വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരൻ സൗദിയിൽ നിന്ന് നാടണഞ്ഞു
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരൻ ബൽവീന്ദർ സിംഗ് ഒടുവിൽ നാടണഞ്ഞു.
കഴിഞ്ഞ 10 വർഷമായി ജയിലിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുകയായിരുന്ന പഞ്ചാബ് സ്വദേശിയായ ബൽ വീന്ദർ സിംഗ് ആണ് ഒടുവിൽ ദിയാ പണം നൽകി നാടണഞ്ഞത്.
10 വർഷം മുമ്പ് ഒരു അടിപിടിയിൽ ഈജിപ്ഷ്യൻ പൗരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ബൽ വീന്ദർ സിംഗിനെ കോടതി വധശിക്ഷക്ക് വിധിച്ചത്. തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരനെ ബൽവീന്ദറും മറ്റും ചേർന്ന് മർദ്ദിച്ചത് അയാളുടെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.
നിരവധി ചർച്ചകൾക്കൊടുവിൽ 10 ലക്ഷം റിയാൽ ദിയാ പണം നാട്ടിൽ നിന്ന് സ്വരൂപിച്ച് ഈജിപ്ഷ്യൻ പൗരന്റെ കുടുംബത്തിനു നൽകിയാണ് ഇപ്പോൾ ബൽ വീന്ദർ സിംഗ് വധശിക്ഷയിൽ നിന്ന് ഒഴിവായതും നാടണഞ്ഞതും.
എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, സാമൂഹിക പ്രവർത്തകൻ യാഖൂബ് ഖാൻ എന്നിവർ മുന്നിട്ടിറങ്ങിയായിരുന്നു ബൽവീന്ദറിന്റെ മോചനം സുമനസ്സുകളുടെ സഹായത്തോടെ സാധ്യമാക്കിയത്. തന്നെ വധശിക്ഷയിൽ നിന്ന് രക്ഷിച്ച യാഖൂബ് ഖാനെയും യൂസുഫ് കാക്കഞ്ചേരിയെയും കെട്ടിപ്പിടിച്ച് കരഞ്ഞായിരുന്നു ബൽ വീന്ദർ എയർപോർട്ടിനകത്തേക്ക് പോയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa