സൗദിയിൽ ഇന്ന് മാസപ്പിറവി കാണുമോ ? നാളെ പെരുന്നാൾ ആകുമോ ? വിലയിരുത്തലുകൾ ഇങ്ങനെ
ജിദ്ദ: ഈ വർഷത്തെ ശവ്വാൽ മാസപ്പിറവി ദർശനത്തെ സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളാണ് വ്യത്യസ്ത കോണുകളിൽ നിന്ന് ഉയരുന്നത്.
ചില നിരീക്ഷകർ ചന്ദ്രൻ ആകാശത്ത് ഉണ്ടാകുമെങ്കിൽ പോലും വിവിധ കാരണങ്ങളാൽ ബൈനോക്കുലർ ഉപയോഗിച്ച് പോലും സൗദിയിൽ ഇന്ന് മാസപ്പിറവി ദർശിക്കില്ല എന്ന അഭിപ്രായത്തിൽ ആണുള്ളത്.
എന്നാൽ മാസപ്പിറവി ദർശിക്കില്ലെന്ന് മുൻ കാലങ്ങളിൽ ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞ പല സന്ദർഭങ്ങളിലും മാസപ്പിറവി ദർശിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച് മാസപ്പിറവി ദർശിക്കില്ലെന്ന് ഒരിക്കലും പറയാൻ പറ്റില്ലെന്നാണ് ചില പ്രമുഖ വാന നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
മക്കയുടെ ചക്രവാളത്തിൽ സൂര്യൻ അസ്തമിച്ച ശേഷം 24 മിനുട്ട് കൂടി കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുക എന്നതിനാൽ പ്രസ്തുത സമയത്ത് മാസം കാണാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാകില്ലെന്നും വാന നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
‘ജ്യോതിശാസ്ത്ര വീക്ഷണ പ്രകാരം വെള്ളിയാഴ്ച ശവ്വാൽ ഒന്നാണ്. എന്നാൽ “മാസം കണ്ടാൽ നിങ്ങൾ നോമ്പ് നോൽക്കുക, മാസം കണ്ടാൽ നിങ്ങൾ പെരുന്നാൾ ആഘോഷിക്കുക, മേഘം കാരണം ദർശനം സാധ്യമായില്ലെങ്കിൽ 30 പൂർത്തിയാക്കുക” എന്ന തിരു നബിയുടെ (സ്വ) വചനം പരിഗണിച്ച് മാസപ്പിറവി ദർശിക്കുകയാണെങ്കിൽ മാത്രമേ മതപരമായി മാസപ്പിറവി ഉറപ്പിക്കുകയുള്ളൂ എന്ന് സൗദിയിലെ മാസപ്പിറവി നിരീക്ഷണ സമിതി അംഗം അബ്ദുല്ല അൽ അമ്മാർ വ്യക്തമാക്കുന്നു.
സൗദി സുപ്രീം കോടതിയും കഴിഞ്ഞ ദിവസം മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും നഗ്ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ കൊണ്ടോ മാസം കണ്ടാൽ അടുത്തുള്ള കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തിൽ സൗദിയിൽ മാസപ്പിറവി വിഷയത്തിൽ നേരിട്ട് ചന്ദ്രനെ കാണണമെന്ന മതപരമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അന്തിമ തീരുമാനം എടുക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa