ കാമറൂൺ ബ്രസീലിനെയും ആയിരുന്നു തോൽപ്പിച്ചത്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗത്ത് കൊറിയ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്. അഞ്ചാം മിനുട്ടിൽ റിക്കാർഡോയിലൂടെ പോർച്ചുഗൽ ലീഡ് നേടിയെങ്കിലും 27 ആം മിനുട്ടിൽ കിം യംഗും 91 ആം മിനുട്ടിൽ ഹ്വാങ്ങ് ഹീയും നേടിയ ഗോളുകളിലൂടെ സൗത്ത് കൊറിയ വിജയം ഉറപ്പിക്കുകയായിരുന്നു.

92 ആം മിനുട്ടിൽ വിൻസൻ്റ് അബൂബക്കർ നേടിയ ഗോളിനായിരുന്നു കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. എന്നാൽ വിജയിച്ചെങ്കിലും ഗ്രൂപ് പോയിൻ്റ് നിലയിൽ മൂന്നാം സ്ഥാനക്കാരായതിനാൽ മെരുങ്ങാത്ത സിംഹങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന കാമറൂൺ പ്രീക്വാർട്ടർ കാണാതെ പുറത്തായി.

അതേ സമയം ഗോളടിച്ച സന്തോഷത്തിൽ ജഴ്സി ഊരിയതിനു  വിൻസന്റ് അബൂബക്കറിനു മഞ്ഞക്കാർഡ് ലഭിച്ചു. കളിയിൽ നേരത്തെ ഒരു മഞ്ഞക്കാർഡ് ഫൌൾ ചെയ്തതിനു ലഭിച്ചിരുന്നതിനാൽ റഫറി ചുവപ്പ് കാർഡ് പുറത്തേടുക്കുകയും വിൻസന്റ് അബൂബക്കർ ഗ്രൌണ്ടിൽ നിന്ന് പുറത്ത് പോകേണ്ടി വരികയും ചെയ്യുകയായിരുന്നു .

ഗ്രൂപ് ജിയിൽ നിന്ന് ബ്രസീലും സ്വിറ്റ്സർലൻ്റും ആണ് പ്രീക്വാർട്ടർ യോഗ്യത നേടിയത്. ഇന്നലെ നടന്ന അവസാന ഗ്രൂപ് മത്സരത്തിൽ സ്വിറ്റ്സർലൻ്റ് സെർബിയയെ 3-2 നു തോൽപ്പിച്ചിരുന്നു.

ഗ്രൂപ് എച്ചിൽ നിന്ന് പോർച്ചുഗലും സൗത്ത് കൊറിയയും പ്രീക്വാർട്ടറിൽ കടന്നു. ഇന്നലെ അവസാന ഗ്രൂപ് മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് ഗാനയെ തോല്പിച്ച ഉറുഗ്വെ പോയിൻ്റ് നിലയിൽ സൗത്ത് കൊറിയക്കൊപ്പം തുല്യത കൈവരിച്ചെങ്കിലും ഗോൾ ശരാശരിയിൽ സൗത്ത് കൊറിയക്കായിരുന്നു പ്രീക്വാർട്ടറിൽ കടക്കാൻ യോഗ്യത ലഭിച്ചത്.

ഗ്രൂപ് മത്സരങ്ങൾ അവസാനിച്ച് അവസാന 16 ലൈനപ്പ് ആയതോടെ ഇന്ന് മുതൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്