ഹറമൈൻ അതിവേഗ ട്രെയിൻ മശാഇർ മെട്രോയുമായി ബന്ധിപ്പിക്കാൻ പദ്ധതി
മക്ക: ഹജ്ജ് തീർഥാടകർക്ക് സേവനം നൽകുന്നതിനായി ഹറമൈൻ അതിവേഗ ട്രെയിനിനെ മഷാഇർ മെട്രോ ട്രെയിനുമായി ബന്ധിപ്പിക്കുന്നതിനുള്ള പഠനങ്ങൾ നടക്കുന്നുണ്ടെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ-ജാസർ അറിയിച്ചു.
മക്കയുടെ സെൻട്രൽ ഏരിയയിലൂടെ ഈ രണ്ട് റൂട്ടുകളും നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് ഗതാഗത വകുപ്പും റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റിയും ഹോളി സൈറ്റുകളും ആഴത്തിലുള്ള പഠനങ്ങൾ നടത്തി വരികയാണെന്ന് പ്രാദേശിക മാധ്യമങ്ങളോട് സംസാരിച്ച അൽ-ജാസർ പറഞ്ഞു.
ഈ വർഷം മഷാഇർ ട്രെയിൻ ഉപയോഗിച്ച മൊത്തം യാത്രക്കാരുടെ എണ്ണം ഏകദേശം15 ലക്ഷം ആയിട്ടുണ്ട്. അറഫ, മുസ്ദലിഫ, മിന തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ഹജ്ജ് വേളയിൽ മാത്രമാണ് നിലവിൽ മഷാഇർ മെട്രോ സർവീസ് ഉള്ളത്.
മക്കയെയും മദീനയെയും ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി റാബിഗ് വഴി ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനിനു രണ്ട് പുണ്യനഗരങ്ങൾക്കിടയിൽ തീർഥാടകരെ എത്തിക്കുന്നതിൽ വലിയ പങ്കാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa