Saturday, November 23, 2024
Saudi ArabiaTop Stories

ബന്ധം കൂടുതൽ ദൃഢമാകും; സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി.

പരസ്പര പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരുംചർച്ച ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും അവർ അവലോകനം ചെയ്തു.

ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ളതും തത്വാധിഷ്‌ഠിതവുമായ നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി, ദുരിതബാധിതരായ ജനങ്ങൾക്കു മാനുഷികസഹായം തുടരാൻ ആഹ്വാനം ചെയ്തു.

പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് നേതാക്കൾ അഭിപ്രായങ്ങൾ പങ്കിട്ടു. ഭീകരവാദം, അക്രമം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ നേതാക്കൾ അഗാധമായ ആശങ്കകൾ പങ്കുവച്ചു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി.

2023 സെപ്റ്റംബറിൽ കിരീടാവകാശി നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ തുടർച്ചയായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾ ഇരു നേതാക്കളും ചർച്ചയിൽ അവലോകനം ചെയ്തു.

രണ്ടു രാജ്യങ്ങളുടെയും, ജനതയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കാനുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു.

എക്സ്‌പോ 2030, ഫിഫ ഫുട്‌ബോൾ ലോകകപ്പ് 2034 എന്നിവയുടെ ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു.

ഊർജ മേഖലാ സഹകരണത്തിന് ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കഴിഞ്ഞ ആഴ്ച അംഗീകരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa