പെട്ടെന്ന് പണക്കാരനാകാനുള്ള മോഹം പല പ്രവാസികളെയും സൗദി ജയിലിനകത്തേക്ക് നയിക്കുന്നു
പെട്ടെന്ന് കാശുണ്ടാക്കാനുള്ള നിയമ വിരുദ്ധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന മലയാളികളടക്കമുള്ള പല പ്രവാസികളും സൗദിയിൽ ജയിലറക്കുള്ളിലാകുന്നതായി റിപ്പോർട്ടുകൾ.
ഇന്ത്യക്കാർ മയക്ക് മരുന്ന് കടത്ത് കേസുകളിൽ വളരെ കുറവാണെങ്കിലും മയക്ക് മരുന്ന് പോലെത്തന്നെ സൗദിയിൽ വിലക്കുള്ള ഖാത്ത് (ഒരിനം മയക്കു ചെടി) കടത്തിനു പല ഇന്ത്യക്കാരും പിടിക്കപ്പെടുന്നുണ്ട്.
ജിസാൻ പ്രവിശ്യയിൽ നിന്ന് സൗദിയുടെ മറ്റു പ്രവിശ്യകളിലേക്ക് ഖാത്ത് കടത്തുന്ന പ്രവാസികളാണ് ചെക്ക് പോസ്റ്റുകളിൽ പലപ്പോഴും പിടിക്കപ്പെടുന്നത്.
താത്ക്കാലികമായി ലഭിക്കുന്ന പണത്തിന്റെ വലിപ്പം കണ്ടാണ് എല്ലാവരും ഈ കുരുക്കിൽ ചെന്ന് ചാടുന്നത്. വാഹനങ്ങളിൽ അതി വിദഗ്ധമായാണ് കടത്ത് സാധനങ്ങൾ ഒളിപ്പിക്കുക.
സാംബത്തിക പ്രയാസം അനുഭവപ്പെടുന്ന പ്രവാസികളെ ചൂണ്ടയിട്ട് ഖാത്ത് കടത്തിനായി ചില വ്യക്തികൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അറേബ്യൻ മലയാളിക്ക് ചിലർ സൂചന തന്നിരുന്നു.
ഏതായാലും ഇത്തരം കെണികളിൽ പ്രവാസികൾ പെടാതെ സൂക്ഷിക്കണമെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ധാർമികപരമായി ചെയ്യുന്ന വലിയ പാതകം എന്നതിനോടൊപ്പം സൗദി നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന നടപടിയായതിനാൽ ശക്തമായ പരിശോധനയും തടവ് ശിക്ഷയും നാട് കടത്തലുമെല്ലം ഇത്തരക്കാർക്ക് നേരിടേണ്ടി വരും.
ഏജന്റുമാർ സുരക്ഷിതമെന്ന് വിശ്വസിപ്പിച്ചായിരിക്കും പലപ്പോഴും ഇത്തരം തിന്മക്ക് പ്രേരിപ്പിക്കുക. സുരക്ഷിതമെങ്കിൽ എന്ത് കൊണ്ട് അവർക്ക് തന്നെ കടത്തി ലാഭമുണ്ടാക്കിക്കൂടാ എന്ന ചോദ്യം ഇവരുടെ കെണികളിൽ വീഴാൻ പോകുന്നവർ സ്വയം ചോദിക്കുന്നത് നന്നാകും.
ഇത് പോലെത്തന്നെ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെട്ട കേസാണ് മദ്യ നിർമ്മാണം. പല കേസുകളിലും ഇന്ത്യക്കാർ പിടിക്കപ്പെടുന്നത് കാണാൻ സാധിക്കുന്നുണ്ട്.
ഇത്തരം കേസുകളിൽ പ്രവാസികൾ ചെന്ന് ചാടാതെ സൂക്ഷിക്കേണ്ടതുണ്ട്. പിടിക്കപ്പെട്ടാൽ നാട്ടിലുള്ള കുടുംബമാണ് കഷ്ടപ്പെടാൻ പോകുന്നതെന്നോർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa