Friday, September 20, 2024
Saudi ArabiaTop Stories

റി എൻട്രി വിസ എക്സ്പയർ ആയ ശേഷം പുതിയ വിസയിൽ വീണ്ടും സൗദിയിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

സൗദിയിൽ നിന്ന് അവധിക്ക് റി എൻട്രി വിസയിൽ നാട്ടിലെത്തി നിശ്ചിത വിസാ കാലാവധിക്കുള്ളിൽ മടങ്ങാതിരിക്കുന്ന നിരവധി പ്രവാസി സുഹൃത്തുക്കൾ ഉണ്ട്.

പല വിധ കാരണങ്ങൾ കൊണ്ട് റി എൻ ട്രി വിസാ കാലാവധിക്കുള്ളിൽ മടങ്ങാൻ സാധിക്കാത്ത ഇവരിൽ പലരും വിസ എക്പയർ ആയ ശേഷം കുറച്ച് കഴിഞ്ഞ് പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ നടത്താറുള്ളതും പതിവ് കാഴ്ചയാണ്.

ഈ സാഹചര്യത്തിൽ ഇത്തരം വിഭാഗത്തിൽ പെടുന്ന പ്രവാസികൾ വിവിധ സംശയങ്ങളുമായി അറേബ്യൻ മലയാളിയെ നിരന്തരമായി ബന്ധപ്പെടാറുണ്ട്. ഇവർ  നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ താഴെ പരാമർശിക്കുന്നു.

1.സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ പുറത്ത് പോയ ഒരു വിദേശിയുടെ വിസ കാലാവധി കഴിഞ്ഞാൽ പിന്നീട് മറ്റൊരു സ്പോൺസറുടെ പുതിയ വിസയിൽ സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ 3 വർഷം കഴിയണം. റി എൻട്രി വിസാ കാലാവധിയുടെ എക്സ്പയർ ഡേറ്റ് മുതൽ ആണ് 3 വർഷ വിലക്ക് പരിഗണിക്കുക എന്നാണ് ജവാസാത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ അറിയിക്കാറുള്ളത്.

2.എന്നാൽ പഴ സ്പോൺസറുടെ അടുത്തേക്ക് തന്നെയാണു പുതിയ വിസയിൽ മടങ്ങുന്നതെങ്കിൽ ഈ 3 വർഷ വിലക്ക് ബാധകമാകില്ല. ഏത് സമയവും സൗദിയിലേക്ക് മടങ്ങാം. ഫാമിലി വിസയിലുണ്ടായിരുന്നവർക്കും ഈ 3 വർഷ വിലക്ക് ബാധകമാകില്ല.

3.കൊറോണ സമയത്ത് സൗദി സർക്കാർ ഓട്ടോമാറ്റിക്കായി പുതുക്കിയ റി എൻട്രി വിസാ കാലാവധിയുടെയും സ്പോൺസർ മുഖേന പണം കൊടുത്ത് പുതുക്കിയ റി എൻട്രി വിസാ കാലാവധിയുടെയുമെല്ലാം എക്സ്പയറി ഡേറ്റ് കഴിഞ്ഞ് 3 വർഷം കഴിഞ്ഞ ശേഷം മാത്രം മറ്റൊരു സ്പോൺസറുടെ പുതിയ വിസയിൽ സൗദിയിലേക്ക് വരാൻ ശ്രമിച്ചാൽ മതി. പലരും ഇത് ശ്രദ്ധിക്കാതെ വന്ന് സൗദി എയർപോർട്ടിൽ നിന്ന് മടക്കപ്പെട്ടിട്ടുണ്ട് എന്നത് മറക്കാതിരിക്കുക.

4.നമ്മുടെ റി എൻട്രി വിസാ കാലാവധിയുടെ എക്സ്പയറി ഡേറ്റ് കൃത്യമായി അറിയാൻ https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴി പരിശോധിക്കാൻ സാധിക്കും.

5.ഇനി, ഏതെങ്കിലും സാഹചര്യത്തിൽ മൂന്ന് വർഷ വിലക്ക് പൂർത്തിയാകും മുംബ് തന്നെ സൗദിയിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ സൗദി എയർപോർട്ടിൽ ഇറങ്ങുന്ന സമയം പഴ സ്പോൺസറോടും പുതിയ സ്പോൺസറോടും എയർപോർട്ടിൽ ഹാജരാകാൻ നേരത്തെ ചട്ടം കെട്ടുന്നത് നന്നാകും. രണ്ട് സ്പോൺസർമാരും ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിച്ചാൽ (പഴയ സ്പോൺസർ തനിക്ക് പ്രശ്നമില്ലെന്ന് അറിയിക്കൽ) ഒരു പക്ഷേ പുറത്തിറങ്ങാൻ അവസരം ലഭിച്ചേക്കും. എന്നാൽ ഇത് ഒരു സാധ്യത മാത്രമാണെന്ന് ഓർക്കുക. ഒരിക്കലും ഫലം തീർച്ച പറയാൻ സാധിക്കില്ല.

അവധിക്ക് വന്ന് നിശ്ചിത വിസാ കാലാവധിക്കുള്ളിൽ മടങ്ങാത്ത സൗദി പ്രവാസികൾ പുതിയ വിസയിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മേൽ പരാമർശിച്ച അഞ്ച് കാര്യങ്ങൾ പരിഗണിക്കുന്നത് ഉപകാരപ്പെട്ടും.
✍️ ജിഹാദുദ്ദീൻ അരീക്കാടൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്