Sunday, November 24, 2024
Saudi ArabiaTop Stories

സൈനാത്താന്റെ ആഗ്രഹം പൂവണിഞ്ഞു; ഇനി അന്ത്യ വിശ്രമം വിശുദ്ധ മക്കയിൽ

മക്ക: നാട്ടിൽ നിന്ന് സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്ക് വന്ന് മക്കയിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശിനി കുന്നത്ത് സൈനബയെ ഇന്ന് സുബ്ഹി നമസ്കാരനന്തരം ഹറമിലെ ജനാസ നമസ്കാരത്തിന് ശേഷം ജന്നത്തുൽ മുഅല്ലയിൽ മറവ് ചെയ്തു.

ഉംറ നിർവ്വഹിച്ചു മദീനയിലേക്ക് പോകാനൊരുങ്ങുമ്പോൾ മക്കയിൽ വെച്ചായിരുന്നു സൈനബ എന്ന സൈനാത്തയുടെ അന്ത്യം.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി കാരശ്ശേരിയുടെ പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇവർ. തൊഴിലുറപ്പ് പദ്ധതിയിലൂടെ കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് പൂച്ചകൾക്ക് മീനും മറ്റും നൽകി വീട്ടിൽ വളർത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു. ഓരോ പൂച്ചയേയും പേര് വിളിച്ചാണ് ഭക്ഷണം കൊടുത്തിരുന്നതെന്നും ദിവസവും 100 ഉം, 150 ഉം രൂപക്ക് മീൻ വാങ്ങി പൊരിച്ച് പൂച്ചകളെ ഭക്ഷിപ്പിക്കൽ പതിവായിരുന്നെന്നും നാട്ടുകാർ ഓർക്കുന്നു.

ധർമ്മങ്ങളായും, തൊഴിലുറപ്പിൽ നിന്ന് കിട്ടിയതുമായ വരുമാനവും കൊണ്ടാണ് ഉംറക്ക് പോയത്. കുട്ടികളില്ലാത്ത സൈനാത്ത രോഗിയായി കിടക്കാതെ വിട പറയണമെന്നാഗ്രഹിച്ചിരുന്നു. താൻ മരിച്ചാൽ തൻ്റെ അന്ത്യകർമ്മങ്ങൾക്ക് വേണ്ടി വരുന്ന കാശ് വർഷങ്ങൾക്ക് മുമ്പേ ബന്ധുവിനെ ഏല്പിക്കുകയും ചെയ്തിരുന്നു.

ഉംറക്ക് പോകാനൊരുങ്ങി യാത്ര പറയുമ്പോൾ ആ പുണ്യ ഭൂമിയിൽ വെച്ച് മരിക്കണമെന്ന് പലരോടും ആഗ്രഹം പറഞ്ഞിരുന്നുതായി ബന്ധപ്പെട്ടവർ ഓർക്കുന്നു. ഏതായാലും അവരുടെ ആഗ്രഹം പോലെ വിശുദ്ധ ഭൂമിയിൽ തന്നെ അന്ത്യവിശ്രമത്തിനവസരം ലഭിച്ചിരിക്കുകയാണ്.

എംബസ്സി,മറ്റു നിയമകാര്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ICF മക്ക പ്രൊവിൻസ് ക്ഷേമകാര്യ സെക്രട്ടറി റഷീദ് വേങ്ങര, മക്ക സെൻട്രൽ സെക്രടറി അബ്ദുൽ റഷീദ് അസ്ഹരി, അബൂബക്കർ കണ്ണുർ ,ഹനീഫ് അമാനി,അബ്ദുൽ ലതീഫ് ഹാജി, ഹംസം മേലാറ്റൂർ എന്നിവർ നേതൃത്വം നൽകി.  ഉംറ ഗ്രുപ്പ് അംഗങ്ങളും മരണാനന്തര ചടങ്ങുകളിൽ ഭാഗമായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്