Wednesday, April 9, 2025
Saudi ArabiaTop Stories

ഗൾഫ് ട്രെയിൻ പദ്ധതി പൂർത്തിയായി വരുന്നു; ഇറാഖും പദ്ധതിയുടെ ഭാഗമാകും

റിയാദ്: ഗൾഫ് ട്രെയിൻ പദ്ധതി പൂർത്തിയായി വരികയാണെന്നും മേഖലയിലെ റെയിൽവേ ലിങ്ക് പദ്ധതികളുടെ ഭാഗമായി ഇറാഖിനെയും ഉൾപ്പെടുത്തുമെന്നും സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രാലയ അണ്ടർസെക്രട്ടറി ലുഈ മഷ്അബി പറഞ്ഞു.

സൗദിയുടെ എല്ലാ പ്രദേശങ്ങളെയും റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള ലാൻഡ് ബ്രിഡ്ജ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് അറബ്, ചൈനീസ് വ്യവസായികളുടെ കോൺഫറൻസിലെ ഒരു ഡയലോഗ് സെഷനിൽ പങ്കെടുത്ത് അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളും സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളും നിർമ്മിക്കുന്നതിനായി തങ്ങൾ നിലവിൽ നിരവധി ചൈനീസ് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ ലോജിസ്റ്റിക് ഏരിയകൾ ഉണ്ടായിരിക്കുമെന്നും തുറമുഖങ്ങളിൽ നിരവധി ലോജിസ്റ്റിക് ഏരിയകൾ ഒരുക്കുമെന്നും അഞ്ച് സൗദി തുറമുഖങ്ങളെ ബന്ധിപ്പിക്കുമെന്നും ലൂഇ പറഞ്ഞു.

മൂന്ന് പ്രധാന ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സൗദി വിപണിയിൽ നിക്ഷേപം നടത്താൻ കമ്പനികളെയും നിക്ഷേപകരെയും പ്രേരിപ്പിക്കുന്ന നിരവധി വിഭവങ്ങളും നേട്ടങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോജിസ്റ്റിക്‌സ് മേഖല നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷമാണെന്നും നിരവധി സുപ്രധാന, വികസന മേഖലകൾക്ക് സഹായകമാണെന്നും ഗതാഗത, ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി ചൂണ്ടിക്കാട്ടി,

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്