സൗദിയിൽ ഈ വരുന്ന ഫെബ്രുവരി 22 ന് ജോലി ചെയ്യേണ്ടി വരുന്ന ഒരു തൊഴിലാളിക്ക് എപ്രകാരമാണ് വേതനം നൽകേണ്ടത് ? ഉദാഹരണ സഹിതം വിശദമായി അറിയാം
സൗദി സ്ഥാപക ദിനമായ ആയ ഫെബ്രുവരി 22 വ്യാഴാഴ്ച എല്ലാ തൊഴിലാളികൾക്കും ജീവനക്കാർക്കും പൊതു അവധിയാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം പൊതു അവധി ദിനങ്ങളിലും മറ്റു അവധി ദിനങ്ങളിലുമെല്ലാം ചില പ്രത്യേക തൊഴിൽ സാഹചര്യങ്ങൾ കാരണം ജോലി ചെയ്യാൻ നിർബന്ധിതരാകേണ്ടി വരുന്ന നിരവധി തൊഴിലാളികൾ ഉണ്ട് എന്നതും ഒരു വസ്തുതയാണ്.
എന്നാൽ ഇത്തരത്തിൽ അവധി ദിനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് ഓവർടൈം വേതനം നൽകൽ തൊഴിലുടമക്ക് മേൽ നിർബന്ധമാണ്. ഓവർടൈം മണി എപ്രകാരമാണ് നൽകേണ്ടത് എന്നത് സംബന്ധിച്ച് സംശയം ഉന്നയിച്ച് പലരും അറേബ്യൻ മലയാളിയുമായി ബന്ധപ്പെടാറുണ്ട്. അത് സംബന്ധിച്ച് കൂടുതൽകാര്യങ്ങൾ താഴെ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
സൗദി ദേശീയ ദിനം, സ്ഥാപക ദിനം, പെരുന്നാളുകൾ, മറ്റു പൊതു അവധി ദിനങ്ങൾ എന്നിവയിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് ഓരോ മണിക്കൂറും ഓവർ ടൈം ആയാണ് കണക്കാക്കപ്പെടുക.
അത് കൊണ്ട് തന്നെ ഫുൾ സാലറിയെയും ബേസിക് സാലറിയുടെ പകുതി തുകയേയും ഓരോ മണിക്കൂറിലേക്കും എന്ന തോതിൽ ഹരിച്ച് ലഭിക്കുന്ന തുക കൂട്ടുന്നതാണ് മണിക്കൂർ അടിസ്ഥാനത്തിൽ തൊഴിലാളിക്ക് വേതനമായി നൽകേണ്ടത്.
ഉദാഹരണത്തിനു ഒരു തൊഴിലാളിയുടെ ഫുൾ സാലറി 4000 റിയാൽ ആണെങ്കിൽ 4000÷30÷8=(16.66) റിയാൽ ആയിരിക്കും അയാളുടെ ഒരു മണിക്കൂർ വേതനം. ഇനി കരാർ പ്രകാരമുള്ള അയാളുടെ ബേസിക് സാലറി 2000 റിയാൽ ആണെങ്കിൽ 2000÷2÷30÷8=(4.16) റിയാൽ ആയിരിക്കും അയാളുടെ ഒരു മണിക്കൂർ ബേസിക് സാലറി ഓവർടൈം മണി. ചുരുക്കത്തിൽ അയാൾക്ക് ഓരോ മണിക്കൂറിനും 16.66+4.16 = (20.82) റിയാൽ എന്ന തോതിൽ അവധി ദിനത്തിൽ ജോലി ചെയ്താൽ വേതനം ലഭിക്കണം എന്ന് സാരം.
ഈ അധിക തുക അവധി ദിനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശമാണെന്നോർക്കുക.
ഇത്തരത്തിൽ അവധി ദിനങ്ങളിൽ ഓവർടൈം ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ അത് തൊഴിലാളിയെ രേഖാമൂലം അറിയിച്ചിരിക്കണമെന്നതും തൊഴിൽ നിയമത്തിലെ വ്യവസ്ഥയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa