Sunday, November 24, 2024
Saudi ArabiaTop Stories

വില്ലനായത് പഴയ ഇഖാമ; സൗദി ജയിലിലായ മലയാളിയുടെ അനുഭവം ആവർത്തിക്കാതിരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കുക

റിയാദ്: നാട്ടിലേക്കുള്ള യാത്രക്കിടെ ബോർഡിങ് പാസെടുത്ത ശേഷം പത്തനംതിട്ട സ്വദേശി ജയിലിലായ സംഭവം പ്രവാസി മലയാളികൾക്ക് ഒരോർമ്മപ്പെടുത്തലാണ്.

റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗൾഫ് എയര്‍ വിമാനത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പന്തളം സ്വദേശി വിപിന്‍ ബാലനെയായിരുന്നു റിയാദ് നാർകോട്ടിക് ജയിലില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്കുള്ള ഗൾഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാൻ ബോഡിംഗ് പാസെടുത്ത വിപിൻ എമിഗ്രേഷനില്‍ എത്തിയപ്പോഴാണ് തന്റെ പേരിൽ ഒരു കേസുണ്ടെന്ന് അറിഞ്ഞത്. 

നാലു വർഷം മുമ്പ് കാറില്‍ മയക്കുമരുന്ന് കടത്തിയ കേസായിരുന്നു വിപിന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ താൻ നിരപരാധിയാണെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിപിനെ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഈ സമയം താന്‍ പൊലീസ് പിടിയിലാണെന്ന മെസേജ് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും അവര്‍ സ്‌പോൺസറെയും കെ എം സി സിയുടെ സാമൂഹിക പ്രവർത്തരെയും അറിയിക്കുകയും ചെയ്തത് വിപിന് പെട്ടെന്നുള്ള മോചനത്തിന് വഴി തുറക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സ്‌പോൺസറുടെയും ഇടപെടലില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി വിപിനെ ജാമ്യത്തിലിറക്കി. വരും ദിവസങ്ങളില്‍ കേസിന്റെ മറ്റു നടപടികള്‍ കൂടി പൂർത്തിയാക്കുമെന്ന് യുവാവിനെ സഹായിക്കുന്ന സാമൂഹിക പ്രവർത്തകനും റിയാദ് കെ എം സി സി വെൽഫയര്‍ വിങ് ചെയര്‍മാനുമായ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.

നാലുവർഷം മുമ്പ് റിയാദില്‍ മറ്റൊരു കഫീലിന്റെ കീഴിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന വിപിൻ റെൻറ് എ കാർ കമ്പനിയിൽനിന്ന് വാടകക്കെടുത്ത കാറായിരുന്നു ഓടിച്ചിരുന്നത് . റോഡ് സൈഡില്‍ നിർത്തിയിട്ടിരുന്ന കാര്‍ ഒരു ദിവസം രാത്രി മോഷണം പോയിരുന്നു. മോഷണം സംബന്ധിച്ച് പിറ്റേന്ന് രാവിലെ സ്‌പോൺസറോടൊപ്പം പൊലീസില്‍ പരാതി നൽകുകയും ചെയ്തു.

അതേ സമയം വാഹനം മോഷണം പോയ കാരണത്താല്‍ ഇനി ജോലിയില്‍ തുടരേണ്ടതില്ലെന്ന് പറഞ്ഞ് കഫീൽ വിപിനെ ഫൈനല്‍ എക്‌സിറ്റടിച്ച് നാട്ടിലയച്ചു. കുറച്ച് മാസത്തിനുശേഷം യുവാവ് പുതിയ വിസയില്‍ സൗദിയിൽ തിരിച്ചെത്തുകയായിരുന്നു. എന്നാൽ കാണാതായ കാര്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെടുകയും പോലീസ് കാര്‍ പരിശോധിച്ചപ്പോള്‍ വിപിന്റെ ഇഖാമ കാറിൽ നിന്ന് കിട്ടുകയും ഇതനുസരിച്ചാണ് യുവാവിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.

ഏതായാലും സൗദിയിൽ ഇല്ലാതിരുന്നിട്ട് പോലും യുവാവ് കേസിൽ പ്രതിയാകേണ്ടി വന്നത് തന്റെ ഇഖാമ മോഷ്ടിക്കപ്പെട്ട കാറിൽ ഉണ്ടായിരുന്നതാണെന്ന് വ്യക്തമാണ്.  ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇഖാമയോ ഇഖാമാ കോപ്പിയോ മറ്റു രേഖകളോ ഒരു സ്ഥലത്തും അലക്ഷ്യമായി ഇടരുതെന്ന് സമൂഹിക പ്രവർത്തകർ ശക്തമായ മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ  മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്