സൗദി പ്രവാസികൾക്ക് വേണ്ടി കാന്തപുരം സൗദി കിരീടാവകാശിക്ക് കത്തെഴുതി
കോഴിക്കോട്: സൗദിലേക്കുള്ള ഫാമിലി, ബിസിനസ്സ് – വിസിറ്റ്, സ്റ്റുഡന്റസ് വിസ അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാമ്പിംഗ് വി എഫ് എസ് കേന്ദ്രങ്ങള്‍ മുഖേനയാക്കിയത് മൂലമുള്ള പ്രയാസം നീക്കണമെന്നാവശ്യപ്പെട്ട് സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ കത്തെഴുതി.
ഇന്ത്യയിലെ സൗദി അംബാസിഡര്‍ മുഖേനയാണ് കാന്തപുരം കിരീടാവകാശിക്ക് കത്തയച്ചത്. വിസാ സ്റ്റാമ്പിംഗില്‍ പ്രവാസി സൗഹൃദ ഇടപെടലുകള്‍ ഉണ്ടാകണമെന്നും വി എഫ് എസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കത്തിൽ കാന്തപുരം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം മുതലായിരുന്നു സൗദി വിസാ സ്റ്റാംബിംഗ് നടപടികളിൽ മാറ്റങ്ങൾ വന്നത്. ഏജന്‍സികള്‍ മുഖേന ചെയ്തിരുന്ന സ്റ്റാമ്പിംഗ് നടപടിക്രമങ്ങള്‍ വി എഫ് എസ് ത അഷീറ കേന്ദ്രങ്ങളിലൂടെ മാത്രമാണ് ഇപ്പോള്‍ സാധ്യമാകുന്നത്. തൊഴില്‍ വിസക്കും ഈ നിയമം ബലി പെരുന്നാളിന് ശേഷം നിലവിൽ വരും.
കൊച്ചിയിലേതടക്കം രാജ്യത്താകെ ഒമ്പത് വി എഫ് എസ് തഅഷീറ കേന്ദ്രങ്ങളാണ് സൗദി വിസാ സേ വനങ്ങള്‍ക്കായി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോയിന്‍മെന്റ് എടുത്തതിന് ശേഷം രേഖകള്‍ ഹാജരാക്കി ബയോമെട്രിക് അടക്കമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ ഈ സെന്ററുകള്‍ മുഖേന ഇപ്പോൾ വിസാ സ്റ്റാമ്പിംഗ് സാധ്യമാകുകയുള്ളൂ.
കേരളം പോലുള്ള പ്രവാസികള്‍ ധാരാളമുള്ള പ്രദേശത്ത് കൊച്ചിയിലെ ഏക വി എഫ് എസ് തഅഷീറ സെന്ററിന് ഉള്‍ക്കൊള്ളാനാകാത്ത വിധമാണ് അപേക്ഷകരുടെ എണ്ണം എന്നത് അപ്പോയിന്‍മെന്റ് ലഭിക്കാന്‍ വലിയ കാലതാമസം ഉണ്ടാക്കുന്നുണ്ട്.
വിസ സ്റ്റാംബിംഗ് നടപടികള്‍ക്കായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ കൊച്ചിയെ ആശ്രയിക്കേണ്ടതുണ്ടെന്നതും പ്രയാസകരമാണ്.
ഈ സാഹചര്യത്തിൽ സൗദി പ്രവാസികള്‍ ധാരാളമുള്ള മലബാറിലും വി എഫ് എസ് ത അഷീറ സെന്റര്‍ ആരംഭിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് നിതാഖാത്ത് നടപ്പിലാക്കിയ സമയത്ത് കാന്തപുരം മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനുമായി പ്രവാസികൾക്ക് വേണ്ടി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa