Friday, November 29, 2024
Saudi ArabiaTop Stories

സൗദിയിൽ വ്യാഴാഴ്ച വരെ മഴക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം

ജിദ്ദ: ഞായറാഴ്ച മുതൽ വ്യാഴം വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക മേഖലയിലെ വിവിധ പ്രദേശങ്ങളിലും അസീർ, ജസാൻ, അൽ-ബഹ മേഖലകളിലും ഈ ദിവസങ്ങളിൽ പേമാരി, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവയും മഴയും അനുഭവപ്പെട്ടേക്കും.

മദീന, നജ്രാൻ, അൽബാഹ, അസീർ മേഖലകളിലും പൊടിക്കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള ഏരിയകളിലുള്ളവർ സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കണമെന്നും, പ്രത്യേകിച്ച് താഴ്‌വരകളിൽ നിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അപകടസാധ്യതയുള്ള അനുചിതമായ സ്ഥലങ്ങളായതിനാൽ ചതുപ്പുനിലങ്ങളിൽ നീന്തരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്