സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് ലെവി; പത്ത് ദിവസം കഴിഞ്ഞാൽ രണ്ടാം ഘട്ടം പ്രാബല്യത്തിൽ
സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടം മെയ് 11 മുതൽ ആരംഭിക്കും.
മെയ് 11 മുതൽ ഒരു സ്വദേശിയുടെ കീഴിൽ നാലിലധികം ഗാർഹിക തൊഴിലാളികൾ നിലവിലുണ്ടെങ്കിൽ (പുതുതായി വന്നവരായാലും നിലവിലുള്ളവരായാലും) അധികമുള്ള തൊഴിലാളിക്ക് ലെവി ബാധകമാകും. വിദേശിയുടെ കീഴിൽ രണ്ടിലധികം ഗാർഹിക തൊഴിലാളികൾ ആണെങ്കിലും ലെവി ബാധകമാകും.
ഒരു വർഷം മുംബാണ് ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ ലെവി ബാധകമാക്കിയത്. ആദ്യ ഘട്ടത്തിൽ പുതുതായി വരുന്ന അധികമുള്ള തൊഴിലാളികൾക്ക് മാത്രമാണ് ലെവി ബാധകമായിരുന്നത്. ( സ്വദേശികളുടെ കീഴിലെ ഗാർഹിക തൊഴിലാളികളുടെ ആകെ എണ്ണം നാലിലധികവും, വിദേശികൾക്ക് കീഴിലെ ഗാർഹിക തൊഴിലാളികളുടെ ആകെ എണ്ണം രണ്ടിലധികവും ആയാൽ).
ഓരോ അധികം വരുന്ന തൊഴിലാളിക്കും പ്രതിവർഷം 9600 റിയാൽ ആണ് ലെവി ചുമത്തുക.
അധികം വരുന്ന ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താനുള്ള തീരുമാനം വലിയ സാംബത്തിക നിലയിലുള്ള സ്വദേശികളുടെ വീട്ടിലെ ഗാർഹിക തൊഴിലാളികൾക്ക് ഒരു പക്ഷെ തിരിച്ചടിയായേക്കാം.
പല ധനികരായ സ്വദേശികളുടെ വീട്ടിലും ഹൗസ് ഡ്രൈവർ, വേലക്കാരി, കാവൽക്കാരൻ, തോട്ടം തൊഴിലാളി തുടങ്ങി നാലിലധികം ഗാർഹിക തൊഴിലാളികൾ നിലവിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
നാലിലധികം വരുന്ന തൊഴിലാളിക്ക് ലെവി ബാധകമാകുംബോൾ ചില തൊഴിലുടമകളെങ്കിലും ലെവി ഭാരം കുറക്കാനുള്ള വഴികൾ ആലോചിക്കാൻ ചാൻസുണ്ട്. അത് ഒരു പക്ഷെ തൊഴിലാളികളുടെ എണ്ണം കുറച്ചോ അല്ലെങ്കിൽ ശംബള വർദ്ധനവ് മരവിപ്പിച്ചോ മറ്റൊ ആയേക്കാം .അത് പല പ്രവാസികൾക്കും തിരിച്ചടിയായേക്കും.
അതേ സമയം നാലിൽ താഴെ മാത്രം ഗാർഹിക തൊഴിലാളികൾ ഉള്ള മീഡിയം ലെവൽ ഫാമിലികളിലെ ഗാർഹിക തൊഴിലാളികൾക്ക് പുതിയ നിയമത്തിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല.
ചികിത്സകൾക്കും മറ്റുമായി പ്രത്യേക സാഹചര്യങ്ങളിൽ അധികം തൊഴിലാളികളെ നിയമിക്കേണ്ടി വരുന്നവർക്ക് ലെവി നിയമത്തിൽ ഇളവ് അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa