Friday, November 22, 2024
Saudi ArabiaTop Stories

ഹുറൂബായവരുടെ കഫാല മാറുന്നതിനുള്ള സമയപരിധി വ്യക്തമാക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം

ഹുറൂബായ (ജോലിയിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട) വിദേശ തൊഴിലാളികൾ മന്ത്രാലയത്തിന്റെ അപ്രൂവൽ കിട്ടി 15 ദിവസത്തിനുള്ളിൽ സ്പോൺസർഷിപ്പ് മാറണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

സമയപരിധിക്കുള്ളിൽ സ്പോൺസർഷിപ്പ് മാറിയില്ലെങ്കിൽ തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബ് ആയിത്തന്നെ നില നിൽക്കും.

തൊഴിലുടമകൾ ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളെ ഹുറൂബാക്കുന്നത് സംബന്ധിച്ച തൊഴിൽ നിയമ ചട്ടങ്ങളിലെ പുതിയ അപ്‌ഡേറ്റുകളുടെ ഭാഗമാണിതെന്ന് മന്ത്രാലയം അറിയിച്ചു.

തൊഴിലുടമകൾക്ക് ഹുറൂബായ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് അവരുടെ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ അനുവാദമുണ്ട്, ഇത്തരം തൊഴിലാളികളുടെ  ഫീസിന്റെ കുടിശ്ശിക പുതിയ തൊഴിലുടമയുടെ ഉത്തരവാദിത്വമായിരിക്കുമെന്നും മന്ത്രാലയ വാക്താവ് സഅദ് അൽ ഹമ്മാദ് പറഞ്ഞു.

ഒരു തൊഴിലാളിയുമായുള്ള കരാർ ബന്ധം അവസാനിപ്പിക്കാൻ തൊഴിലുടമ അപേക്ഷ സമർപ്പിക്കുന്നതോടെ അയാളുമായുള്ള എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും നിലവിലെ തൊഴിലുടമ ഒഴിവാകും. അയാളുടെ സ്റ്റാറ്റസ് ജോലിയിൽ അവസാനിപ്പിച്ചു എന്നാകും.

ഇത്തരം സാഹചര്യത്തിൽ 60 ദിവസത്തിനുള്ളിൽ തൊഴിലാളി എക്സിറ്റ് അടിക്കാതിരിക്കുകയോ സ്പോൺസർഷിപ്പ് മാറാതിരിക്കുകയോ ചെയ്‌താൽ ജോലി അവസാനിപ്പിച്ചു എന്നത് ജോലിയിൽ നിന്ന് ഒളിച്ചോടി എന്നായി മാറുമെന്ന് മന്ത്രാലയം നേരത്തെ ഓർമ്മിപ്പിച്ചിരുന്നു.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സൗദി തൊഴിൽ വിപണിയുടെ കാര്യക്ഷമതയും ആകർഷണീയതയും ഉയർത്തുന്നതിനുമാണ് ഈ നടപടികളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അൽ ഹമ്മാദ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്