Saturday, November 23, 2024
Saudi ArabiaTop Stories

കാലുകൾ മുറിച്ചു മാറ്റപ്പെട്ടിട്ടും പ്രതീക്ഷ കൈവിടാതിരുന്ന ഉമർ സൽമാൻ രാജാവിന്റെ അതിഥിയായി ഹജ്ജിനെത്തി

മക്ക: രണ്ടു കാൽപാദങ്ങളും മുറിച്ചുമാറ്റപ്പെട്ട ജോർദാനിയൻ തീർത്ഥാടകൻ ഉമർ അൽ മഷാഇറ വിശുദ്ധ ഭൂമിയിൽ എത്തിയതിനെ കുറിച്ച് അറബ് മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

സൽമാൻ രാജാവിൻറെ ഈ വർഷത്തെ അതിഥികളിൽ ഒരാളായി പുണ്യഭൂമിയിലെത്തിയ ഉമർ മറ്റുള്ളവർക്ക് പ്രതീക്ഷയും ആവേശവും പകർന്ന് കൊണ്ട് തൻറെ താമസ സ്ഥലത്ത് സജീവമായി നില കൊള്ളുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ പങ്കുവെക്കുന്നു.

2004 രോഗബാധിതനായതിനെ തുടർന്ന് തൻറെ ഒരു കാൽപാദം മുറിക്കേണ്ടി വന്നത് മുതലാണ് ഉമറിന്റെ ദുരിതം ആരംഭിക്കുന്നത്. കാൽ മുറിച്ച് മാറ്റപ്പെട്ടതോടെ ട്രക്ക് ഡ്രൈവറായിരുന്ന ഉമറിനു ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് കരകൗശല വസ്തുക്കളുടെ നിർമ്മിതിയും മറ്റുമായി ഉപജീവനമാർഗ്ഗം കണ്ടെത്തുകയായിരുന്നു അദ്ദേഹം.

തുടർന്ന് 2009 വീണ്ടും രോഗം മൂർച്ഛിച്ചതോടെ ഉമ്മറിന് തൻറെ രണ്ടാമത്തെ കാൽപാദവും മുറിച്ചുമാറ്റേണ്ടി വന്നു.

എന്നാൽ രണ്ടു കാൽപാദങ്ങളും മുറിച്ചു മാറ്റേണ്ടി വന്നിട്ടും നിരാശനാകാത്ത ഉമർ മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിക്കാൻ തയ്യാറാകാതിരിക്കുകയും സ്വന്തം കൈകൾ കൊണ്ട് ഉപജീവനമാർഗം കണ്ടെത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് ചെയ്തത്.

ധനസഹായം ആവശ്യപ്പെടാനുള്ള തന്റെ പൂർണ്ണമായ വിസമ്മതവും, എപ്പോഴും തനിയെ അധ്വാനിക്കുന്നതിൻറെ പ്രാധാന്യവും, തന്റെ പ്രയത്നത്താൽ നിത്യഭക്ഷണം സമ്പാദിക്കുന്നതിൻറെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുക എന്ന തൻറെ ഏറ്റവും വലിയ അഭിലാഷം ഇപ്പോൾ സൽമാൻ രാജാവിൻറെ അതിഥികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പൂവണിഞ്ഞതിന്റെ സന്തോഷം എങ്ങനെ പങ്കുവെക്കണമെന്ന് ഉമറിന് അറിയില്ല.

“അല്ലാഹു അവനിലുള്ള എന്റെ വിശ്വാസം എന്നിൽ നിന്ന് എടുത്ത് കളഞ്ഞില്ല.അവനെ സ്മരിക്കുന്ന ഹൃദയവും പുകഴ്ത്തുന്ന നാവും എനിക്കുണ്ട്. എനിക്ക് ഒന്ന് നഷ്ടപ്പെട്ടപ്പോൾ അവൻ പകരം പലതും നൽകുകയും ചെയ്തു”- ആർക്കും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന ഉമറിന്റെ വാക്കുകളാണിവ.

തന്റെ ചിരകാലാഭിലാഷം പൂവണിയാൻ സഹായിച്ച സൽമാൻ രാജാവിനും കിരീടാവകാശിക്കും മറ്റു സൗദി ഉദ്യോഗസ്ഥർക്കും ഉമർ പ്രത്യേകം നന്ദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്