സൗദി വിസ; സുപ്രധാന അറിയിപ്പുമായി സൗദി സിവിൽ ഏവിയേഷൻ
ഏഴ് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് സർവീസ് നടത്തുന്ന വിമാനക്കംബനികൾക്ക് സുപ്രധാന നിർദ്ദേശവുമായി സൗദി സിവിൽ ഏവിയേഷൻ.
ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദ്ദാൻ, യുഎഇ, ബംഗ്ലാദേശ്, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് സർവീസ് നടത്തുന്ന വിമാനക്കംബനികൾക്കാണ് വിസ സ്റ്റിക്കറുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിട്ടുള്ളത്. സർക്കുലർ നിർദ്ദേശം താഴെ കൊടുക്കുന്നു.
മേൽ പരാമർശിച്ച രാജ്യങ്ങളിൽ നിന്ന് ഇനി മുതൽ സൗദിയിലേക്കുള്ള തൊഴിൽ, റെസിഡന്റ്, വിസിറ്റ് വിസകൾ സ്റ്റാംബ് ചെയ്യുമ്പോൾ പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്.
പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്നതിനു പകരം വിസ വിവരങ്ങൾ അടങ്ങിയ ഒരു A 4 പേപ്പർ ആണ് യാത്രക്കാർക്ക് നൽകുക. പ്രസ്തുത പേപ്പറുമായി വരുന്ന യാത്രക്കാരെ സൗദിയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കണം എന്നാണ് സർക്കുലറിൽ പറയുന്നത്.
മെയ് 1 മുതൽ ആണ് ഈ നിയമം പ്രാബല്യത്തിൽ വരികയെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നുണ്ടെന്ന് മൗലവി ട്രാവൽസ് മുംബൈയിലെ അബ്ദുല്ല അറേബ്യൻ മലയാളിയെ അറിയിച്ചു.
അതേ സമയം, ഈ സംവിധാനം കോൺസുലേറ്റ് നേരത്തെ കൊണ്ട് വന്നിരുന്നുവെങ്കിൽ നിരവധി പ്രവാസി കുടുംബങ്ങൾ അനുഭവിച്ച വലിയ മാനസിക സാംബത്തിക പ്രയാസങ്ങൾ സംഭവിക്കില്ലായിരുന്നുവെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.
നേരത്തെ പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്ന സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ കാരണമായിരുന്നു വിസ സ്റ്റാംബിംഗ് വൈകിയതും അത് മൂലം പല പ്രയാസങ്ങളും ഉണ്ടായതെന്നും ഖൈർ ബഷീർ സൂചിപ്പിച്ചു.
സർക്കുലർ നിർദ്ദേശം പാലിക്കാത്ത എയർലൈൻ കമ്പനികൾക്കെതിരെ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa