നിരവധി ആനുകൂല്യങ്ങളുമായി സൗദിയിൽ ഫെബ്രുവരി 1 മുതൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ
2024 ഫെബ്രുവരി 1 മുതൽ സൗദി അറേബ്യയിലേക്ക് ആദ്യമായി വരുന്ന പുതിയ വീട്ടുജോലിക്കാർക്കായി ഇൻഷുറൻസ് സേവനം പ്രാബല്യത്തിൽ വരുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികളുമായുള്ള കരാർ ആരംഭിച്ച് ആദ്യത്തെ രണ്ട് വർഷത്തേക്ക് ആയിരിക്കും ഇൻഷുറൻസ് ബാധകമായിരിക്കുക. അതിന് ശേഷം തൊഴിലുടമകൾക്ക് ഇൻഷുറൻസ് പരിരക്ഷ നീട്ടുകയോ റദ്ദാക്കുകയോ ചെയ്യാം.
ഗാർഹിക തൊഴിലാളികൾ ജോലി ആരംഭിക്കുന്ന ദിവസം മുതൽ വിവിധ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം പ്രയോജനപ്പെടുത്താൻ തൊഴിലുടമയെയും തൊഴിലാളിയെയും അനുവദിക്കുന്നതാണ് പുതിയ സേവനം.
തൊഴിലാളി മരണപ്പെടുകയോ, അല്ലെങ്കിൽ വൈകല്യം സംഭവിക്കുകയോ, ഒളിച്ചോടുകയോ, വിട്ടുമാറാത്ത രോഗം പിടികൂടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ തൊഴിലുടമക്ക് റിക്രൂട്മെന്റ് ചിലവുകൾക്കുള്ള നഷ്ടപരിഹാരം ലഭിക്കും.
തൊഴിലാളി മരിച്ചാൽ മൃതദേഹം, വ്യക്തിഗത വസ്തുക്കൾ, മറ്റ് സ്വത്തുക്കൾ എന്നിവ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതിനും തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകും.
അപകടം മൂലം സ്ഥിരമായ പൂർണ്ണ വൈകല്യമോ, ഭാഗിക വൈകല്യമോ ഉണ്ടായാൽ തൊഴിലാളിക്കുള്ള നഷ്ടപരിഹാരം പോലുള്ള ഗാർഹിക തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇൻഷുറൻസ് സേവനം ഉറപ്പുനൽകുന്നു.
തൊഴിലുടമയുടെ മരണം, സ്ഥിരമായ സമ്പൂർണ വൈകല്യം അല്ലെങ്കിൽ സ്ഥിരമായ ഭാഗിക വൈകല്യം എന്നിവയുടെ ഫലമായി ശമ്പളവും സാമ്പത്തിക കുടിശ്ശികയും നൽകാൻ തൊഴിലുടമയ്ക്ക് കഴിയാത്ത സന്ദർഭങ്ങളിലും തൊഴിലാളിയുടെ അവകാശം സേവനം ഉറപ്പു നൽകുന്നു.
രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ വേതനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം മുമ്പ് ഗാർഹിക തൊഴിലാളികൾക്കുള്ള വേതന സംരക്ഷണ പരിപാടി ആരംഭിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa