സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി
ദമാം: സുരക്ഷാ ഉദ്യോഗസ്ഥനെ നിറയൊഴിച്ച് കൊലപ്പെടുത്തുകയും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെ പരിക്കേൽപ്പിക്കുകയും ചെയ്ത സൗദി പൗരന്റെ വധശിക്ഷ ഈസ്റ്റേൺ പ്രൊവിൻസിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അബ്ദുല്ല ബിൻ അലി അൽ മഥ് റൂദ് എന്ന സൗദി പൗരനെയാണ് സുരക്ഷാ ഉദ്യോഗസ്ഥനായ സുലൈമാൻ ബിൻ ഇബ്രാഹീം അസമീരിയെ നിറയൊഴിച്ച് കൊലപ്പെടുത്തുകയും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ചെറിയ പെൺകുട്ടിയെ തടവിൽ വെച്ച് പീഡിപ്പിച്ച പ്രതിയെ പിടിക്കാനുള്ള ഉദ്യമത്തിനിടെയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പ്രതി നിറയൊഴിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷ ഉദ്യോഗസ്ഥർ പ്രതിക്കെതിരെയുള്ള കുറ്റകൃത്യം തെളിയിക്കുകയും വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.
വധശിക്ഷ നടപ്പാക്കാനുള്ള പ്രത്യേക കോടതിയുടെ വിധിയെ അപ്പില്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ചതിന് തുടർന്ന് സൗദി റോയൽ കോർട്ട് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിറക്കുകയും ഇന്ന് കിഴക്കൻ പ്രവിശ്യയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa