Saturday, November 23, 2024
GCCTop Stories

പ്രവാസിമിത്രം ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രവാസികേരളീയർക്ക് ലോകത്തെവിടെനിന്നും സംസ്ഥാനത്തെ റവന്യൂ- സർവ്വേ വകുപ്പുകളുടെ സേവനങ്ങൾ ഓൺലൈൻവഴി ലഭ്യമാക്കുന്ന “പ്രവാസിമിത്രം” വെബ്ബ്പോർട്ടൽ www.pravasimithram.kerala.gov.in  മെയ് 17 ന് വൈകിട്ട് 04.30 ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരളാനിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായൺ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാന വകുപ്പ് മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും.

നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, പി. പ്രസാദ് എന്നിവരും എം.പി ശശി തരൂർ, നിയമസഭാംഗങ്ങളായ വി.കെ. പ്രശാന്ത്, ഇ.റ്റി ടൈസൺ മാസ്റ്റർ,  മേയർ ആര്യാ രാജേന്ദ്രൻ, നോർക്ക റൂട്ട്സിൽ നിന്നും റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ചെയർമാൻ എം.എ യൂസഫലി, ഡയറക്ടർമാരായ ബി. രവി. പിളള, ഡോ. ആസാദ് മൂപ്പൻ, ജെ.കെ മേനോൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി.കെ , വിവിധ പ്രവാസി സംഘടനാ പ്രതിനിധികകൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

വിവിധ സർക്കാർ ഓഫീസുകൾ മുഖേന നിറവേറ്റപ്പെടുന്ന സേവനങ്ങൾക്ക് പ്രവാസികൾക്കും കൂടി ഉപകാരപ്രദമാകും വിധമുളള സംവിധാനം വേണമെന്നത് രണ്ടാം ലോകകേരളസഭയിലുൾപ്പെടെ ചർച്ച ചെയ്ത പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.  റവന്യൂ-സർവ്വേ വകുപ്പുമായി ബന്ധപ്പെട്ട് ഏറെ കാലമായുളള പ്രവാസികേരളീയരുടെ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നതെന്ന് നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ചുളള നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ്  റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ വെബ്ബ് പോർട്ടൽ  സജ്ജമാക്കിയത്.

വർഷങ്ങളുടെ ഇടവേളകളിലാണ് പലപ്പോഴും പ്രവാസികേരളീയർ നാട്ടിലെത്തുക. ചെറിയ അവധിക്കാകും പലപ്പോഴും നാട്ടിലേയ്ക്കുളള വരവ്. ഇത്തരം സാഹചര്യത്തിൽ വസ്തുവകകളിലെ കൈമാറ്റത്തിനും, രേഖകൾ ലഭ്യമാകുന്നതിലും, വസ്തുസംബന്ധമായ ഉടമസ്ഥാവകാശ തർക്കങ്ങൾ പരിഹരിക്കുന്നതിലും  റവന്യൂ ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷകളുടെ തുടർനടപടികൾക്കും തടസ്സം നേരിടാറുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നായിരുന്നു ലോകകേരളസഭയിലുൾപ്പെടെ പ്രവാസികളുടെ ആവശ്യം. ഇക്കാര്യം പരിഗണിച്ചാണ് “പ്രവാസിമിത്രം” പോർട്ടൽ യാഥാർത്ഥ്യമാകുന്നത്.

ഏതൊരു പ്രവാസി മലയാളിക്കും ലോകത്തിന്റെ ഏതു കോണിലിരുന്നും ഇമെയിൽ ഐഡി ഉപയോഗിച്ച്  മുൻപ് സമർപ്പിച്ച പരാതി/അപേക്ഷയിൽ റവന്യു ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടി വിവരം അറിയാൻ സാധിക്കുന്ന താണ് “പ്രവാസിമിത്രം” എന്ന വെബ് പോർട്ടൽ. പ്രവാസി മിത്രം പോർട്ടലിൽ ലഭിക്കുന്ന പരാതി /അപേക്ഷ  കൈകാര്യം ചെയ്യുന്നതിനായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും റവന്യു വകുപ്പ് പ്രവാസി സെൽ രൂപീകരിച്ചിട്ടുണ്ട്. പ്രവാസി മിത്രം സെല്ലിന്റെ ജില്ലാ തല നോഡൽ ഓഫീസർമാർ ഡെപ്യൂട്ടി കളക്ടർ ആർ ആർ സംസ്ഥാന തലത്തിൽ ലാൻഡ് റവന്യു അസിസ്റ്റന്റ് കമ്മിഷണർ എൽ. ആർ എന്നിവരാണ്.

ഒരു പ്രവാസി മലയാളി ഒരു ജില്ലയിൽ സമർപ്പിച്ച അപേക്ഷ /പരാതി സംബന്ധിച്ച വിഷയത്തിൽ www.pravasimithram.kerala.gov.in  എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ ജില്ലയിലെ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (ആർ ആർ ) ന് ലഭിക്കുകയും ജില്ലയിലെ ബന്ധപ്പെട്ട റവന്യു സബ് ഓഫീസുകളിൽ നിന്നും പ്രവാസി മലയാളി മുൻപ് സമർപ്പിച്ച അപേക്ഷയുടെ നടപടി വിവരം ഡെപ്യൂട്ടി കളക്ടർ (ആർ ആർ ) ആയതിന്മേലുള്ള റിപ്പോർട്ട് സബ് ഓഫീസിൽ നിന്നും ലഭ്യമാക്കി പോർട്ടൽ മുഖാന്തിരം അപേക്ഷകന് ലഭ്യമാക്കുന്നതാണ്.

ഒരു പ്രവാസി മലയാളി റവന്യു വകുപ്പിലെ സംസ്ഥാന തല ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷ /പരാതി സംബന്ധിച്ച വിഷയത്തിൽ http://pravasimithram.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ ജില്ലയിലെ നോഡൽ ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണർ (എൽ ആർ ) ന് ലഭിക്കുകയും  ബന്ധപ്പെട്ട റവന്യു  ഓഫീസുകളിൽ നിന്നും പ്രവാസി മലയാളി മുൻപ് സമർപ്പിച്ച അപേക്ഷയുടെ നടപടി വിവരം അസിസ്റ്റന്റ് കമ്മിഷണർ (എൽ ആർ ) ആയതിന്മേലുള്ള റിപ്പോർട്ട് ബന്ധപ്പെട്ട ഓഫീസിൽ നിന്നും ലഭ്യമാക്കി പോർട്ടൽ മുഖാന്തിരം അപേക്ഷകന് ലഭ്യമാക്കുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്