Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലെത്തി പെട്ടെന്ന് പണക്കാരനാകണം; കുറുക്ക് വഴികൾ തേടുന്ന നിരവധി പ്രവാസികൾ ജയിലിൽ

ഗൾഫിലെത്തി പെട്ടെന്ന് തന്നെ പണക്കാരനാകാനുള്ള കുറുക്ക് വഴികൾ തേടുന്ന പ്രവണത പുതു തലമുറയിലെ നിരവധി പ്രവാസികളെ വലയം ചെയ്തിട്ടുള്ളതായി പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

നേരത്തെ മദ്യ നിർമ്മാണവും കടത്തും വില്പനയും പോലുള്ള തിന്മകളായിരുന്നു പല പ്രവാസികളും പെട്ടെന്ന് പണക്കാരാകാൻ കണ്ടെത്തിയിരുന്ന മാർഗം. നിരവധിയാളുകൾ ഈ കേസിൽ പിടിക്കപ്പെട്ടിട്ടും ഉണ്ട്.

എന്നാൽ പുതു തലമുറയിൽപ്പെട്ടവർ മയക്ക് മരുന്ന് വിപണനവും മറ്റുമാണു പെട്ടെന്ന് പണമുണ്ടാക്കാൻ കണ്ടെത്തുന്ന മാർഗം.

കൂടെ നടക്കുന്നവർക്ക് വരെ ഒരു സംശയവും ജനിപ്പിക്കാത്ത തരത്തിലുള്ള പെരുമാറ്റവും സൈലൻ്റ് വിപണനവുമെല്ലാം നടത്തുന്ന പലരുമുണ്ടെന്ന് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. പോലീസ് അറസ്റ്റ് ചെയ്യുന്ന സമയമാകും കൂടെയുള്ളവർ പോലും അത്ഭുതപ്പെട്ട് പോകുന്നത്.

മയക്ക് മരുന്നിനടിമപ്പെട്ട് ജയിലിലായ പ്രവാസി വിദ്യാർഥികളെക്കുറിച്ചുള്ള റിപ്പോർട്ട് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

പിടിക്കപ്പെടില്ല എന്ന ധാരണയിൽ ആണു പല പ്രവാസികളും മയക്ക് മരുന്ന് വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. എന്നാൽ സൗദി അധികൃതർ ഇപ്പോൾ നടത്തുന്ന ശക്തമായ മയക്ക് മരുന്ന് വേട്ടയിൽ എത്ര രഹസ്യമാക്കി വെച്ചാലും എല്ലാം പിടിക്കപ്പെടുന്നുണ്ട് എന്നാണു റിസൽട്ട് പരിശോധിക്കുംബോൾ മനസ്സിലാകുന്നത്.

അതീവ രഹസ്യമാണെന്ന ധാരണയിൽ പലരും ചെയ്യുന്ന മയക്ക് മരുന്ന് വിപണനവും മറ്റും തീർത്തും അത്ഭുതകരമാം വിധം കണ്ടെത്തി നിയമത്തിൻ്റെ മുന്നിൽ ഹാജരാക്കുന്ന മയക്ക് മരുന്ന് വിരുദ്ധ സേനയെയാണു സൗദിയിൽ കാണാൻ സാധിക്കുന്നത്. നിരവധി ഇന്ത്യൻ പ്രവാസികൾ ഈ കേസിൽ ഉൾപ്പെട്ട് സൗദി ജയിലിലുണ്ട്.

ഈ സാഹചര്യത്തിൽ പ്രവാസികൾ പെട്ടെന്ന് പണമുണ്ടാക്കാനായി ഇത്തരത്തിലുള്ള പ്രവർത്തങ്ങളിൽ ഏർപ്പെടാതിരിക്കണമെന്നും അതിനു പുറമേ ആരെയെങ്കിലും സംശയം ഉണ്ടെങ്കിൽ അത് അധികൃതരെ അറിയിക്കണമെന്നും അത് പൊതു സമൂഹത്തിൻ്റെ നന്മക്ക് ആവശ്യമാണെന്നും സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്