Friday, May 17, 2024
KeralaTop Stories

വ്യാജ ഫോട്ടോ ചേർത്ത് പ്രമുഖ ചാനലിന്റെ കുത്തിത്തിരിപ്പ് വാർത്ത; ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയ

വാർത്തക്കൊപ്പം വ്യാജ ഫോട്ടോ ചേർത്ത് പ്രസിദ്ധീകരിച്ച മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റിന്റെ പ്രവർത്തിയെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയ.

അമ്മയെയും മകളെയും ഒരുമിച്ച് വിവാഹം കഴിക്കുന്ന ഗോത്ര വർഗ്ഗത്തെ കുറിച്ചുള്ള വാർത്തക്കൊപ്പമാണ് മുസ്ലിമായ ഒരു വൃദ്ധൻ ഒരു യുവതിയായ സ്ത്രീയുടെ കൂടിയിരിക്കുന്ന ഫോട്ടോ ഏഷ്യാനെറ്റ് ചേർത്തിരിക്കുന്നത്.

വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ് എന്ന കാപ്ഷ്യനോട്‌ കൂടിയാണ് വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബംഗ്ലാദേശിലെ ഒരു ഗോത്രവർഗ്ഗത്തിനിടയിലാണ് വിചിത്രമായ ഈ ആചാരമുള്ളതായി വാർത്തയിൽ പറയുന്നത്. ബംഗ്ളാദേശ് ജനസംഖ്യയിൽ ഭൂരിഭാഗവും മുസ്ലിങ്ങൾ ആണെങ്കിലും, ഈ ഗോത്രവുമായി മുസ്ലിങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർഥ്യം.

“ഈ സംസ്കാരവും ജീവിതരീതിയും മുസ്ലീം/ഹിന്ദു ബംഗാളി ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്” എന്ന് ഏഷ്യാനെറ്റ് തന്നെ അവരുടെ വാർത്തയിൽ പറയുന്നുമുണ്ട്.

നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ വാർത്തയിൽ മലയാളത്തിൽ ഏഷ്യാനെറ്റിന് പുറമെ മംഗളവും ഇതേ ഫോട്ടോയാണ് വാർത്തക്കൊപ്പം ചേർത്തിരിക്കുന്നത്.

ചാനലിന്റെ നടപടിക്കെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരിക്കുന്നത്. കരുതിക്കൂട്ടിയുള്ള വർഗീയ ദ്രുവീകരണമാണ് ചാനൽ ലക്‌ഷ്യം വെക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.

വിമർശനം വ്യാപകമായപ്പോൾ ചാനൽ ഫോട്ടോ മാറ്റി ഇപ്പോൾ പ്രതീകാത്മകമായ ഒരു വിവാഹ ഫോട്ടോയാണ് വാർത്തക്കൊപ്പം ചേർത്തിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa