Friday, November 22, 2024
Saudi ArabiaTop Stories

സൗദി വിസിറ്റ് വിസ പുതുക്കൽ; പ്രവാസികളും വിസിറ്റിംഗിൽ എത്തിയവരും ശ്രദ്ധിക്കേണ്ടത്

സൗദി വിസിറ്റ് വിസ പുതുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പല തരം വാർത്തകളും വിവിധ മാധ്യമങ്ങളിൽ വന്നിരുന്നു. മൾട്ടി എൻട്രി വിസിറ്റും സിംഗിൾ എൻട്രി വിസിറ്റും എല്ലാം ആറ് മാസം വരെ ഇനി അബ്ഷിർ വഴിയും മറ്റും പുതുക്കാൻ സാധിക്കും എന്നും സൗദിക്ക് പുറത്തേക്ക് പോകേണ്ടതില്ല എന്നും എന്ന് ജവാസാത്ത് അറിയിച്ചു എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു വാർത്ത.

എന്നാൽ ഈ വാർത്ത സംബന്ധിച്ച് അറേബ്യൻ മലയാളി അന്വേഷിച്ചപ്പോൾ മൾട്ടി എൻട്രി വിസക്കാർക്ക് തവാസുൽ വഴിയാണ് സൗദിക്ക് പുറത്ത് പോകാതെ തന്നെ കാലാവധി നീട്ടിക്കിട്ടുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. അതേ സമയം ജവാസാത്തിന്റെ പുതിയ അറിയിപ്പിൽ മൾട്ടി എൻട്രി വിസയെക്കുറിച്ച് പ്രത്യേകിച്ചൊരു പരാമർശവും ഉണ്ടായിട്ടില്ല. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ വിസ പുതുക്കേണ്ട കാര്യം എല്ലാ വിസക്കാരെയും ഓർമ്മിപ്പിക്കുന്നുണ്ട് . സിംഗിൾ എൻട്രി വിസക്കാർക്ക് ആറ് മാസം വരെ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കും. അവർക്ക് മൾട്ടി എൻട്രിക്കാരെപ്പോലെ തവാസുൽ വഴി അപേക്ഷ നൽകി പുതുക്കേണ്ടതില്ല. എന്നാൽ ഓൺലൈനിൽ പുതുക്കാൻ തടസ്സം നേരിട്ടാൽ അവർക്കും തവാസുൽ വഴി അപേക്ഷ നൽകാവുന്നതാണ് .

അത് കൊണ്ട് തന്നെ മൾട്ടി എൻട്രി വിസിറ്റ് വിസയിൽ സൗദിയിലെത്തിയവർ വിസ പുതുക്കണമെങ്കിൽ ആദ്യം തവാസുൽ വഴി അപേക്ഷ നൽകി നോക്കാവുന്നതാണ്. പുതുക്കിയില്ലെങ്കിൽ പഴയത് പോലെ മൂന്ന് മാസം കഴിയാറാകുംബോൾ സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ പ്രവേശിക്കണം.

അതേ സമയം മൾട്ടി എൻട്രിയിലുള്ള ചില വ്യക്തികൾക്കെങ്കിലും അബ്ഷിറിലെ തവാസുൽ വഴി വിസ പുതുക്കാൻ അപേക്ഷ സമർപ്പിക്കുംബോൾ അപേക്ഷകൾ തള്ളിപ്പോകുകയോ കുറഞ്ഞ ദിവസം മാത്രം പുതുക്കുകയോ ചെയ്യുന്നുണ്ട്. അത്തരക്കാർ സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ പ്രവേശിച്ചാൽ മൂന്ന് മാസം കൂടി കാലാവധി ലഭിക്കും.

ഈ സാഹചര്യത്തിൽ വിസാ കാലാവധി തീരും മുംബ് തന്നെ അവ പുതുക്കേണ്ട നടപടികൾ സ്വീകരിക്കാൻ പ്രവാസികൾ തയ്യാറാകേണ്ടതുണ്ട്. തവാസുൽ വഴി പുതുക്കാൻ അപേക്ഷിച്ച് നോക്കുകയാണ് ആദ്യത്തെ നടപടി. അപേക്ഷ തള്ളുകയോ കുറഞ്ഞ ദിവസം മാത്രം പുതുക്കുകയോ ചെയ്താൽ സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ പ്രവേശിച്ചാൽ മതി. വിസ പതുക്കാൻ മറ്റു കുറുക്ക് വഴികൾ സ്വീകരിക്കാതിരിക്കുന്നതാണ് ഭാവിയിലേക്ക് നല്ലത്. വിസ കാലാവധി അവസാനിച്ച് ഓരോ ദിവസത്തിനും പിഴ ഈടാക്കുമെന്നും പ്രത്യേകം ഓർത്തിരിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്