സൗദിയിലേക്ക് മൂന്ന് വർഷ പ്രവേശന വിലക്കുണ്ടായിരുന്നവർ പുതിയ വിസയിൽ പോകൽ ആരംഭിച്ചോ ? വിശദമായി അറിയാം
റി എൻട്രി വിസയിൽ സൗദിയിൽ നിന്ന് നാട്ടിലേക്ക് വരികയും വിസ കാലാവധിക്കുള്ളിൽ സൗദിയിലേക്ക് തന്നെ തിരികെ പോകാതിരിക്കുകയും ചെയ്തവർക്ക് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കിയത് ആയിരക്കണക്കിനു സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.
മൂന്ന് വർഷ പ്രവേശന വിലക്ക് നില നിൽക്കുന്നതിനാൽ തിരികെ പോകാൻ കഴിയാതെ നിരവധിയാളുകൾ വിലക്ക് മൂലം പലവിധ നഷ്ടങ്ങളും നേരിടേണ്ടി വരികയും ചെയ്തിരുന്നു എന്നതും ഒരു വസ്തുതയാണ്.
എന്നാൽ മൂന്ന് വർഷ പ്രവേശന വിലക്ക് ഒഴിവാക്കിയ ശേഷം, മൂന്ന് വർഷം തികയാതെ ആരെങ്കിലും പുതിയ വിസയിൽ സൗദിയിലേക്ക് പോയിട്ടുണ്ടോ എന്ന് പല പ്രവാസി സുഹൃത്തുക്കളും അറേബ്യൻ മലയാളിയോട് സംശയം ഉന്നയിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് നടന്ന അന്വേഷണത്തിൽ, മൂന്ന് വർഷ പ്രവേശന വിലക്ക് ഒഴിവാക്കിയ ജവാസാത്ത് തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ തന്നെ അറേബ്യൻ മലയാളിയെ അറിയിച്ചു.
സൗദിയിൽ നിന്ന് റി എൻട്രിയിൽ വന്ന് വിസാ കാലാവധി കഴിഞ്ഞ് മൂന്ന് മാസം മാത്രം പിന്നിട്ട ഒരു മലയാളി തങ്ങളുടെ സ്ഥാപനം വഴി പുതിയ തൊഴിൽ വിസയിൽ സൗദിയിലേക്ക് പ്രവേശിച്ചതായും യാതൊരു പ്രശ്നവും നേരിട്ടിട്ടില്ലെന്നും കോട്ടക്കൽ ”ഗോ ഖൈർ” ട്രാവൽസ് എം ഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിക്കുന്നു.
അതോടൊപ്പം, റി എൻട്രിയിൽ വന്ന് മൂന്ന് വര്ഷം തികയും മുമ്പേ പുതിയ വിസയിൽ വന്ന മലയാളികളെ നേരിട്ട് കണ്ടതായും സംസാരിച്ചതായും ജിദ്ദയിലെ ഒരു മലയാളി മാധ്യമ പ്രവർത്തകനും അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.
ചുരുക്കത്തിൽ മൂന്ന് വർഷ പ്രവേശന വിലക്ക് ബാധകമായിരുന്ന, റി എൻട്രിയിൽ വന്ന് വിസ എക്സ്പയർ ആയ നിരവധി പ്രവാസികൾ മൂന്ന് വർഷം തികയും മുമ്പേ സൗദിയിലേക്ക് പുതിയ വിസയിൽ പ്രവേശിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മേൽ അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ✍ജിഹാദുദ്ദീൻ അരീക്കാടൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa