ഫെബ്രുവരി 22 ന് സൗദിയിൽ എല്ലാ മേഖലകൾക്കും അവധി
റിയാദ്: സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22 – വ്യാഴാഴ്ച – എല്ലാ പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്കും ഔദ്യോഗിക അവധിയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
രണ്ട് പെരുന്നാൾ അവധികൾ, സൗദി ദേശീയ ദിനം, സൗദി സ്ഥാപക ദിനം എന്നീ പൊതു അവധി ദിനങ്ങളിലും തൊഴിൽ കരാർ പ്രകാരം നിർദ്ദേശിക്കപ്പെട്ടത് അല്ലാതെയുള്ള സമയങ്ങളിലും ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന തൊഴിലാളികൾക്ക് ഓവർടൈം മണിക്ക് അർഹതയുണ്ട്.
ഓവർടൈം മണി നൽകാതെ അവധി ദിനത്തിൽ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമക്ക് ഓരോ തൊഴിലാളിക്കും 5000 റിയാൽ എന്ന തോതിൽ ആണ് പിഴ ചുമത്തുക.
സൗദി തൊഴിൽ നിയമ പ്രകാരം ഓവർ ടൈം മണി നൽകുന്നതിനു വ്യക്തമായ മാർഗ രേഖയുണ്ട്. ഓവർ ടൈം മണിക്കൂറിനനുസരിച്ചാണു ഓവർ ടൈം മണി കണക്കാക്കുന്നത്. വിശദമായി താഴെ വിവരിക്കുന്നു.
ഒരു തൊഴിലാളിയുടെ ഫുൾ സാലറിയെ 30 ദിവസം കൊണ്ട് ഹരിക്കുംബോൾ ലഭിക്കുന്ന തുകയെ ഒരു ദിവസത്തെ തൊഴിൽ സമയമായ 8 മണിക്കൂർ കൊണ്ട് ഹരിച്ചതാണു അയാളുടെ ഒരു മണിക്കൂർ വേതനം. ഈ ഒരു മണിക്കൂർ വേതനവും അയാളുടെ ബേസിക് സാലറിയെ ഒരു മണിക്കൂർ അടിസ്ഥാനത്തിൽ കണക്കാക്കുംബോൾ ലഭിക്കുന്ന തുകയുടെ പകുതിയും ചേർത്താണ് ഒരു തൊഴിലാളിക്ക് ഓരോ മണിക്കൂറിനും ഓവർ ടൈം നൽകേണ്ടത്.
ഉദാഹരണമായി ഒരാളുടെ മാസ ഫുൾ ശമ്പളം 3000 റിയാൽ ആണെന്ന് കരൂതുക. അയാളുടെ പ്രതിദിന വരുമാനം 30 ദിവസം കൊണ്ട് ഹരിച്ചാൽ 100 റിയാൽ എന്ന് കിട്ടും. അയാളുടെ ഒരു മണിക്കൂർ വേതനം 100/8= 12.5 റിയാൽ ആണ്. ഇനി അയാളുടെ എഗ്രിമെന്റ് പ്രകാരമുള്ള ബേസിക് സാലറി 2400 റിയാൽ ആണെന്നും കരുതുക. അതിനെ 30 ദിവസം കൊണ്ട് ഹരിച്ചാൽ 80 റിയാൽ ആയിരിക്കും പ്രതിദിന വേതനം. അയാളുടെ ഒരു മണിക്കൂർ ബേസിക് വേതനം 80/8= 10 റിയാൽ ആയിരിക്കും.
ഇനി അയാളുടെ ഓവർ ടൈം മണി കാണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അയാൾ 8 മണിക്കൂർ ആണ് ഓവർ ടൈം ഡ്യൂട്ടി എടുത്തത് എന്ന് കരുതുക. ഫുൾടൈം സാലറിയുടെ ഒരു മണിക്കൂർ അടിസ്ഥാനത്തിലുള്ള തുകയായ 12.5 റിയാലും ബേസിക് സാലറിയുടെ ഒരു മണിക്കൂർ അടിസ്ഥാനത്തിലുള്ള തുകയായ 10 റിയാലിന്റെ പകുതി തുകയായ 5 റിയാലും ആണു ഒരു മണിക്കൂറിനു അയാൾക്ക് തൊഴിലുടമ നൽകേണ്ടത്. അപ്പോൾ 8 മണിക്കൂറിനു 8 × [12.5+(10×50%)] = 140 റിയാൽ അയാൾക്ക് തൊഴിലുടമ വേതനം നൽകണം എന്നർഥം.
1727 ൽ മുഹമ്മദ് ബിൻ സൗദ് തൻ്റെ പിതാവ് സൗദ് അൽ മുഖ് രിൻ്റെ വിയോഗത്തെത്തുടർന്ന് ദിരിയയുടെ അമീറായി അവരോധിക്കപ്പെട്ടതിൻ്റെ സ്മരണയ്ക്കാണ് ഫെബ്രുവരി 22 നു സൗദി സ്ഥാപക ദിനമായി ആഘോഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa