Thursday, November 21, 2024
Saudi ArabiaTop Stories

സൗദി സ്ഥാപക ദിന അവധി ലഭിക്കൽ തൊഴിലാളിയുടെ അവകാശം

സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22 ബുധനാഴ്ച അവധി ലഭിക്കൽ രാജ്യത്തെ ഓരോ തൊഴിലാളിയുടെയും അവകാശമാണ്.

സ്പോൺസർ അവധി നൽകിയില്ലെങ്കിൽ ഓരോ തൊഴിലാളിക്കും 5000 റിയാൽ എന്ന തോതിൽ സ്പോൺസർക്ക് പിഴ ചുമത്തും.

അതേ സമയം ചില പ്രത്യേക സാഹചര്യങ്ങളിൽ അവധി നൽകാൻ സാധിക്കാത്ത തൊഴിൽ മേഖലകൾ ഉണ്ടാകും.

ഇത്തരം പ്രത്യേക മേഖലകളിലെ തൊഴിലാളിക്ക് അവധി നൽകിയില്ലെങ്കിൽ അന്നേ ദിവസം ജോലി ചെയ്യുന്നതിന് ഓവർ ടൈം മണി നൽകൽ സ്പോൺസറുടെ ഉത്തരവാദിത്വം ആണ്.

ഓവർ ടൈം മണി ലഭിക്കുന്നത് സംബന്ധിച്ച് വിവരണം ആവശ്യപ്പെട്ട് ‘അറേബ്യൻ മലയാളി’യുമായി നിരവധി പ്രവാസികൾ ബന്ധപ്പെട്ടിരുന്നു. സൗദി തൊഴിൽ നിയമ പ്രകാരം ഓവർ ടൈം മണി നൽകുന്നതിനു വ്യക്തമായ മാർഗ രേഖയുണ്ട്. ഓവർ ടൈം മണിക്കൂറിനനുസരിച്ചാണു ഓവർ ടൈം മണി കണക്കാക്കുന്നത്.

ഒരു തൊഴിലാളിയുടെ ഫുൾ സാലറിയെ 30 ദിവസം കൊണ്ട് ഹരിക്കുംബോൾ ലഭിക്കുന്ന തുകയെ ഒരു ദിവസത്തെ തൊഴിൽ സമയമായ 8 മണിക്കൂർ  കൊണ്ട് ഹരിച്ചതാണു അയാളുടെ ഒരു മണിക്കൂർ വേതനം. ഈ ഒരു മണിക്കൂർ വേതനവും അയാളുടെ ബേസിക് സാലറിയെ ഒരു മണിക്കൂർ അടിസ്ഥാനത്തിൽ കണക്കാക്കുംബോൾ ലഭിക്കുന്ന തുകയുടെ പകുതിയും ചേർത്താണ് ഒരു തൊഴിലാളിക്ക് ഓരോ മണിക്കൂറിനും ഓവർ ടൈം നൽകേണ്ടത്.

ഉദാഹരണമായി ഒരാളുടെ മാസ ഫുൾ ശമ്പളം 3000 റിയാൽ ആണെന്ന് കരൂതുക. അയാളുടെ പ്രതിദിന വരുമാനം 30 ദിവസം കൊണ്ട് ഹരിച്ചാൽ 100 റിയാൽ എന്ന് കിട്ടും. അയാളുടെ ഒരു മണിക്കൂർ വേതനം 100/8= 12.5 റിയാൽ ആണ്‌. ഇനി അയാളുടെ എഗ്രിമെന്റ് പ്രകാരമുള്ള ബേസിക് സാലറി 2400 റിയാൽ ആണെന്നും കരുതുക. അതിനെ 30 ദിവസം കൊണ്ട് ഹരിച്ചാൽ 80 റിയാൽ ആയിരിക്കും പ്രതിദിന വേതനം. അയാളുടെ ഒരു മണിക്കൂർ ബേസിക് വേതനം 80/8= 10 റിയാൽ ആയിരിക്കും.

ഇനി അയാളുടെ ഓവർ ടൈം മണി കാണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അയാൾ 8 മണിക്കൂർ ആണ് ഓവർ ടൈം ഡ്യൂട്ടി എടുത്തത് എന്ന് കരുതുക. ഫുൾടൈം സാലറിയുടെ ഒരു മണിക്കൂർ അടിസ്ഥാനത്തിലുള്ള തുകയായ 12.5 റിയാലും ബേസിക് സാലറിയുടെ ഒരു മണിക്കൂർ അടിസ്ഥാനത്തിലുള്ള തുകയായ 10 റിയാലിന്റെ പകുതി തുകയായ 5 റിയാലും ആണു ഒരു മണിക്കൂറിനു അയാൾക്ക് തൊഴിലുടമ നൽകേണ്ടത്. അപ്പോൾ 8 മണിക്കൂറിനു 8 × [12.5+(10×50%)] = 140 റിയാൽ അയാൾക്ക് തൊഴിലുടമ വേതനം നൽകണം എന്നർഥം.

സൗദി തൊഴിൽ നിയമ പ്രകാരം തൊഴിലാളികൾക്ക് താഴെ വിവരിച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകിയില്ലെങ്കിൽ സ്പോൺസർക്ക് 5000 റിയാൽ പിഴ ചുമത്തും.

1. തൊഴിൽ കരാർ പ്രകാരമുള്ള വാരാന്ത്യ അവധി നൽകാതിരിക്കൽ.

2. ഓവർ ടൈം ആനുകൂല്യങ്ങൾ നൽകാതെ നിശ്ചിത തൊഴിൽ സമയത്തിലും അധികം സമയം ജോലി ചെയ്യിപ്പിക്കൽ.

3. നിശ്ചിത പ്രതിദിന വിശ്രമ സമയം അനുവദിക്കാതിരിക്കൽ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്