Saturday, September 21, 2024
Saudi ArabiaTop Stories

വീണ്ടും ഞെട്ടിച്ച് സൗദി പൗരൻ; ഇന്ത്യക്കാരനു നാട്ടിൽ വീട് പണിത് നൽകും; കൂടെ നാല് വർഷത്തെ വേതനത്തിനു സമാനമായ തുകയും

അബഹ: നാല് പേർ കൊല്ലപ്പെട്ട വാഹനാപകടത്തെ തുടർന്ന് സൗദി ജയിലിലായിരുന്ന യു പി സ്വദേശി അവദേശ് ശേഖറിനു ഒടുവിൽ ജയിലിൽ മോചനം.

റിയാദിലെ ഹാദി ഹമൂദ് ഖത്ഹാനി എന്ന സൗദി യുവാവ് മുന്നിട്ടിറങ്ങിയാണ് കോടതി വിധിച്ച ദിയാ ധനം സൗദി പൗരന്മാരിൽ നിന്ന് സ്വരൂപിച്ച് കെട്ടിവെച്ച് ശേഖറിനെ ജയിലിൽ നിന്ന് മോചിതനാക്കിയത്.

സോഷ്യൽ മീഡിയയിൽ നടത്തിയ വിഡിയോ പോസ്റ്റുകളിലൂടെ സൗദികളിൽ നിന്ന് മോചന ദ്രവ്യത്തിനാവശ്യമായ തുക ശേഖരിച്ചാണ് ഹാദി വാഹനാപകട കേസിൽ നാലു വർഷക്കാലത്തിലേറെയായി ജയിലഴികളിലായിരുന്ന അവതേഷ് ശേഖറി (52) ന്‍റെ മോചനത്തിന് മഹത്തായ ജീവകാരുണ്യ പ്രവർത്തനം നടത്തിയത്.

റിയാദ് തായിഫ് റോഡിൽ ബീഷക്ക് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് ശേഖർ പ്രതിയായത്. ഹൗസ് ഡ്രൈവർ വീസയിൽ വന്ന് വെള്ളം സപ്ലൈ ചെയ്യുന്ന ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

എന്നാൽ ആവശ്യമായ താമസ രേഖകളോ ലൈസൻസോ ഒന്നുമില്ലാതെയായിരുന്നു ഇയാൾ വാഹനം ഓടിച്ചിരുന്നത്. ഒരു ദിവസം എതിർ ദിശയിൽ നിന്നു അതിവേഗത്തിലെത്തിയ വാഹനവുമായി ആക്സിഡന്റ് ഒഴിവാക്കാൻ സൈഡിലേക്കൊതുക്കിയ ഇയാളുടെ ലോറിയിലേക്ക് ഒരു സൗദി യുവാവ് ഓടിച്ച ഹൈലക്സ് പിക്കപ്പ് ഇടിച്ചുകയറുകയും അപകടത്തിൽ യുവാവും വാഹനത്തിലുണ്ടായിരുന്ന മൂന്നു സ്ത്രീകളും മരിക്കുകയുമായിരുന്നു.ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ച നാലുപേർക്കും പരിക്കേറ്റ പെൺകുട്ടിക്കുമുള്ള നഷ്ടപരിഹാര തുകയായി 9,45,000 റിയാൽ (2 കോടിയോളം രൂപ) കോടതി വിധിച്ചു. ലൈസൻസും ഇഖാമയുമൊന്നുമില്ലാത്ത അവതേഷ് ശേഖറിനെ പൂർണകുറ്റക്കാരനായി കോടതി കണ്ടെത്തുകയായിരുന്നു. തുടർന്ന് അയാൾ ജയിലിലായി.

ജീവിത പ്രാരാബ്ദങ്ങളിൽ മുങ്ങിയിരുന്ന ശേഖറിന്റെ കുടുംബത്തിനു 2 കോടിയോളം രൂപയെന്ന ദിയാ പണം ഒരിക്കലും സ്വപ്നം കാണാൻ സാധിക്കാത്ത തുകയായിരുന്നു. അത് കൊണ്ട് തന്നെ ജീവിത കാലം മുഴുവൻ ജയിലിൽ തന്നെ കഴിയേണ്ടി വരുമെന്ന അവസ്ഥയിലായിരുന്നു അയാൾ.

എന്നാൽ പിന്നീടാണ് അത്ഭുതം സംഭവിക്കുന്നത് . ഒരു പോലീസുകാരനിൽ നിന്ന് ശേഖറിന്റെ നിരപരാധിത്വം കേട്ടറിഞ്ഞ സൗദി പൗരൻ ഹാദി ഹമൂദ് , ശേഖറിന്റെ മോചനം സാധ്യമാക്കാൻ ഒരുങ്ങിപ്പുറപ്പെടുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ശേഖറിന്റെ വിഷയം അവതരിപ്പിക്കുകയും സൗദികൾ ദിയാ പണം സ്വരൂപിക്കുന്നതിലേക്കായി ഉദാരമായി സംഭാവന ചെയ്യാൻ തുടങ്ങുകയും ചെയ്തു.
പേര് വ്യക്തമാക്കരുതെന്ന് പറഞ്ഞ് നാലര ലക്ഷം റിയാൽ ബാങ്കിൽ നേരിട്ടെത്തി അടച്ച സൗദി പൗരനെ കുറിച്ചും മുഴുവൻ തുകയും താൻ തരാമെന്ന് ഫോണിൽ വിളിച്ചു ഉറപ്പ് നൽകിയ സൗദി വനിതയെ കുറിച്ചും ഹാദി പറയുന്നു. പണം തികഞ്ഞതിനാൽ സൗദി വനിതയുടെ ഓഫർ തുക ആവശ്യമായി വന്നിരുന്നില്ല.

അതേ സമയം ശേഖറിനു നാട്ടിൽ ഒരു വീട് പണിത് നൽകുമെന്നും ജയിലിൽ കിടന്ന നാല് വർഷം കണക്കാക്കി അത്രയും ദിവസത്തെ വേതനത്തിനു സമാനമായ തുക  നൽകുമെന്നും ഹാദി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

യാതൊരു തരത്തിലുള്ള മുൻ പരിചയവും ഇല്ലാത്ത ശേഖറിനെ സഹായിക്കാൻ മനസ്സ് കാട്ടിയ ഹാദിയെയും ഒരു ബന്ധവുമില്ലാതിരുന്നിട്ടും രണ്ട് കോടിയോളം രൂപ ഉദാരമായി സംഭാവന ചെയ്ത സൗദി പൗരന്മാരുടെയും മഹനീയമായ ഉദാരതയെ സോഷ്യൽ മീഡിയകളിലൂടെ വാഴ്ത്തുകയാണിപ്പോൾ ഇന്ത്യൻ സമൂഹം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്