Saturday, November 23, 2024
Saudi ArabiaTop Stories

ഡോ: അബ്ദുല്ല റബീഅ; സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ സർജറിയിലെ ഗോഡ് ഫാദർ

താൻസാനിയൻ സയാമീസ് ഇരട്ടകൾ റിയാദിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി എത്തിയ വാർത്ത കഴിഞ്ഞ ദിവസം സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

1990 മുതൽ ഇത് വരെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ലധികം സയാമീസ് ഇരട്ടകളെയാണ് സൗദി സർക്കാർ ഇതിനകം തീർത്തും സൗജന്യമായി വേർപിരിക്കൽ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്.

ലോകത്ത് ഏറ്റവും കൂടുതൽ സയാമീസ് ഇരട്ടകളെ വേർപിരിക്കുന്ന ഓപ്പറേഷൻ നടത്തിയ രാജ്യം എന്ന പദവിയും സൗദി അറേബ്യക്ക് മാത്രമായുള്ളതാണ്.

ഈ സന്ദർഭത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നാമമാണ് നിലവിൽ സൗദി റോയൽ കോർട്ടിലെ ഉപദേഷ്ടാവും സയമീസ് സർജറി മെഡിക്കൽ ടീം തലവനും കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ: അബ്ദുല്ല റബീഅയുടേത്.

സൗദി അറേബ്യ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ആരംഭിച്ചത് മുതൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഓപറേഷനുകൾക്ക് നേതൃത്വം നൽകുന്നത് ഡോ: അബ്ദുല്ല റബീഅയാണ്.

സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയ പീഡിയാട്രിക് സർജനാണ് അബ്ദുല്ല അൽ റബീഅ.

പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലും സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന സർജറിയിലെ ഗോഡ്ഫാദർ ആയാണ് ഡോ: റബീഅ അറിയപ്പെടുന്നത്.

നേരത്തെ സൗദി ആരോഗ്യ മന്ത്രി സ്ഥാനം വഹിച്ചിരുന്ന അബ്ദുല്ല റബീഅ 2015 മുതൽ കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ തലവനായി നിയമിക്കപ്പെടുകയായിരുന്നു.
ലോകത്തെ വിവിധ ഭാഗങ്ങളിലേക്ക് സൗദി അറേബ്യ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത് ഡോ: അബ്ദുല്ല റബീഅ നേതൃത്വം നൽകുന്ന കിംഗ് സൽമാൻ റിലീഫ് സെന്റർ മുഖേനെയാണെന്നോർക്കുക.

1955ൽ ജനിച്ച ഡോ: അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ റിയാദിലും കാനഡയിലുമായാണ് പഠനം നടത്തിയത്.

നിരവധി കുടുംബങ്ങളുടെ മുഖത്ത് സന്തോഷവും പുഞ്ചിരിയും തിരികെ കൊണ്ട് വന്ന ഈ ഡോക്ടർ സൗദി അറേബ്യയുടെ സ്വകാര്യ അഹങ്കാരമാണെന്ന് തന്നെ പറയാം.
✍️ ജിഹാദുദ്ദീൻ അരീക്കാടൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്