വിമാനക്കമ്പനികളുടെ സീസൺ കൊള്ള; മനുഷ്യൻ മരിച്ചാൽ പോലും ദുരിതമാകുകയാണ്
വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളക്കെതിരെ കഴിഞ്ഞയാഴ്ച പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശേരിയിട്ട ഒരു പോസ്റ്റ് ശ്രദ്ധേയമായിരുന്നു. സീറ്റുകൾ കാലിയായിട്ട് പോലും ബുക്കിംഗ് സമയത്ത് സീറ്റ് ഫുൾ ആക്കിക്കാണിച്ച് വൻ തുക ഈടാക്കുന്ന വിമാനക്കമ്പനികളുടെ നയത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഇപ്പോൾ, പ്രവാസ ലോകത്ത് വെച്ച് മരിച്ച രണ്ട് വനിതകളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിയപ്പോൾ കൂടെ പോകുന്നയാൾക്ക് ടിക്കറ്റിനായി വൻ തുക മുടക്കേണ്ടി വന്ന ദുരവസ്ഥ വിവരിച്ച് കൊണ്ട് അഷ്‌റഫ് താമരശേരി തന്നെ പോസ്റ്റ് ചെയ്ത കുറിപ്പ് ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കുറിപ്പ് ഇങ്ങനെ വായിക്കാം.
“കഴിഞ്ഞ ദിവസം മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. രണ്ട് പേരും സ്ത്രീകളായിരുന്നു. പ്രവാസ ലോകത്ത് വെച്ച് കുടുംബവുമായി ജീവിക്കുന്നവരിൽ ഒരാൾ മരണപ്പെട്ടാൽ കുട്ടികളടക്കമുള്ള കുടുംബം കൂടെ പോകേണ്ടി വരും. സീസൺ സമയത്ത് ഇത്തരത്തിൽ ഒരാൾ മരണപ്പെട്ടാൽ കൂടെ പോകുന്നവർക്ക് ടിക്കറ്റിന് നൽകേണ്ടി വരുന്നത് ഭീമമായ തുകയാണ്.
ഇന്നലെ മരണപ്പെട്ടവരുടെ കൂടെ പോയവർക്ക് ഒരു ലക്ഷത്തിലധികം രൂപയോളമാണ് ടിക്കറ്റിന് വേണ്ടി മാത്രം ചെലവായത്. വിമാന കമ്പനികളുടെ കൊള്ള കാരണം മനുഷ്യർ മരിച്ചാൽ പോലും ദുരിതമാവുകയാണ്. നമ്മുടെ അയൽ രാജ്യങ്ങൾ മൃതദേഹങ്ങൾ സൗജന്യമായി കൊണ്ട് പോകുമ്പോൾ നമ്മുടെ നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങളുടെ കൂടെ പോകുന്ന കുടുംബങ്ങൾക്ക് ലക്ഷങ്ങൾ കൂടി ചെലവഴിക്കേണ്ടി വരുന്നത് കൂനിന്മേൽ കുരു എന്ന അവസ്ഥ പോലെയാണ്.
മൃതദേഹത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് സൗജന്യമാക്കി കൊടുക്കുകയോ നിരക്ക് കുറച്ച് കൊടുക്കുകയോ ചെയ്യുന്ന സംവിധാനം സർക്കാർ തലത്തിൽ ചെയ്യേണ്ടതുണ്ട്. പ്രിയപ്പെട്ടവർ മരണപ്പെട്ട സാഹചര്യത്തിലുണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടിനിടയിൽ വലിയ സാമ്പത്തികമായ ബാധ്യതകൾ കൂടി ഏറ്റെടുക്കേണ്ടി വരുന്ന കുടുംബങ്ങളുടെ ദുരവസ്ഥ നിരന്തരം കാണേണ്ടി വരികയാണ്.
വേനലവധി അടുത്ത് വരുന്നതോടെ ടിക്കറ്റ് നിരക്ക് അങ്ങേയറ്റം ഉയരുകയും ഇത്തരം ദുരവസ്ഥകൾ കൂടുകയും ചെയ്യും. പ്രവാസികളെ കാര്യമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ അധികാരികൾ മുഖവിലക്ക് എടുക്കുന്നില്ല എന്നത് ഏറെ ഖേദകരമാണ്. പ്രവാസികളുടെ ഇത്തരം ദുരവസ്ഥകളെ അഭിസംബോധന ചെയ്യാൻ പോലും ആരും മുന്നോട്ട് വരുന്നില്ല എന്നതും ഏറെ വേദനാജനകമാണ്”.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa