Sunday, September 22, 2024
KeralaTop Stories

നോർക്കയുടെ പുനരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃക: പി.ശ്രീരാമകൃഷ്ണൻ

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നതുപോലെയുള്ള പദ്ധതികൾ മറ്റൊരു സംസ്ഥാനങ്ങളിലുമില്ലെന്നും നോർക്കയുടെ പുനരധിവാസ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി ചെറുതോണിയിൽ സംഘടിപ്പിച്ച പ്രവാസി ലോൺ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോർക്കയുടെ സംരംഭകത്വ പദ്ധതികൾ കേരളത്തിലെ പ്രവാസികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ നല്‍കാന്‍ തയ്യാറുള്ള ധനകാര്യ സ്ഥാപനങ്ങളേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പ്രവാസി ലോണ്‍ മേളകൊണ്ട് ഉദ്ദേശിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളിലൂടെ പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങള്‍ ആരംഭിച്ചതായും സംരംഭത്തിന്റെ പ്രധാന്യവും സംരംഭകരുടെ പ്രായോഗികാനുഭവങ്ങളും പ്രചരിപ്പിക്കുന്നതിനായി സംരംഭകത്വ സന്ദേശയാത്ര നടത്തുമെന്നും പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു.

ചടങ്ങിൽ കേരളാ ബാങ്ക് ഡയറക്ടർ കെ.വി. ശശി അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സിന്റെ പുനരധിവാസപദ്ധതികളെ സംബന്ധിച്ച് സി. ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി വിശദീകരിച്ചു. നോർക്ക എറണാകുളം സെൻറർ മാനേജർ രജീഷ്,കെ.ആർ, കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ പ്രിൻസ് ജോർജ് ,ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എസ് സജിത്ത്, സീനിയർ മാനേജർ വിജയൻ പി. എസ്സ് എന്നിവർ സംസാരിച്ചു.

ആദ്യമായാണ് കേരള ബാങ്കുമായി ചേർന്ന് ഇടുക്കി ജില്ലയിലെ പ്രവാസികൾക്കായി നോർക്ക ലോൺ മേള സംഘടിപ്പിക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ മുപ്പതാമത് ലോൺമേളയാണ് ചെറുതോണിയിൽ നടന്നത്. ചെറുതോണി കേരളാ ബാങ്ക് ക്രെഡിറ്റ് പ്രോസ്സസിങ് സെന്ററിൽ നടന്ന മേളയിൽ 236 പേർ പങ്കെടുത്തു. ഇതിൽ 196 പേർക്ക് വായ്പക്കായുള്ള പ്രധമികാനുമതി ലഭിച്ചു.180 പേർക്ക് കേരള ബാങ്ക് വഴിയും 16 പേർക്ക് മറ്റ് ധനകാര്യങ്ങൾ വഴിയും വായ്പ ലഭ്യമാകും.

തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റീട്ടേൻഡ് എമിഗ്രൻറ്സ് പദ്ധതി പ്രകാരമാണ് ലോൺ മേള നടത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്